തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും മുൻ വികാരി ജനറാളുമായിരുന്ന മോൺ. ജോസഫ് കാക്കശ്ശേരി അന്തരിച്ചു

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും മുൻ വികാരി ജനറാളുമായിരുന്ന മോൺ. ജോസഫ് കാക്കശ്ശേരി അന്തരിച്ചു. 93 വയസായിരുന്നു. ജൂലൈ 20 -ന് പുലർച്ചെ ഒരു മണിക്കാണ് അന്ത്യം. മൃതസംസ്കാര ശുശൂഷകൾ ജൂലൈ 21 ബുധനാഴ്ച രാവിലെ പത്തു മണിക്ക് ആളൂർ (മറ്റം) പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.

ആളൂർ (മറ്റം) കാക്കശ്ശേരി പരേതരായ തോമസ് – കുഞ്ഞായി ദമ്പതികളുടെ മകനായി 1928 നവംബർ ഇരുപത്തിരണ്ടിന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, റോമിലെ പ്രൊപ്പഗാന്ത ഫീദെ സെമിനാരി എവിടങ്ങളിലെ വൈദികപരിശീലനത്തിനു ശേഷം 1955 ഡിസംബർ 21-ന് കർദ്ദിനാൾ ക്ലെമന്റ് മിക്കാരയിൽ നിന്ന് റോമിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. ‘ഒമനിയ ഒമനിബൂസ്’ (ജാതിമതഭേദമെന്യേ എല്ലാവർക്കും ക്രിസ്തുവിനെ സാക്ഷ്യം നൽകുക) എന്ന ആപ്തവാക്യവുമായി സെന്റ് മേരീസ് മൈനർ സെമിനാരിയിൽ വൈസ് റെക്ടറായി പൗരോഹിത്യശുശ്രൂഷ ആരംഭിച്ചു.

മോൺ. ജോസഫ് അവിട്ടത്തൂർ, പെരിഞ്ചേരി, പാലക്കൽ, തൃശൂർ ലൂർദ്ദ് കത്തിഡ്രൽ, തൃശൂർ വ്യാകുലമാതാവിന്റെ ബസിലിക്ക, ഒല്ലൂർ, പാവറട്ടി എന്നിവിടങ്ങളിൽ വികാരിയായും എം.എം.ബി., സി.എസ്.എം., എസ്.എസ്.ജെ. ഡബ്ളിയൂ എന്നീ സന്യാസ സമൂഹങ്ങളുടെയും അവിണിശ്ശേരി ബാലസദൻ, സോഷ്യൽ ആക്ഷൻ, സേവ് എ ഫാമിലി, സെന്റ് മേരീസ് ഓർഫനേജ്, െഎ. ടി. സി., ജൂബിലി മിഷൻ ആശുപത്രി, സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോം, പാവറട്ടി സാൻജോസ് ആശുപത്രി, ഏങ്ങണ്ടിയൂർ എം. െഎ. ആശുപത്രി എന്നിവയുടെയും ഡയറക്ടകറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

മതബോധനം, സി.എൽ.സി., പ്രൊപഗേഷൻ ഓഫ് ഫെയ്ത്, തിരുബാലസഖ്യം എന്നിവയുടെ അസി. ഡയറക്ടറായും ലേ ലീഡർഷ്പ്, ലീജിയൻ ഓഫ് മേരി എന്നിവയുടെ സ്പിരിച്ച്വൽ ഡയറക്ടറായും സേവനം ചെയ്തു. അതിരൂപത ആലോചനാസമിതി, വൈദികസമിതി, പാസ്റ്ററൽ കൗൺസിൽ, കൺസ്ട്രക്ഷൻ കമ്മറ്റി എന്നിവയിൽ അംഗമായിരുന്നു. അതിരൂപത കാര്യലയത്തിൽ വൈസ് ചാൻസലർ, അസി. പ്രൊക്യുറേറ്റർ, അഡ്മിനിസ്ട്രേറ്റർ, വികാരി ജനറാൾ എന്ന നിലകളിലും സെന്റ് തോമസ് കോളേജ് മാനേജർ ആയും ബഹു. അച്ചൻ തന്റെ സേവനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

2009 ഫെബ്രുവരി 5 മുതൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. പരേതരായ മാത്യു, ചേറു, സി. ഡെൽഫീന എഫ്സിസി, കുഞ്ഞായി, കുരിയൻ എന്നിവർ സഹോദരങ്ങളാണ്.

ഫാ. നൈസൺ ഏലന്താനത്ത്, തൃശൂർ അതിരൂപത പി.ആർ.ഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.