മിഷന്‍ വചന വിചിന്തനം: ഒക്‌ടോബര്‍ 29, ലൂക്കാ 13: 18-21

ദൈവരാജ്യത്തിന്റെ രഹസ്യം വ്യക്തമാക്കിക്കൊടുക്കാന്‍ യേശു പറഞ്ഞ രണ്ട് ചെറിയ ഉപമകളാണ് ഇന്നത്തെ ധ്യാനവിഷയം.

ജയ്സൺ കുന്നേൽ

ആദ്യമായി ദൈവരാജ്യം എന്താണെന്ന് നമുക്ക് മനസ്സിലാക്കാം. ബസിലിയാ ‘basileia’ എന്ന ഗ്രീക്ക് പദമാണ് ദൈവരാജ്യത്തെ സൂചിപ്പിക്കാന്‍ ലൂക്കാ ഉപയോഗിക്കുന്നത്. ആധിപത്യം, ഭരണം എന്നൊക്കെയാണ് അതിന്റെ അര്‍ത്ഥം. ഒരു സ്ഥലത്തേക്കാള്‍ ബന്ധങ്ങളുടെ ഒരു ശൃംഖലയാണത്. ദൈവത്തിന്റെ സ്‌നേഹശക്തിക്കു മുമ്പില്‍ ജനങ്ങള്‍ തങ്ങളെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ അവരുടെ ജീവിതങ്ങളില്‍, അവരുടെ പരസ്പരമുള്ള ബന്ധങ്ങളില്‍, സ്‌നേഹവും നീതിയും ലോകത്ത് കൊണ്ടുവരുവാനുള്ള പരിശ്രമങ്ങളില്‍ ദൈവരാജ്യം സാക്ഷാത്കരിക്കപ്പെടും. ബിന്‍ഗെനിലെ വി. ഹില്‍ഡെ ഗാര്‍ഡിന്റെ അഭിപ്രായത്തില്‍, ദൈവത്തോടും സഹജീവികളോടും തങ്ങളോടു തന്നെയുമുള്ള സ്‌നേഹത്തില്‍ എവിടെയെല്ലാം ആളുകള്‍ പൂരിതരായിരിക്കുന്നുവോ അവിടെയെല്ലാം ദൈവരാജ്യമുണ്ട്. അത് വി. പൗലോസ് പറയുന്നതുപോലെ, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് (റോമാ 14:17).

യേശു ദൈവരാജ്യത്തിന്റെ അടയാളവും അതിന്റെ സാക്ഷാത്ക്കാരവുമാണ്. അവനിലൂടെ ദൈവത്തിന്റെ സ്‌നേഹശക്തി മനുഷ്യജീവിതങ്ങളില്‍ അനുഭവവേദ്യമാകുന്നു. അവനെയും അവന്റെ സന്ദേശങ്ങളെയും സ്വീകരിക്കുന്നതനുസരിച്ച് ദൈവരാജ്യം നമ്മുടെ ഇടയില്‍ യാഥാര്‍ത്ഥ്യമാകും. ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥനയില്‍, സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ദൈവരാജ്യം വരാന്‍ വേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നത്. ‘ഒരുവന്‍ തോട്ടത്തില്‍ പാകിയ കടുകുമണിക്കു സദൃശ്യമാണ് ദൈവരാജ്യം’ എന്ന് ദൈവരാജ്യത്തെക്കുറിച്ചുള്ള ആദ്യ ഉപമയില്‍, യേശു പറയുന്നു.

