ക്രൈസ്തവസന്യാസം : സന്യാസജീവിതം ആധുനികലോകത്തില്‍

അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം, സിസ്റ്റേഴ്സ് അടിച്ചമര്‍ത്തപ്പെട്ടവരാണെന്നും അവര്‍ അറവുമാടുകളെപ്പോലെ മിനിമം വേതനത്തിന് ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും അവരുടെ പണം രൂപതകള്‍-സഭ എടുക്കുന്നു എന്നുമൊക്കെയാണ്. എന്നാല്‍, ഇതിന് ബദലായി ഉയര്‍ന്നുവന്ന മറ്റൊരു വാദം ഇവരാരും ക്രിയാത്മകമായി ഒരു ജോലിയും ചെയ്യുന്നില്ല മറിച്ച്, മറ്റുള്ളവരുടെ ദാനം കൊണ്ട് ജീവിക്കുന്ന രാഷ്ട്രത്തിനും സമൂഹത്തിനും ഉപയോഗമില്ലാത്ത കൂട്ടരാണെന്നുമായിരുന്നു. ആദ്യത്തെ വാദം ഉന്നയിച്ചവര്‍ സമര്‍പ്പിതരെ സഹായിക്കാനെന്ന വ്യാജേന സന്യാസത്തെക്കുറിച്ചും അതുവഴി സഭയെക്കുറിച്ചും അപവാദപ്രചരണങ്ങള്‍ നടത്തുമ്പോള്‍, രണ്ടാമത്തെ കൂട്ടര്‍ വ്യക്തമായ സഭാവിരുദ്ധത പുലര്‍ത്തുന്നവരാണ്. രണ്ട് കൂട്ടരുടെയും ലക്ഷ്യം ഒന്നു തന്നെ. എവിടെയാണ് ഇപ്രകാരമുള്ള സന്യാസവിരുദ്ധവും സഭാവിരുദ്ധവുമായ ആശയങ്ങളുടെ ഉത്ഭവമെന്ന് പരിശോധിക്കാം. ആധുനിക കാലത്തെ ഈ വാദഗതികളുടെ ഉത്ഭവം ഫ്രഞ്ച് വിപ്ലവകാലത്തെ ചിന്താഗതികളാണെന്ന് കാണാം.

സന്യാസം കത്തോലിക്കാ നവീകരണകാലത്ത്

പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം യൂറോപ്പിലെ സഭ രണ്ടായി പിരിഞ്ഞു. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തെ പ്രതിരോധിക്കാന്‍ മുന്നിട്ടുവന്നത് പ്രധാനമായും സന്യാസ സമൂഹങ്ങളായിരുന്നു. ഇതിനര്‍ത്ഥം, ഇടവകയിലും രൂപതകളിലുമുണ്ടായിരുന്ന വൈദികര്‍ നിസംഗരായിരുന്നുവെന്നല്ല. അവര്‍ തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിരുന്ന അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോള്‍, സന്യാസവൈദികര്‍ ശീശ്മയില്‍പ്പെട്ട മേഖലകളിലും മിഷന്‍ പ്രദേശങ്ങളിലേയ്ക്കും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. അക്കാലത്തെ കത്തോലിക്കാ നവീകരണത്തിന് സഹായിച്ച പ്രധാന സന്യാസ സമൂഹങ്ങള്‍ താഴെക്കൊടുക്കുന്നു.

