പ്രേഷിതാഭിമുഖ്യം മലങ്കര സുറിയാനി കത്തോലിക്കാസഭയില്‍ – 6

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

പ്രേഷിതാഭിമുഖ്യം മലങ്കര സുറിയാനി കത്തോലിക്കാസഭയില്‍ തുടര്‍ ലേഖനം അവസാന ഭാഗം

ഭാവി ചിന്തകള്‍
”ആഗോള സഭയില്‍ അതിവേഗം വളരുന്ന വ്യക്തിഗത സഭ”യെന്ന വി. ജോണ്‍ പോള്‍ 2-ാമന്‍ മാര്‍പാപ്പയുടെ നിരീക്ഷണം ആഗോള സഭയ്ക്കു മലങ്കരസഭയിലുള്ള പ്രതീക്ഷയുടെയും ഉത്തരവാദിത്വത്തിന്റെയും അടയാളമായിട്ടു വേണം മനസ്സിലാക്കാന്‍. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ”ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും” (മത്താ 5:13-16) ആയിത്തീരുന്നതിനും മുഴുവന്‍ മാവിനെയും പുളിപ്പിക്കുന്ന അല്പം പുളിപ്പ് ആകുന്നതിനും വേണ്ടിയാണ്.
1. സാക്ഷ്യമാകാനുള്ള വിളി: സുവിശേഷം ജീവിതസാക്ഷ്യത്തിലൂടെ നല്കാനും അതിനുതകുന്ന ജീവിതശൈലി വളര്‍ത്തിയെടുക്കാനുമുള്ള പരിശ്രമങ്ങള്‍ മലങ്കര കത്തോലിക്കാ സഭയില്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് ഭാരതത്തിന്റെ പരിതസ്ഥിതികളില്‍ ഇതു മാത്രമാണ് വിജയിക്കുന്നതെന്നു മനസിലാക്കി സുവിശേഷ സന്ദേശവാഹകരുടെ ജീവിതം സുവിശേഷത്തിനനുസൃതമായിരിക്കുവാനും വിശുദ്ധരുടെ ഗണമായി വിശ്വാസ സമൂഹത്തെ മാറ്റിയെടുക്കാനും മലങ്കര സഭ പരിശ്രമിക്കുന്നു.
2. സ്ഥാപനങ്ങളുടെ രൂപാന്തരീകരണം: സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആതുര സേവനമേഖലയും മലങ്കര കത്തോലിക്കാ സഭയ്ക്കുണ്ട്. ഇവയെല്ലാം വലിയ പരിവര്‍ത്തനത്തിനു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ക്രിസ്തീയ സാക്ഷ്യം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കേണ്ടത് എന്ന ബോധ്യത്തിലേയ്ക്കു ഇതുമായി ബന്ധപ്പെട്ടവരെയെല്ലാം സഭാ നേതൃത്വം കൊണ്ടുവരാന്‍ പരിശ്രമിക്കുന്നു.
3. സാംസ്‌കാരിക അനുരൂപണം: ഭാരതീയ സംസ്‌കാരത്തെ അറിഞ്ഞു, ഉള്‍കൊണ്ട് അതിനനുസൃതമായ ജീവിതരീതിയും, ആരാധനാരീതികളും നടപ്പിലാക്കാന്‍ മലങ്കര കത്തോലിക്കാ സഭ പരിശ്രമിക്കുന്നു. അതോടൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ബഹുമാനത്തോടെയും ആദരവോടെയും കാണാന്‍ ശ്രമിക്കുന്ന ഒരു നേതൃത്വശൈലി മലങ്കര കത്തോലിക്കാ സഭയില്‍ എക്കാലത്തും ഉണ്ടായിരുന്നു.
4. കുടുംബ പ്രാര്‍ത്ഥനയും ബൈബിള്‍ പാരായണവും: മാര്‍ത്തോമ്മാ പൈതൃകമായ കുടുംബ പ്രാര്‍ത്ഥനയും അടുത്ത കാലത്തെ നവീകരണത്തിന്റെ ഫലമായുണ്ടായ തിരുവചന പഠനവുമെല്ലാം മലങ്കര കത്തോലിക്കാ സഭയെ കൂടുതല്‍ ചൈതന്യവത്താക്കുന്നു. എല്ലാ ഭവനങ്ങളിലും കുറവുകൂടാതെ ഇവ നടപ്പാക്കുന്നുവെന്ന് ഇടവകതലത്തില്‍ ശ്രദ്ധിക്കുന്നതിനുള്ള കൂട്ടായ്മകളും പ്രവര്‍ത്തിക്കുന്നു.
