“രോഗം സുഖപ്പെട്ടപ്പോൾ അവർ എന്നെ ഡോക്ടർ എന്ന് വിളിച്ചു” – തീപിടിപ്പിക്കുന്ന മിഷൻ അനുഭവങ്ങളുമായി ഒരു മലയാളി വൈദികൻ

സുനിഷ നടവയല്‍

1950 -ൽ ചങ്ങനാശ്ശേരി രൂപതയ്ക്ക് ഒരു പുതിയ അധ്യക്ഷൻ അഭിഷിക്തനായി. ബിഷപ്പ് മാർ മാത്യു കാവുകാട്ട്! 1956 -ല്‍ ആണ് അതിരൂപതയാവുകയും അദ്ദേഹത്തിന് ആർച്ചുബിഷപ്പ് പദവി ലഭിക്കുകയും ചെയ്തത്. അതേ വർഷം തന്നെ കാവുകാട്ട് കുടുംബത്തിൽ ഒരു മിഷനറി ജനിച്ചു. പാലാ രൂപതയിലെ കാവുകാട്ട്, ജോസഫ് – മേരി ദമ്പതികളുടെ ഒൻപത് മക്കളിൽ നാലാമനായി ജനിച്ച ഫാ. ജോർജ് കാവുകാട്ട് എം.എസ്.റ്റി. ‘മിഷനറീസ് ഓഫ് സെന്റ് തോമസ്’ സമൂഹാംഗമായ അദ്ദേഹം തന്റെ 71 -ാം വയസ്സിലും കർമ്മനിരതനാണ്‌. ഒരു ക്രിസ്ത്യാനിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ഉജ്ജയിനിലെ മാന ഗ്രാമം മുതൽ മഹാരാഷ്ട്രയിലെ സിന്ധു ദുർഗ്ഗിലെ ‘പാതിരി ബാഗ്’ വരെയുള്ള ആ മിഷൻ ജീവിതത്തെ വായിച്ചറിയാം.

എല്ലാവരുടെയും പ്രിയപ്പെട്ടവനായി കുട്ടിക്കാലം

ഒൻപത് മക്കളിൽ നാലാമനായ ജോർജ് അച്ചൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. നാല് സഹോദരിമാരിൽ മൂന്നുപേരും വിവിധ സന്യാസ സമൂഹങ്ങളിലായി സമർപ്പിത ജീവിതം നയിക്കുന്നു. അമ്മ പകർന്നു നൽകിയ ആത്മീയതയായിരുന്നു അച്ചന്റെ ജീവിതത്തിനു അടിത്തറയിട്ടത്. “അമ്മ വളരെ കുറച്ച് മാത്രമേ സംസാരിക്കുകയുള്ളൂ. പക്ഷേ, അമ്മയുടെ ജീവിതം ദൈവ ഭക്തിയിലൂന്നിയതായിരുന്നു. വളരെ കുറച്ചുമാത്രം സംസാരിച്ചുകൊണ്ട് വളരെയധികം പണികൾ ചെയ്തിരുന്ന അമ്മ നല്ല കഠിനാധ്വാനിയുമായിരുന്നു. ഞങ്ങൾ കുടുംബാഗങ്ങളും പണിക്കാരും എല്ലാവരും കൂടി 40 പേരെങ്കിലും ഉണ്ടാകുമായിരുന്നു. അവർക്കെല്ലാം ഭക്ഷണം പാകം ചെയ്തിരുന്നത് അമ്മയായിരുന്നു. ഒരിക്കൽ പോലും അമ്മ ഒരു പരാതിയോ പരിഭവമോ പറഞ്ഞുകേട്ടിട്ടില്ല,” -അച്ചൻ തന്റെ അമ്മയെ ഓർമ്മിക്കുകയാണ്.

അച്ചന്റെ സ്‌കൂൾ കാലഘട്ടമൊക്കെ നന്മ നിറഞ്ഞതായിരുന്നു. പത്താം ക്‌ളാസ് ജയിച്ചപ്പോൾ 40 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അതിൽ 39 പേരുടെയും സ്വഭാവസർട്ടിഫിക്കറ്റിൽ ‘ഗുഡ്’ ഉം അച്ചന്റേതിൽ മാത്രം ‘വെരി ഗുഡ് ഉം ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ നൽകിയത്. വളരെ സന്തോഷത്തിലും എല്ലാവരുടെയും സ്നേഹം ലഭിച്ചും വളർന്നു വന്ന ജോർജ്ജ് അച്ചന്റെ പിന്നീടുള്ള ജീവിതം വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ഒരു മിഷനറിയുടെ ജീവിതം എന്താണെന്നു യഥാർത്ഥത്തിൽ കേട്ട് കേൾവി മാത്രമുള്ള നമുക്ക് മുൻപിലെ ജീവിക്കുന്ന ഉദാഹരണമായി മാറാൻ അച്ചനെ ദൈവം പ്രത്യേകമായി തെരഞ്ഞെടുക്കുകയായിരുന്നു. കാരണം, സ്നേഹം എന്താണെന്നറിഞ്ഞവർക്കുമാത്രല്ലേ സ്നേഹം നൽകാനും സാധിക്കുകയുള്ളൂ. അതിനാൽ തന്നെ ബാല്യകാലത്തിൽ അച്ചനെ ദൈവം അതിനായി ഒരുക്കുകയായിരുന്നു.