വി. ഫിലിപ്പ് നേരി സ്ഥാപിച്ച ഓറട്ടോറിയന്‍സ്, രോഗികളുടെ സഹായത്തിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനുമായി ആഞ്ചെല മെരിചി സ്ഥാപിച്ച ഊര്‍സുലൈന്‍ സമൂഹം, ജോണ്‍ ഓഫ് ഗോഡ് രോഗികളുടെ പരിചരണത്തിനായി സ്ഥാപിച്ച ഫാത്തേ ബേനെ ഫ്രത്തല്ലി, ലെല്ലിസിലെ കമില്ലസ് രോഗികള്‍ക്കും മരണാസന്നരുടെ പരിചരണത്തിനും വേണ്ടി സ്ഥാപിച്ച കമില്ലിയന്‍ സമൂഹം, വി.ജയിന്‍ ദെ ഷന്താള്‍ സ്ഥാപിച്ച വിസിറ്റേഷന്‍ സമൂഹം എന്നിവയാണ് അവയില്‍ പ്രധാനം. എന്നാല്‍, ആധുനിക കാലമെത്തിയപ്പോള്‍ സന്യാസ സമൂഹങ്ങളുടെ അസ്തിത്വത്തെ പിഴുതെറിയാനുള്ള ശ്രമങ്ങളുണ്ടായി. എന്നാല്‍, പൂര്‍വ്വാധികം ശക്തിയോടെ സമര്‍പ്പിത സമൂഹങ്ങള്‍ ശൂശ്രൂഷകളിലേയ്ക്ക് തിരിച്ചുവന്നു. ലോകത്തിലെ വിവിധ ക്രൈസ്തവ ഭക്താനുഷ്ഠാനങ്ങള്‍ വഴിയും ആരാധനാജീവിതം വഴിയും സഭാനവീകരണത്തിന് കാരണമായതിന് പിന്നിലും ഈ സമൂഹങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്.

ഫ്രഞ്ച് വിപ്ലവകാലത്തെ സന്യാസ വിരുദ്ധത

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മനോഹരമായ ആശയങ്ങളുമായി കടന്നുവന്ന ഫ്രഞ്ച് തത്വങ്ങള്‍ക്ക് നിരക്കാത്തത്ര ക്രൂരമായ അക്രമങ്ങളുടെ ചരിത്രം ആ രാജ്യത്തിലുണ്ടായി. രാജ്യത്തിന് വന്ന കടഭാരം സഭയും ഏറ്റെടുക്കണമെന്ന നിലപാടുണ്ടായിരുന്ന മെത്രാനായിരുന്നു റ്റെല്ലിറാന്‍ഡിലെ ചാള്‍സ് മൗറീസ്. എന്നാല്‍ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചവരുമുണ്ടായിരുന്നു. 1790 ഫെബ്രുവരി 13-ന് ഉപവി പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാത്ത എല്ലാ സന്യാസ സമൂഹങ്ങളും നിര്‍ത്തല്‍ ചെയ്യുന്നതായി പ്രഖ്യാപിക്കപ്പെട്ടു. പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി കഴിയുന്നവരും മറ്റും രാഷ്ട്രത്തിന് ഉപകാരമുള്ള ജോലി ചെയ്യുന്നവരല്ലാ എന്നതായിരുന്നു അതിന് കണ്ടുപിടിച്ച കാരണം.

അക്കാലത്ത് വിപ്ലവകാരികള്‍ വിലമതിച്ച ക്രിസ്ത്യന്‍ മിഷനറി വിന്‍സന്റ് ഡി പോള്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ശുശ്രൂഷകള്‍ ആളുകള്‍ക്ക് ആശ്വാസമായിരുന്നുവെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. രാജ്യത്ത് സഭയുടെ സ്വാധീനം ഇല്ലാതാക്കാന്‍ മതമില്ലാത്ത അവസ്ഥ സംജാതമാക്കാന്‍ വിപ്ലവകാരികള്‍ ശ്രമിച്ചു. അതിന് ഉപയോഗിക്കുന്ന വാക്ക് മതേതരത്വം എന്നാണെങ്കിലും ഇന്ത്യയിലെ മതേതരത്വവുമായി അതിന് യാതൊരു ബന്ധവുമില്ലെന്ന് ഓര്‍ക്കണം. ഇന്ത്യയിലെ മതേതരത്വം എന്നാല്‍ ഏതൊരു മതത്തിലും വിശ്വസിക്കാനുള്ള അവകാശമാണെങ്കില്‍ ഫ്രാന്‍സില്‍ ആരംഭിച്ചതും പിന്നീട് യൂറോപ്പ് മുഴുവന്‍ വ്യാപിച്ചതുമായി സെക്കുലറൈസേഷന്‍ എന്ന ചിന്താഗതിയുടെ അര്‍ത്ഥം മതനിരാസമാണ്-മതത്തെ ബഹിഷ്‌കരിക്കുക. ഈ ചിന്ത ഉടലെടുത്തത് ക്രൈസ്തവികതയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സഭയായിരുന്നു അവരുടെ മുഖ്യശത്രു. എന്നാല്‍, ബൈബിളിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച വോള്‍ട്ടയറുടെ വീട് ബൈബിള്‍ സൊസൈറ്റി വാങ്ങിയെന്നത് പിന്നീടുള്ള ചരിത്രം. പിന്നീട് അവിടെ നിന്ന് ബൈബിള്‍ അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തുവെന്നത് മറ്റൊരു വസ്തുത.

