മനുഷ്യ ജീവിതത്തിന്റെ നശ്വരത കാട്ടിത്തന്ന മുറിവുകൾ 

സി. അനിത വര്‍ഗ്ഗീസ് എസ്.ജെ.

മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങുക. ഒരു പക്ഷെ ക്രൈസ്തവരായ നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതും, ചിന്തിച്ചിട്ടുള്ളതുമായ ഒരു വാക്യമാകാം ഇത്. ഈ കഴിഞ്ഞ നവംബര്‍ ഒന്നാം  തീയതി നമ്മുടെ സെമിത്തേരിയില്‍ നടന്ന വലിയ ഒപ്പീസിന് മുന്നോടിയായി നമ്മുടെ ബഹു. വികാരിയച്ചന്‍ പറഞ്ഞ പ്രസംഗം വളരെ ഹൃദയസ്പര്‍ശിയായിരുന്നു. നമ്മുടെ കണ്ണുകള്‍ കണ്ടിട്ടില്ലാത്ത… പുഴു അരിയ്ക്കുന്ന ശരീരത്തെക്കുറിച്ച് ഒരു നിമിഷമെങ്കിലും ഭാവന കാണാത്തവര്‍ അവിടെ കൂടിയിരുന്നവരില്‍ ആരും തന്നെ ഉണ്ടാവുകയില്ല എന്നു കരുതുന്നു. വീണ്ടും ഞാന്‍ അതിനെകുറിച്ച് ചിന്തിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ ഇന്നും ജീവിയ്ക്കുന്ന ഒരനുഭവം എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു.

ചുട്ടുപൊള്ളുന്ന ഒരു വേനല്‍കാലം. ഗ്രാമസന്ദര്‍ശനവും കുളിയുമെല്ലാം കഴിഞ്ഞ് ഞങ്ങള്‍ സായംകാല പ്രാര്‍ത്ഥനയ്ക്കായി ഞങ്ങളുടെ ചെറിയ പ്രാര്‍ത്ഥനാമുറിയില്‍ ഒരുമിച്ച് ജപമാല ഉരുവിടുന്നതിനിടയിലെ കോളിംഗ്ബെല്‍, ഞങ്ങളെ അല്‍പ്പമൊന്ന് അസ്വസ്ഥരാക്കിയെങ്കിലും, പുറത്തെ കാളവണ്ടിയുടെ സ്വരവും, വലിയ മൂളിച്ചയും, ഞെരുക്കവും കേട്ടപ്പോള്‍ മനസ്സിലായി എവിടെനിന്നോ ഒരു രോഗിയെ കൊണ്ടുവന്നിരിക്കുന്നു എന്ന്. വളരെ ദൂരെനിന്നും കാളവണ്ടിയില്‍ കിടത്തി നാടുകടത്തുന്നപോലെ കൊണ്ടുവന്നിരിക്കുന്ന ഒരു രോഗി. വലതുകാലില്‍ പഴുത്തു പൊട്ടിയൊലിക്കുന്ന വൃണവും, ചീഞ്ഞുനാറുന്ന അസഹനീയ ദുര്‍ഗന്ധവും, ഒത്തിരി പ്രാവശ്യം മന്ത്രവാദവും, പച്ചിലമരുന്നുകളും, വച്ചുകെട്ടിയിട്ട് മാറാത്തതിനാല്‍ വലിയ പുഴുക്കള്‍ നിറഞ്ഞ ആ വാര്‍ത്ത നാട്ടിലറിയാതെയിരിക്കാന്‍, ആരും ശ്രദ്ധിക്കപ്പെടാത്ത സമയത്ത് വീട്ടുകാര്‍ ആ രോഗിയെ കൊണ്ടുവന്നിരിക്കുകയാണ്. ഏതെങ്കിലും മുറിവിലോ, വൃണങ്ങളിലോ പുഴുവരിച്ചു എന്ന് ഗ്രാമവാസികള്‍ അറിയാനിടയായാല്‍ ആ രോഗി താമസിക്കുന്ന ഗ്രാമത്തിലെ, മുഴുവന്‍ വീട്ടുകാര്‍ക്കും ഭക്ഷണം കൊടുക്കണം എന്നത് അവരുടെ ഇടയിലെ ഒരു ആചാരമാണ്. അതുമല്ലെങ്കില്‍ രോഗിയും വീട്ടുകാരും ആ ഗ്രാമം വിടേണ്ടി വരും. അതുകൊണ്ടാണ് ആരും ശ്രദ്ധിക്കപ്പെടാത്ത സമയത്ത് ആ രോഗിയെ കൊണ്ടുവന്നത്. ചീഞ്ഞ് അഴുകിയ ആ കാല്‍ കണ്ടപ്പോള്‍ ഞങ്ങളുടെ മനസ്സിലേക്ക് കയറി വന്നത് വലിയ ആശങ്കയായിരുന്നു. ഈ രോഗം എളുപ്പം മാറില്ല എന്നറിഞ്ഞതിനാല്‍ ഞങ്ങള്‍ രോഗിയെ ശുശ്രൂഷിക്കാന്‍ വൈമുഖ്യം കാട്ടി. അതിനോടൊപ്പം തന്നെ പാവപ്പെട്ട ആ മനുഷ്യരുടെ പരിഭ്രമവും, ദുഃഖവും, ആശങ്കയും കണ്ടപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ അലിവുതോന്നി. ഞങ്ങളെ ദൈവങ്ങളെപ്പോലെ കരുതിയിരുന്ന അവര്‍ ഞങ്ങളുടെ കാല്‍ക്കല്‍വീണ് കാലു പിടിച്ച് ഞങ്ങളെ രക്ഷിക്കണെ എന്നുപറഞ്ഞു. ജപമാലയര്‍പ്പണത്തിന്റെ സമയമായതിനാല്‍ പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥം യാചിച്ചുകൊണ്ട് ഞങ്ങള്‍ രോഗിയെ കാളവണ്ടിയില്‍ നിന്നും ഇറക്കിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം കാരണം മനംതികട്ടി വരുന്നുണ്ടെങ്കിലും ഒന്നും സംഭവിയ്ക്കാത്തതു പോലെ ഞങ്ങള്‍ മുറിവിലേയ്ക്ക് മരുന്ന് ഒഴിച്ചു ശുദ്ധിയാക്കാന്‍ തുടങ്ങി.
ചീഞ്ഞുനാറുന്ന മുറിവിലേയ്ക്ക് മരുന്നുകള്‍ ഒഴിച്ചപ്പോള്‍ കണ്ട കാഴ്ച ഇന്നും എന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍  പറ്റാത്തതാണ്. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ കാലിലെ വൃണത്തില്‍ നിന്നും ഉരുണ്ടുകൊഴുത്ത വലിയ പുഴുക്കള്‍ നല്ല താളത്തോടെ ചുവടുകള്‍ വെച്ച് ഉള്ളില്‍ ഇരിയ്ക്കാന്‍ കഴിയാതെ പുറത്തുവരാന്‍ തുടങ്ങി. ആദ്യം അറപ്പ് തോന്നിയെങ്കിലും ഞാനറിയാതെ മനസ്സില്‍ മന്ത്രിച്ചു. ദൈവമെ ഇത്രയും മോടിയായി ഞാന്‍ കൊണ്ടു നടക്കുന്ന ഈ ശരീരം ചേതനയറ്റ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍, എന്റെ  ശരീരവും ഒരിക്കല്‍ ഇതുപോലെ അനേകം പുഴുക്കളുടെ ഭക്ഷണമായി തീരുമല്ലോ?