എം.എസ്.റ്റി. സമൂഹത്തിൽ നിന്നും ഉജ്ജയിനിലേക്ക്

1978 മാർച്ച് ഒന്നാം തിയതി മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൽ നിന്നായിരുന്നു അച്ചൻ പൗരോഹിത്യം സ്വീകരിച്ചത്. എം.എസ്.റ്റി. സമൂഹത്തിലെ ദൈവവിളി പ്രോത്സാഹനത്തിന്റെ ഡയറക്ടർ എന്ന ചുമതലയായിരുന്നു ആദ്യം അച്ചനെ തേടിയെത്തിയത്. എങ്കിലും പിന്നീട് ഓഗസ്റ്റ് മാസത്തിൽ അച്ചന് മധ്യപ്രദേശിലെ ഉജ്ജയിനിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. അവിടെ സഭയ്ക്കു ഒരു ഓറിയന്റേഷൻ സെന്റർ ഉണ്ട്. തുടക്കക്കാർക്ക് ഭാഷയും സംസ്കാരവും പഠിക്കാനും മനസ്സിലാക്കാനുമുള്ള ഒരു കാലഘട്ടമായിരുന്നു ആദ്യത്തെ ഒരു വർഷം. അന്നവിടം കുഗ്രാമമായിരുന്നു. വൈദ്യുതിയില്ല, മറ്റു അടിസ്ഥാന സൗകര്യങ്ങളില്ല. ആകെയുണ്ടായിരുന്നത്‌ താമസിക്കാൻ ഒരു കെട്ടിടമായിരുന്നു. അത് അന്നത്തെ ഒരു രാജാവ് വേട്ടയാടാൻ വരുമ്പോൾ താമസിച്ചിരുന്ന ഒരു കൊട്ടാരം, വളരെ തുച്ഛമായ വിലയ്ക്ക് സന്യാസ സഭയ്ക്ക് സംഭാവനപോലെ നല്കിയതായിരുന്നു. അവിടെ കൃഷിയും പശുവളർത്തലുമൊക്കെയായിരുന്നു പ്രധാന തൊഴിലുകൾ. ഗ്രാമവാസികൾക്കായി കിണറുകൾ കുഴിച്ചു കൊടുക്കാൻ സഭ അന്ന് മുൻകൈയ്യെടുത്തിരുന്നു. ഇതിലൊക്കെ പങ്കാളിയായിരുന്നെങ്കിലും അച്ചന് കൂടുതലെന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിത്തുടങ്ങി.

“ചെറുപ്പം മുതൽ വായിച്ചുകൊണ്ടിരുന്ന പ്രേഷിത കേരളം, കുഞ്ഞു മിഷണറി പോലുള്ള മാസികകൾ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതിലെ വിശുദ്ധരുടെ കഥകളും മിഷണറിമാരുടെ കഥകളുമൊക്കെ എന്റെ മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ട് എന്തെങ്കിലും മിഷൻ പ്രവർത്തനം തുടങ്ങി വച്ചാലോ എന്ന ആലോചന എനിക്കുണ്ടായിരുന്നു. ഉത്തരേന്ത്യയിൽ പൊതുവേ ക്രിസ്ത്യാനികൾ എന്നാൽ ‘താഴ്ന്ന ജാതിക്കാർ’ എന്ന ഒരു ചിന്താഗതിയായിരുന്നു. അതുകൊണ്ട് തന്നെ ഉയർന്നവരുടെ ഇടയിലും ക്രിസ്തുവിനെ അറിയിക്കുന്നത് നല്ലതാണെന്നു എനിക്ക് തോന്നി. അങ്ങനെ ഒരു ദിവസം ഒരു ബ്രദറിനെയും കൂട്ടി സൈക്കിളിൽ യാത്ര ആരംഭിച്ചു.” -അദ്ദേഹം കൂട്ടിച്ചേർത്തു.