ദേശീയ നന്മ മുന്‍നിര്‍ത്തിയെന്ന പേരില്‍ പള്ളികളുടെയും സന്യാസ സഭകളുടെയും വസ്തുക്കള്‍ ഏറ്റെടുക്കുകയും അവ വില്‍ക്കുകയും ചെയ്യുവാന്‍ തുടങ്ങി. 1790 ജൂലൈ 12-ന് സിവില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ക്ലര്‍ജി (വൈദികരെ രാജ്യത്തിന്റെ ജോലിക്കാരാക്കാന്‍ ലക്ഷ്യം വച്ചുള്ള നയം) പ്രകാരം ഫ്രഞ്ച് രാജ്യത്തിന് മാത്രം വിധേയപ്പെട്ട ഒരു സഭ സൃഷ്ടിക്കാനുള്ള ശ്രമം ആരംഭിച്ചു. (ഇപ്പോള്‍ ചൈനീസ് സര്‍ക്കാര്‍ കത്തോലിക്കാസഭയെ നിരോധിച്ച് ബദലായി സ്ഥാപിച്ചിട്ടുള്ള ദേശീയ ചൈനീസ് സഭയോട് താരതമ്യപ്പെടുത്തിയതു പോലെ ഇതിനെ മനസ്സിലാക്കാവുന്നതാണ്). റോമുമായുള്ള എല്ലാ ബന്ധവും ഫ്രഞ്ച് സഭ ഉപേക്ഷിക്കണമെന്നതായിരുന്നു വിപ്ലവകാരികളുടെ ആവശ്യം.

സിവില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ക്ലര്‍ജിയില്‍ നിന്ന് അക്രൈസ്തവ വത്കരണത്തിലേയ്ക്ക്

സിവില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ നിയമത്തിലെ ചില നയങ്ങളെങ്കിലും ഇവിടെ പരിശോധിക്കുന്നത് നല്ലതാണ്. മെത്രാന്മാരെയും വൈദികരെയുമെല്ലാം ആ പട്ടണത്തിലെ/ഗ്രാമത്തിലെ ജനങ്ങളാണ് തെരെഞ്ഞെടുക്കേണ്ടത്. അവിടുത്തെ പൗരന്മാര്‍ അവര്‍ പ്രൊട്ടസ്റ്റന്റുകാരോ, യഹൂദന്മാരോ ഏത് മതക്കാരോ ആകട്ടെ, അവര്‍ക്കെല്ലാം മെത്രാന്മാരെ തെരെഞ്ഞെടുക്കാനുള്ള വോട്ടവകാശമുണ്ട്. അതിന് മാര്‍പാപ്പയുടെ അംഗീകാരം ആവശ്യമില്ല. മെത്രാന്മാരും വൈദികരുമെല്ലാം രാജ്യത്തിന്റെ വേലക്കാരാണ്. ഒരു പട്ടണത്തിലെ ആളുകളുടെ എണ്ണത്തിനനു സരിച്ച് രാജ്യം അവര്‍ക്ക് ശമ്പളം കൊടുക്കും. ആളുകളുടെ വിശ്വാസപരമായ കാര്യങ്ങളൊന്നും ചോദ്യം ചെയ്യാനോ തിരുത്തുവാനോ സാധ്യമല്ല. എല്ലാ വൈദികരും മെത്രാന്മാരും രാജ്യത്തിനു മാത്രം വിധേയപ്പെടുന്നുവെന്ന് പ്രതിജ്ഞയെടുക്കണമെന്ന് 1790 നവംബര്‍ 27-ന് വിപ്ലവ സര്‍ക്കാര്‍ കല്‍പ്പനയിറക്കി. മാര്‍പാപ്പയോടും റോമാ സിംഹാസത്തോടുമുള്ള വിധേയത്വമുപേക്ഷിച്ച് പ്രതിജ്ഞയെടുത്തവര്‍ രാജ്യത്തിന് പ്രിയങ്കരരായി. അവരെ പ്രബുദ്ധരെന്ന് സെക്കുലര്‍ ലോകം പ്രഖ്യാപിച്ചു. സഭയോടും സന്യാസ സംവിധാനങ്ങളോടുമുള്ള വിധേയത്വം അടിമത്വമായി ചിത്രീകരിക്കപ്പെട്ടു. ഇന്നും സഭയെ ഉപേക്ഷിക്കുന്ന വൈദികരും സന്യസ്തരും പൊതുസമൂഹത്തിന് പ്രബുദ്ധതയുടെ പ്രതീകമാണല്ലോ.

