ജീവിതം പൂർണ്ണമായും ദൈവത്തിനു സമർപ്പിച്ച ഒരു അമ്മയുടെയും മകന്റെയും കഥ

ഫാ. ജോനാസ് മഗ്നോ ഡി ഒലിവെയ്‌റ എന്ന ബ്രസീലിയൻ വൈദികനും അദ്ദേഹത്തിന്റെ അമ്മയ്ക്കും ലഭിച്ച ദൈവവിളിയുടെ കഥയാണിത്. തന്റെ എട്ടു വയസ്സു മുതൽ ദൈവത്തിന്റെ വിളി ജോനാസ് തിരിച്ചറിഞ്ഞിരുന്നു. ദിവസവും ദിവ്യബലിയിൽ സംബന്ധിച്ചിരുന്ന ജോനാസിന് വളർന്നപ്പോൾ ഒരു വൈദികനാകുക എന്ന ആഗ്രഹം ഉണ്ടായി. എന്നാൽ തന്റെ അമ്മയെ ഒറ്റയ്ക്കാക്കി സെമിനാരിയിൽ പ്രവേശിക്കുക എന്നത് അദ്ദേഹത്തിന് വലിയ വിഷമം ഉണ്ടാക്കുന്നതായിരുന്നു. എങ്കിലും ദൈവത്തിന്റെ വിളിയിൽ ജോനാസിന് സെമിനാരിയിൽ പ്രവേശിക്കാതിരിക്കുവാനും കഴിഞ്ഞില്ല.

അങ്ങനെ തന്റെ അമ്മയോട് അനുവാദം ചോദിച്ചു. ഇടവക വൈദികനാകുവാനുള്ള തന്റെ വിളിയെക്കുറിച്ച് അമ്മയോട് സംസാരിച്ചു. “അമ്മ എന്നത്തേയും പോലെ അന്നും നിശ്ശബ്ദയായിരുന്നു. ഒരു പുരോഹിതനാകുവാനുള്ള എന്റെ വിളിയെ അവർ ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ല. എന്നാൽ അമ്മ എന്നെ നല്ല ഗുണങ്ങളെക്കുറിച്ച് ഹൃദയവിശുദ്ധിയെക്കുറിച്ചും പഠിപ്പിക്കുകയായിരുന്നു. അവർ എക്കാലവും എന്നെ നന്നായി പഠിപ്പിച്ചിരുന്നു. അതിനാൽ തന്നെ നിശ്ശബ്ദയായിരുന്നു കൊണ്ട് ദൈവപുത്രനെ പഠിപ്പിച്ച പരിശുദ്ധ അമ്മ തന്നെയായിരുന്നു എന്റെ അമ്മയുടെയും റോൾ മോഡൽ. നിശ്ശബ്ദയായിരുന്നുകൊണ്ട് പരിശുദ്ധ അമ്മ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഈശോ ചെയ്തു. അതുപോലെതന്നെയാണ് എന്റെ അമ്മയും.” – ഫാ. ജോനാസ് പറയുന്നു.

അങ്ങനെ ഒരു വൈദികാർത്ഥിയായി ജോനാസ് സെമിനാരിയിൽ പ്രവേശിച്ചു. എന്നാൽ അമ്മയെ എകയാക്കിയതിനാൽ ജോനാസിന് അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. അവിടെയും ദൈവം ഇടപെട്ടു. ഒരു നേഴ്സ് ആയിരുന്നതിനാൽ സെർവന്റ്സ് ഓഫ് ലോർഡ് സമർപ്പിത സഭയിലെ സിസ്റ്റേഴ്സ് അവരുടെ ആശുപത്രിയിൽ സേവനം ചെയ്യന്നതിനും അവരോടൊപ്പം താമസിക്കുന്നതിനുമായി അമ്മയെ ക്ഷണിച്ചു. തന്റെ മകന്റെ ദൈവവിളിയോട് ചേർന്നുകൊണ്ട് ദൈവത്തിനു വേണ്ടി ശുശ്രൂഷ ചെയ്യുവാനുള്ള ആ വിളിയെ അമ്മ സന്തോഷപൂർവ്വം സ്വീകരിച്ചു. പിന്നീട് ശുശ്രൂഷ ചെയ്യുന്നതിനിടയിൽ അമ്മയ്ക്ക് ക്രിസ്തുവിന്റെ മണവാട്ടിയാകുവാനുള്ള വിളി ലഭിച്ചു. അങ്ങനെ ഇപ്പോൾ സമർപ്പിത ജീവിതം നയിച്ചുകൊണ്ട് പ്രാർത്ഥനയിലും സേവനത്തിലുമാണ് ജോനാസിന്റെ അമ്മ.

2020 മെയ് എട്ടിന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. “ഒരു വൈദികനായിരുന്നുകൊണ്ട് മറ്റുള്ളവരെ സഹായിക്കുവാനും അവർക്കുവേണ്ടി പ്രവർത്തിക്കുവാനും ഒരുപാട് സന്തോഷമുണ്ട്. അതുപോലെ തന്നെ ഞാനും അമ്മയും ഇപ്പോൾ ഒരേ പാതയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങൾ രണ്ടുപേരും ദൈവത്തിന്റെ വിളിക്കു ഒരേ ഉത്തരം നൽകിയതിൽ വളരെയധികം അഭിമാനിക്കുന്നു. ഇത് ദൈവം നൽകിയ വലിയൊരു സമ്മാനമാണ്” – ഫാ. ജോനാസ് പറയുന്നു.

“എല്ലാവരോടും ദൈവ വിളിയെക്കുറിച്ച് പറയുമ്പോൾ മാതാപിതാക്കൾ സമ്മതിക്കില്ല എന്നാണ് മറുപടി പറയുന്നത്. എന്നാൽ എന്റെ കാര്യത്തിൽ നേരെ തിരിച്ചാണ്. എന്റെ അമ്മ എന്റെ കൂടെ നിന്നു എന്ന് മാത്രമല്ല അമ്മയും ഇപ്പോൾ ഞാൻ സ്വീകരിച്ച അതേ വിളി സ്വീകരിച്ചിരിക്കുകയാണ്. ഇതിനായി ദൈവത്തോട് എന്നും നന്ദി പറയുന്നു” – ഫാ. ജോനാസ് കൂട്ടിച്ചേർത്തു.

സുനിഷ നടവയൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.