കടുകുമണി പാലസ്തീനായില്‍ പ്രത്യേകിച്ച്, ഗലീലി തടാകത്തോടു ചേര്‍ന്ന് സാധാരണ കാണുന്ന ചെടിയാണ്. ലൂക്കാ സുവിശേഷം 17:6-ാം വാക്യത്തില്‍ കടുകുമണിയുടെ പ്രതീകം യേശു ഉപയോഗിക്കുന്നു. ‘കടുകുമണിയോളം വിശ്വാസം നിങ്ങള്‍ക്കുണ്ടൈങ്കില്‍…’ ലളിതമായ ഈ ഉപമ രണ്ടു കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. കടുകുമണി നിലത്തു പാകുമ്പോള്‍ അതിന് എളിയ തുടക്കമാണ്. വളരെ ചെറിയ കടുകുമണി കാലക്രമേണ വളര്‍ന്ന് ആകാശത്തിലെ പക്ഷികള്‍ക്ക് അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ അവസരമൊരുക്കുന്നു. അപ്പോള്‍ വലിയ അത്ഭുതം സംഭവിക്കുന്നു. ലൂക്കാ സുവിശേഷകന്‍ ഇതെഴുതുമ്പോള്‍ സഭ ഒരു കടുകുമണി പോലെ ചെറുതായിരുന്നു. വിരലിലെണ്ണാവുന്ന ക്രിസ്തുശിഷ്യരുടെ ഒരു കൂട്ടം. പക്ഷേ, ആ സഭ അനേകര്‍ക്ക് ആശ്വാസമേകുന്ന വന്‍വൃക്ഷമായി വളര്‍ന്നിരിക്കുന്നു. എത്രമാത്രം പീഡനങ്ങളും തിരിച്ചടികളും ഉണ്ടായാലും ക്രിസ്തുവിന്റെ സഭ വളരുക തന്നെ ചെയ്യും. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ദി ഗ്ലോബല്‍ ക്രിസ്റ്റ്യാനിറ്റിയുടെ പഠനമനുസരിച്ച്, ലോകത്തിലെ ക്രൈസ്തവരുടെ എണ്ണം 2019-ല്‍ 250 കോടി കവിഞ്ഞിരിക്കുന്നു. 1970-ല്‍ ഇത് 120 കോടി ആയിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് 2025-ല്‍ ക്രൈസ്തവരുടെ എണ്ണം 270 കോടിയും 2050-ല്‍ 340 കോടിയും പിന്നിടുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രണ്ടാമത്തെ ഉപമ, ഒരു സ്ത്രീ മൂന്നളവ് മാവില്‍, അതു മുഴുവന്‍ പുളിക്കുവോളം ചേര്‍ത്തുവച്ച പുളിപ്പിനോടാണ് ദൈവരാജ്യത്തെ ഉപമിച്ചിരിക്കുക (ലൂക്കാ 13:21). മാവില്‍ ചേര്‍ക്കുന്ന ചെറിയ ശതമാനം പുളിപ്പ് അതിനെ മുഴുവന്‍ പുളിപ്പിക്കുന്നു. ബൈബിളില്‍ പുളിമാവ്അതിന്റെ പുളിപ്പുസ്വഭാവം മൂലം സാധാരണഗതിയില്‍ തിന്മയെയും, തെറ്റിനെയുമാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിലും ഇവിടെ വളര്‍ച്ചയുടെ ഫലത്തിനാണ് ഊന്നല്‍ നല്‍കുക. ദൈവരാജ്യം ലോകം മുഴുവന്‍ എങ്ങനെ വ്യാപിക്കുന്നു എന്നാണ് ഈ ഉപമ പഠിപ്പിക്കുന്നത്. പുളിമാവിന്റെ പ്രവര്‍ത്തനം ബാഹ്യമായല്ല, ആന്തരികമായാണ്. അത് പൊടുന്നനെയല്ല, സാവകാശത്തിലാണ്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മളെല്ലാവരും ദൈവരാജ്യത്തിന്റെ ഏജന്റുമാരാണ്. നാം ആയിരിക്കുന്ന സമൂഹത്തില്‍ പൂര്‍ണ്ണമായും ഇഴുകിച്ചേര്‍ന്നാലേ പുളിമാവു പോലെ സമൂഹത്തെ മുഴുവന്‍ ദൈവസ്‌നേഹത്താല്‍ പുളിപ്പിക്കാന്‍ കഴിയൂ. ഇഴുകിച്ചേരുക എന്നു പറയുമ്പോള്‍ ക്രിസ്തീയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സമൂഹനിര്‍മ്മിതിയിലുള്ള പങ്കുചേരലാണ്. നമ്മള്‍ ചെറിയ കാര്യങ്ങളില്‍ വിശ്വസ്തത പാലിച്ചാല്‍ ദൈവരാജ്യത്തിനു വളര്‍ച്ചയുണ്ടാകും. ചെറിയ അനുകമ്പ പ്രവൃത്തികള്‍,വാക്കുകള്‍,കരുതലുകള്‍, മനസ്സിലാക്കലുകള്‍ ഇവയൊക്കെ ദൈവരാജ്യ സ്ഥാപനത്തിലേയ്ക്കു നയിക്കും.

യേശുവിനെ നമ്മളില്‍ വളരാന്‍ അനുവദിക്കുക എന്നതാണ് ദൈവരാജ്യം വളര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. അങ്ങനെ ചെയ്യുമ്പോള്‍ നാം അവനെ സ്‌നേഹിക്കുകയും ആശ്രയിക്കുകയും അവനോടൊപ്പം സഹയാത്രികനാവുകയും ചെയ്യും. മറ്റൊരര്‍ത്ഥത്തില്‍, ബെനഡിക്ട് പതിനാറാമന്‍ പാപ്പ പറയുന്നതുപോലെ, ‘മനുഷ്യശരീരത്തില്‍ ഭക്ഷണം സ്വാംശീകരിക്കപ്പെടുന്നതുപോലെ, എന്റെ ശരീരം യേശുവിനെ സ്വാംശീകരിക്കുന്നു. യേശു എന്നില്‍ ജീവിക്കുന്നതോടെ, എനിക്ക് യേശുവുമായുള്ള അകലം ഇല്ലാതാകുന്നു. അപ്പോള്‍ ദൈവരാജ്യം എനിക്ക് അനുഭവവേദ്യമാകുന്നു. ഞാന്‍ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.