41 വർഷങ്ങൾക്കു മുൻപ് തന്റെ മിഷൻ കണ്ടെത്തുന്നതിനായി ഒരു സൈക്കിളിൽ അദ്ദേഹം യാത്രയായി. ഏകദേശം 30 കിലോമീറ്റർ യാത്രചെയ്ത് അവർ ഒരു ഗ്രാമത്തിലെത്തിച്ചേർന്നു. മൺവീടുകൾ ആയിരുന്നു അവിടെയുണ്ടായിരുന്നത്. ആളുകൾ കൂട്ടമായി താമസിക്കുന്ന ഒരിടമായിരുന്നു അത്. പച്ചക്കറി മാത്രം കഴിച്ച് ജീവിക്കുന്ന അവർ ബ്രാഹ്മണ സമുദായത്തിൽ പെട്ടവരായിരുന്നു. ആദ്യ ദിനത്തിൽ അവിടെ എത്തിച്ചേർന്നെങ്കിലും ഹൌസിലേക്ക് തിരികെ പോന്നു. എങ്കിലും മനസ്സ് അവിടെ നല്കിയിട്ടായിരുന്നു അന്ന് അദ്ദേഹം തിരികെ വന്നത്. പിന്നീട് 1979 -ലെ ഈസ്റ്റർ ഞായറാഴ്ച്ച ഫാ. ജോർജ്ജ് കാവുകാട്ടിനെ താൻ കണ്ടെത്തിയ മിഷൻ ഗ്രാമത്തിലേക്കുള്ള മിഷനറിയായി സഭാധികാരികൾ നിയമിച്ചു.

അവശ്യമരുന്നും ഒരു ചാക്കും എടുത്ത് സൈക്കിളിൽ ‘മാനാ’ ഗ്രാമത്തിലേക്ക്

ഒരു ചാക്കും അത്യാവശ്യം വേണ്ട മരുന്നുകളും കുപ്പിയിൽ വെള്ളവും ചുരുട്ടിവെച്ച ഒരു ചപ്പാത്തിയുമെടുത്തായിരുന്നു അച്ചൻ തന്റെ ഗ്രാമത്തിലേക്ക് ഒറ്റയ്ക്ക് യാത്രയായത്. ക്രിസ്തുവും അച്ചനും മാത്രം. മറ്റാരും കൂട്ടിനില്ലാതിരുന്ന ആ യാത്ര ഒരു ഗ്രാമത്തിന്റെ തന്നെ മുഖച്ഛായ മാറ്റാനുള്ളതായിരുന്നു. ഒരു പുരോഹിതൻ എന്നതിലുപരിയായി ഒരു ഗ്രാമത്തിനു യേശുവിനെ കാണിച്ചുകൊടുക്കാനും ഒരു ക്രൈസ്തവൻ എന്നാൽ ആരാണ് എന്ന് അവരെ ബോധ്യപ്പെടുത്താനുമായിരുന്നു ദൈവം പദ്ധതിയിട്ടത്. സൈക്കിൾ ചവിട്ടി വീണ്ടും അച്ചൻ മാനാ ഗ്രാമത്തിലെത്തി.

“മാനാ ഗ്രാമത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അവർ ക്രിസ്ത്യാനികളെപ്പറ്റി കേട്ടിട്ടുപോലുമില്ലായിരുന്നു. അടിസ്ഥാന സൗകര്യങ്ങളോ വിദ്യാഭ്യാസമോ ചികിത്സയോ എന്താണെന്നു പോലും അറിയാത്ത ജനങ്ങൾ. ശരിയായ ചികിത്സ ലഭിക്കാതെ നൂറുകണക്കിന് കുഞ്ഞുങ്ങളായിരുന്നു അവിടെ മരിച്ചു കൊണ്ടിരുന്നത്. ജീവനോടെ ആളുകളെ കുഴിച്ചുമൂടുന്ന അന്ധവിശ്വാസമുള്ള ഒരു സ്ഥലം. അതുകൂടാതെ രാത്രികാലങ്ങളിൽ ആയുധവുമായി വന്നു ഗ്രാമവാസികളുടെ സർവ്വതും മോഷ്ടിച്ചുകൊണ്ട് പോകുന്ന കവർച്ചക്കാരും. ചുരുക്കത്തിൽ ജീവന് പോലും യാതൊരു ഗ്യാരന്റിയും ഇല്ലാത്ത ഒരു ഇടമായിരുന്നു അത്. എങ്കിലും എല്ലാ ഗ്രാമത്തിലും ഒരു ആൽമരവും ഒരു മന്ദിറും ഒരു പൂജാരിയും ഉണ്ടായിരുന്നു.” ഒരു ആത്മീയ മനുഷ്യനായി മറ്റുള്ളവരുടെ മുൻപിൽ എത്തേണ്ടതുകൊണ്ട് അച്ചൻ മാനായിലെത്തി അന്വേഷിച്ചത് അവിടുത്തെ പൂജാരിയെ ആയിരുന്നു.