പ്രിയ സഹോദരങ്ങളെ, മരണമെന്ന യാഥാര്‍ത്ഥ്യം ഒരു നഗ്നസത്യമാണ്. എത്രയൊക്കെ വലിയ സൗധങ്ങള്‍ നാം ഈ ഭൂമിയില്‍ പണിതുയര്‍ത്തിയാലും ഒരിക്കല്‍ നാം ഇതൊക്കെ ഉപേക്ഷിച്ച് പോകേണ്ടവരാണ്. ഉറ്റവരും, ഉടയവരും എന്നുവേണ്ട നാം പ്രിയപ്പെട്ടതും, വലിയ വിലപിടിപ്പുള്ളതും എന്നു കരുതുന്ന സകലത്തിനോടും വിടപറഞ്ഞ് ശരീരം മണ്ണിനോടും ആത്മാവ് നിത്യജീവനിലേയ്ക്കും പ്രവേശിക്കേണ്ടതാണ്. 1 കൊരി. 15:10-ല്‍ പറയുന്നു ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്. ജീവിച്ചിരിക്കുമ്പോള്‍ വലിയ സമ്പത്തിനായി നാം പണിപ്പെടുമ്പോള്‍, മറ്റാരും കാണാത്ത നമ്മുടെ ആത്മാവിനായും നമുക്ക് ആത്മീയസൗധങ്ങള്‍ വന്നു ഉയര്‍ത്താം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവ കൊണ്ടെല്ലാം നമ്മുടെ ജീവിതത്തെ അലങ്കരിക്കാം. നമ്മിലെ ആത്മീയഫലങ്ങള്‍ കൊണ്ട് നമ്മുടെ ഈ ഭൂമിയിലെ ജീവിതം സുന്ദരമായി തീരട്ടെ. അങ്ങനെ മരണാനന്തരം ഒരു സ്വര്‍ഗ്ഗീയ ജീവിതം മുന്നില്‍ കണ്ടുകൊണ്ട് ഈ ലോകജീവിതത്തെ വിശുദ്ധീകരിയ്ക്കാം. അങ്ങനെ വരാനിരിയ്ക്കുന്ന സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ ഒരു മുന്നാസ്വാദനമായി തീരട്ടെ ഈ ഭൂമിയിലെ നമ്മുടെ ജീവിതം.
 എല്ലാവരും  ഒത്തിരി സത്കൃത്യങ്ങളും, കൊച്ചുകൊച്ചു ത്യാഗപ്രവര്‍ത്തികളും ചെയ്ത് ഉത്ഥിതനായ യേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാന്‍ ഒരുങ്ങുന്ന ഈ സമയം നമുക്ക് പുതിയ പ്രതിജ്ഞയെടുക്കാം. നശ്വരമായ ഈ ശരീരം പുഴുക്കള്‍ക്ക് ആഹാരമായി തീര്‍ന്നാലും അനശ്വരമായ എന്റെ ആത്മാവില്‍ പുഴുകുത്തില്ലാതെ, അത് എന്നും വിടര്‍ന്ന്, സൗന്ദര്യം പരത്തുന്ന ഒരു കൊച്ചു ലില്ലിപുഷ്പത്തിന്റെ നൈര്‍മ്മല്യതയോടെ നമ്മുടെ നാഥന്റെ സന്നിധിയിലേയ്ക്കുള്ള അനശ്വരമായ യാത്രയ്ക്കായി നമുക്കോരോരുത്തര്‍ക്കും ഒരുങ്ങാം. എന്തെന്നാല്‍ മത്താ. 24:42ല്‍ പറയുന്നു. ”നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവാന്‍.” വീണ്ടും മത്താ 24:44ല്‍ പറയുന്നു ”നിങ്ങള്‍ പ്രതീക്ഷിയ്ക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.” അതുകൊണ്ട് ഈ ദിവസം എന്റെ അവസാനമാണെന്ന് കരുതി നമുക്ക് വിശുദ്ധിയോടെ ജീവിക്കാം. ഈ നോമ്പ് കാലം നമുക്ക് ചുറ്റുമുള്ള വേദനിക്കുന്നവരിൽ ഈശോയുടെ മുഖം ദർശിക്കാം. അവർക്കായി കരുണയുടെ കരങ്ങൾ വിരിക്കാം.
സിസ്റ്റര്‍ അനിത വര്‍ഗ്ഗീസ് എസ്.ജെ. സാഗര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.