1791 ഏപ്രില്‍ 13-ന് പീയൂസ് 6-ാമന്‍ മാര്‍പാപ്പ സിവില്‍ കോണ്‍സ്റ്റിറ്റിയൂഷനെ അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. സഭയോടുള്ള ബന്ധം വിച്ഛേദിച്ച വൈദികരും മെത്രാന്മാരും അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളില്‍ സഹകരിക്കേണ്ടായെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിലെ ജനങ്ങളോട് നിര്‍ദേശിച്ചു. രാജ്യം സംഘര്‍ഷത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ സമൂഹത്തിന് ബൗദ്ധികപിന്തുണ നല്‍കിയിരുന്നവര്‍ രാജ്യം വിട്ടുതുടങ്ങി. 1791-ല്‍ രക്ഷപെടാന്‍ ശ്രമിച്ച ലൂയി 16-ാമനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിപ്ലവകാരികള്‍ പിടിച്ചുകൊണ്ടു വന്നു. പിന്നീട് വധിച്ചു കളഞ്ഞു.

സഭാ വിരുദ്ധ നടപടികള്‍

വിപ്ലവാത്മക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിപ്ലവനായകര്‍ ശ്രമിക്കുന്നതിനിടയില്‍, സഭാവിരുദ്ധത മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ അക്കാലത്തെ അനേകര്‍ ശ്രമിച്ചു. സന്യാസ സമൂഹങ്ങളിലെ ജീവിതങ്ങളില്‍ പലതും പരാജയമാണന്നും ലൈംഗീകവേഴ്ചകളും സന്യാസത്തിലെ കുറവുകളും പ്രമേയമാക്കിയുള്ള രചനകളും ഒക്കെയുണ്ടായി. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയെന്നത് പൗരന്റെ ദേശിയ ദൗത്യമാണെന്ന് (National duty to have children) പ്രചരിക്കപ്പെട്ടു. പ്രകൃതി മനുഷ്യന് നല്‍കിയിരിക്കുന്ന ചോദനയെ തടയുന്നവന്‍ തന്റെ കടമ നിര്‍വഹിക്കുന്നില്ലായെന്ന് അവര്‍ പ്രഖ്യാപിച്ചു (ബര്‍ണാവ് എന്ന പ്രൊട്ടസ്റ്റന്റുകാരന്‍).