5. സഭയുടെ ആരാധനയിലുള്ള സജീവ പങ്കാളിത്വം: സ്വര്‍ഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ദൈവാലയത്തിലെ ആരാധന ക്രൈസ്തവ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ശക്തി സ്രോതസ്സാണ്. ആരാധനയിലുള്ള പങ്കാളിത്വം ഉറപ്പു വരുത്തുന്നതിന് സഭാനേതൃത്വം നിരവധി പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു.
6. അല്‍മായ പ്രേഷിതത്വം: സുവിശേഷ പ്രവര്‍ത്തനത്തിന് ഇന്നും ഒരുപരിധിവരെ ഉറങ്ങിക്കിടക്കുന്ന ശക്തിയാണ് വിശ്വാസ സമൂഹം. മാര്‍ ഈവാനിയോസ് പിതാവ് മിഷന്‍ മേഖലയില്‍ ഉപദേശിമാരെ പരിശീലനം നല്‍കി നിയോഗിച്ചിരുന്നു. ”ലോകത്തില്‍ ജീവിക്കുന്ന അപ്പസ്‌തോലന്‍”മാരെന്ന നിലയില്‍ എല്ലാമേഖലയിലും സുവിശേഷ പ്രഘോഷകരാകാനുള്ള വിശ്വാസികളുടെ പരിശീലനം മലങ്കര കത്തോലിക്കാ സഭയില്‍ സജീവമായി നടത്തിവരുന്നു.
7. സഭാനേതൃത്വം: മലങ്കര കത്തോലിക്കാ സഭയില്‍ പുനരൈക്യകാലം മുതല്‍ തന്നെ ദൈവജനവും, പൊതുസമൂഹവുമായി അടുത്തു ഇടപഴകുന്ന നേതൃത്വത്തെയാണ് കാണാന്‍ സാധിക്കുക. ജനങ്ങളുടെ ആവശ്യങ്ങളില്‍ അവരോടൊത്തു പ്രവര്‍ത്തിക്കുകയും, ചിന്തിക്കുകയും ചെയ്യുന്ന ഈ ആത്മീയ നേതൃത്വം എല്ലാതലത്തിലും മലങ്കര സുറിയാനി കത്തോലിക്കാ സഭയെ അതിവേഗം മുന്നോട്ടു നയിക്കുന്നതിനു സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങളില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്നതിനും സഭ പരിശ്രമിക്കുന്നു.
ഉപസംഹാരം
ക്രിസ്തുവിന്റെ സുവിശേഷ വെളിച്ചം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുകയെന്ന ദൈവീകദൗത്യത്തില്‍ സഭ ഏര്‍പ്പെട്ടിരിക്കുന്നു. ദൈവദത്തമായ ഈ ദൗത്യ നിര്‍വഹണം ”സ്വഭാവത്താല്‍ തന്നെ പ്രേഷിതയായ സഭ” കര്‍ത്താവിന്റെ രണ്ടാമത്തെ വരവുവരെ കരുതലോടെ നിര്‍വഹിക്കേണ്ടതാണ്. മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ പ്രേഷിതത്വത്തിലൂടെയും സഭയുടെ സാക്ഷ്യ ജീവിതത്തിലൂടെയും ഇന്നു സുവിശേഷ പ്രഘോഷണം നടത്തുന്നു. മുകളില്‍പ്പറഞ്ഞ ആശയങ്ങളുടെയൊക്കെ ഒരു രത്‌ന ചുരുക്കം 2012-ല്‍ പ്രസിദ്ധീകരിച്ച മലങ്കര കത്തോലിക്കാ സഭയുടെ പ്രത്യേക കാനന്‍ നിയമത്തില്‍ കൊടുത്തിട്ടുണ്ട്: ”നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കല്പന പ്രകാരം, അപ്പസ്‌തോലനായ മാര്‍ത്തോമ്മാ ശ്ലീഹാ പ്രഘോഷിച്ചതും ആരാധനയില്‍ ആഘോഷിച്ചതും തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് ഉള്‍ക്കൊണ്ടതുമായ സുവിശേഷത്തെ – പ്രത്യേകിച്ച് ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പശ്ചാത്തലത്തില്‍ – അവതരിപ്പിക്കുകയെന്നത് മലങ്കര കത്തോലിക്കാ സഭയുടെ ഉത്തരവാദിത്വവും അവകാശവുമാണ്” (The Code of Particular Canons of the Syro-Malankara Catholic Church, C-415). മലങ്കര സഭ അനുദിനം നവീകരിക്കപ്പെടുകയും, സഭയുടെ സാക്ഷ്യജീവിതവും സുവിശേഷ പ്രഘോഷണവും വഴി യേശുവിന്റെ സുവിശേഷത്തിന്റെ പരിമളം എല്ലായിടത്തും എത്തി ദൈവനാമം കൂടുതല്‍ മഹത്വപ്പെടുവാനും ഇടയാകട്ടെ.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.