1790 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച നിയമം മൂലം ഉപയോഗപ്രദമായ ജോലികള്‍ ചെയ്യാത്ത സന്യാസ സമൂഹങ്ങള്‍ക്കൊന്നും പുതുതായി അര്‍ത്ഥികളെ എടുക്കാനാവില്ലെന്ന് നിഷ്‌ക്കര്‍ഷിക്കപ്പെട്ടു. സന്യാസനിയമങ്ങ ളില്‍ നിന്ന് അംഗങ്ങള്‍ക്ക് വിടുതല്‍ നല്‍കുന്നതായി രാജ്യം പ്രഖ്യാപിച്ചു. സഭകള്‍ വിട്ട് വരുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണന്നും അറിയിപ്പ് നല്‍കി. എന്നിട്ടും പിടിച്ചു നിന്നവരെ ഏറ്റവും പരിമിത സൗകര്യങ്ങളുള്ള വീടുകളിലേയ്ക്ക് മാറ്റി അവരുടെ ജീവിതം ദുസ്സഹമാക്കുന്നതിനാണ് വിപ്ലവ സര്‍ക്കാര്‍ ശ്രമിച്ചത്. സന്യാസ സഭകള്‍ വിട്ടുവന്നവര്‍ കൂടുതല്‍ തീവ്രനിലപാടുകരായ വിപ്ലവകാരികളായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സഭ വിട്ടുവന്നവര്‍ക്ക് വീരപരിവേഷവും വിപ്ലവനായകസ്ഥാനവും സമൂഹത്തില്‍ ലഭിച്ചത് മറ്റൊരു കാരണമായിരുന്നു.

ചുരുക്കത്തില്‍

സഭാവിരുദ്ധതയ്ക്ക് വേരോട്ടമുള്ള മണ്ണായി ഫ്രഞ്ച് വിപ്ലവകാലത്ത് അക്കാലത്തെ സമൂഹം മാറി. വിപ്ലവ കാലത്ത് സമൂഹത്തിന് ബൗദ്ധികപിന്തുണ നല്‍കിയിരുന്ന അനേകര്‍ രാജകുടുംബത്തെ അറസ്റ്റ് ചെയ്തതോടെ രാജ്യം വിടുകയും വിപ്ലവത്തിന്റെ ചുക്കാന്‍ സഭാവിരുദ്ധരുടെ കൈകളിലേയക്ക് മാറിയതും മറ്റൊരു കാരണമായി. ഫ്രഞ്ച് സഭാസംവിധാനങ്ങള്‍ രാജ്യത്തോടു മാത്രം വിധേയത്വം പുലര്‍ത്തണമെന്നും മിശിഹായുടെ ശരീരമായ സഭയുടെ ദൃശ്യതലവനായ മാര്‍പാപ്പയോട് ബന്ധം പാടില്ലായെന്നുമായിരുന്നു അവരുടെ ഉദ്ദേശ്യം.

സഭയാകുന്ന ശരീരത്തിന്റെ കൂട്ടായ്മയില്‍ നിന്ന് പ്രാദേശിക ഘടകങ്ങളെയോ സമൂഹത്തെയോ അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്നത് സഭയെ ഒരു സംഘടനയായി കാണുന്നതു മൂലമാണ്. (ഇന്നും സഭാത്മക സമുദായത്തെ സഭയില്‍ നിന്ന് അടര്‍ത്തിമാറ്റി ഒരു സാമൂഹിക കൂട്ടായ്മ മാത്രമാക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യവും ഇതു തന്നെ). സഭയുടെ ശക്തിയായിരുന്ന സന്യാസ സമൂഹങ്ങളെ ഇല്ലാതാക്കുന്നതു വഴി പൗരോഹിത്യത്തെയും സന്യാസത്തെയും നിര്‍മാര്‍ജ്ജനം ചെയ്യാനും അവര്‍ ശ്രമിച്ചത് കേവലം ഭൗതികവും രാഷ്ട്രകേന്ദ്രീകൃതവുമായ ഒരു മതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. തത്ഫലമായി ആത്മാവില്ലാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കലായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍, പീഡനങ്ങളുടെ മധ്യേയും സഭ വളരുകയും വിശുദ്ധര്‍ പിറവിയെടുക്കുകയും ചെയ്തുവെന്നതായിരുന്നു ഇതിന്റെ മറുവശമെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ഡോ. മാത്യു കൊച്ചാദംപള്ളി

(തുടരും… ഫ്രഞ്ച് വിപ്ലവകാലത്തെ അതിജീവനം)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.