കുറച്ച് കുട്ടികൾ അദ്ദേഹത്തെ പൂജാരിയുടെ മുൻപിൽ എത്തിച്ചു. ചെന്നപ്പോൾ പൂജാകർമ്മങ്ങൾ നടക്കുകയായിരുന്നു. കുറേ സഹസന്യാസിമാരും ഉണ്ട്. രോഗം മാറാനായി പൂജ ചെയ്യാൻ വന്ന ചില മനുഷ്യരും അവർക്കൊപ്പം അവിടെയുണ്ടായിരുന്നു. ഒടുവിൽ പൂജ അവസാനിച്ചപ്പോഴേക്കും രാത്രിയായി. പ്രത്യേകിച്ച് ചോദ്യമൊന്നും അയാൾ ചോദിച്ചില്ലെങ്കിലും ഭക്ഷണം കഴിക്കാൻ പറഞ്ഞു. ഇന്നെനിക്ക് വ്രതമാണെന്നു അച്ചനും മറുപടി പറഞ്ഞു. എങ്കിൽ, അവിടെയെവിടെയെങ്കിലും കിടന്നുറങ്ങിക്കൊള്ളാനും അയാൾ പറഞ്ഞു. പക്ഷേ, അച്ചന്റെ ഉള്ളിൽ ഭയമായിരുന്നു. “പരിചയമില്ലാത്ത ആളുകൾ. പരിചയമില്ലാത്ത ഗ്രാമം. ഭയമുണ്ടായിരുന്നു. എങ്കിലും അതൊന്നും പുറമെ കാണിക്കാതെ ഇരുന്നു.” അച്ചൻ പറയുന്നു. തന്റെ ഉറക്കമില്ലാത്ത രാത്രികളുടെ ആരംഭമായിരുന്നു അത്. ഇദ്ദേഹം ആരാണെന്ന വലിയ ഒരു ചർച്ച ആ സന്യാസിമാർക്കിടയിൽ അപ്പോൾ നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ അവരിലെ തലവനായ ആ പൂജ ചെയ്ത സന്യാസി പറഞ്ഞു: ‘ഇയാൾ ഒരു ക്രിസ്ത്യാനിയാണെന്നു തോന്നുന്നു. ബനാറസിലൊക്കെ ഇക്കൂട്ടർ ഒരുപാടുണ്ടെന്നു കേട്ടിട്ടുണ്ട്. ആളുകൾക്ക് നന്മ ചെയ്യുന്ന കൂട്ടരാണ്.’ ഇത് കേട്ടപ്പോൾ അച്ചന് അല്പം സമാധാനമായി. എങ്കിലും അദ്ദേഹം അന്ന് രാത്രി ഒട്ടും ഉറങ്ങിയില്ല.

പിറ്റേന്ന് പ്രഭാതമായപ്പോൾ ആ സന്യാസി അല്പം കട്ടന്‍ ചായയുമായി അച്ചന്റെ അടുത്തെത്തി ‘ജയ് ശ്രീ റാം’ എന്ന് അഭിവാദനം ചെയ്തു. ഒരുവേള ഒന്ന് പകച്ചുവെങ്കിലും സർവ്വ ധൈര്യവും സംഭരിച്ച് ‘ജയ് ജേസു’ എന്ന് അച്ചനും മറുപടി പറഞ്ഞു. അന്ന് അദ്ദേഹം ഗ്രാമത്തിലെ തലവന്റെ അടുക്കലായിരുന്നു പോയത്. അവിടെ എത്തിയപ്പോൾ അദ്ദേഹം കഠിനമായ പനി പിടിച്ച് കിടപ്പായിരുന്നു. എങ്കിലും അദ്ദേഹം അച്ചനെ വളരെ കാര്യമായിട്ടുതന്നെ സ്വീകരിച്ചു. “മരുന്ന് വാങ്ങിയില്ലേ” എന്ന് ചോദിച്ചപ്പോൾ മരുന്നൊക്കെ ഉണ്ടെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. എങ്കിലും എന്റെ കൈവശമുണ്ടായിരുന്ന പനിയുടെയും ചുമയുടെയും മരുന്ന് ഒരു കുരിശും വരച്ച് ഞാൻ അദ്ദേഹത്തിന് നൽകി. എന്നിട്ട് അവിടെനിന്നു തിരികെ യാത്രയായി. പിന്നെ മൂന്നു ദിവസം കഴിഞ്ഞു തിരികെ വീണ്ടും ഞാൻ തിരികെ പ്രസിഡന്റിന്റെ വീട്ടിലെത്തി. അവിടെ ചെന്നപ്പോഴേക്കും അദ്ദേഹത്തിന്റെ അസുഖമെല്ലാം മാറിയെന്ന വാർത്തയാണ് അറിയാൻ കഴിഞ്ഞത്. ഞാൻ ചെന്ന് കുറച്ച് നേരം കഴിഞ്ഞപ്പോഴേയ്ക്കും ‘ഡോക്ടർ’ വന്നിട്ടുണ്ടെന്നറിഞ്ഞ് ഒരുപാട് ഗ്രാമവാസികൾ അവിടെ വന്നു ചേർന്നു.” അച്ചൻ പഴയ കാലം ഓർമ്മിച്ചു. അങ്ങനെ ഗ്രാമത്തലവൻ അച്ചനെ തന്റെ വീട്ടിൽ താമസിക്കാൻ ക്ഷണിച്ചു.

“അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ താമസമാരംഭിച്ചു. ഞാൻ കിടക്കുന്നതിന്റെ തൊട്ടടുത്തു തന്നെയായിരുന്നു അദ്ദേഹവും കിടന്നിരുന്നത്. അദ്ദേഹത്തിന്റെ കൈയ്യിൽ ഒരു തോക്കും ഉണ്ടാകുമായിരുന്നു. കവർച്ചക്കാരുടെ വരവ് ഏതു സമയത്തും പ്രതീക്ഷിക്കാം. അതുകൊണ്ട് ഒരു ധൈര്യത്തിനും മുൻകരുതലിനുമായിട്ടാണ് തോക്ക് കരുതിയിരുന്നത്. ഉറക്കത്തിൽ പോലും ജാഗ്രത പാലിക്കേണ്ട അവസ്ഥ. താമസം അവിടെയായിരുന്നതുകൊണ്ട് എനിക്ക് ഗ്രാമവാസികളുടെ അടുക്കലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാൻ അത്രയ്ക്കങ്ങു സാധിച്ചില്ല. പിന്നീട് ഗ്രാമത്തലവൻ ഒരു തുണ്ടു ഭൂമി രൂപതയ്ക്ക് സംഭാവനയായി തന്നു. ഗ്രാമത്തിന്റെ പൊതു സ്ഥലങ്ങളിൽ നിന്നും മാറി വിജനമായ ഒരു സ്ഥലമായിരുന്നു അത്. ആ സ്ഥലത്ത് ഒരു മരമുണ്ടായിരുന്നത് വലിയൊരു അനുഗ്രഹമായി. അങ്ങനെ ഞാൻ മരച്ചുവട്ടിൽ താമസമാരംഭിച്ചു. പിന്നീട് ഇലകൾക്കൊണ്ടും ചുള്ളിക്കമ്പുകൾക്കൊണ്ടും മരത്തിന്റെ ചുവട്ടിൽ ഒരു കുടിലുപോലെ ഉണ്ടാക്കി. അര മണിക്കൂർ മഴയുണ്ടെങ്കിൽ ഒന്നരമണിക്കൂർ വെള്ളം വീഴുന്ന ഒരു ഒരു ‘വീടായിരുന്നു’ അത്. രാത്രികളിൽ ഇടയ്ക്കിടെ മരത്തിൽകയറി ചില്ലകൾ കുലുക്കി വെള്ളം കളയും. പിന്നെ ഇരുന്നുറങ്ങാൻ ഒരു കസേരയും കാലുവെയ്ക്കാൻ ഒരു മരപ്പലകയും വാങ്ങിച്ചു. മഴക്കാലം തുടങ്ങിയാൽ തേളിന്റെ ശല്യം ഉള്ളതിനാൽ കാൽ ഉയർത്തിവെയ്ക്കാതെ പറ്റില്ല. പുതയ്ക്കാൻ, വന്നപ്പോൾ കൊണ്ടുവന്ന ചാക്കും. രാത്രിമുഴുവൻ പണികൾ ചെയ്തു തീർക്കും. ഒരു കിണർ കുഴിക്കുന്നുണ്ടായിരുന്നു. അതിനു കൂലികൊടുക്കാൻ പറ്റാത്തതുകൊണ്ട് സ്വന്തമായിട്ടായിരുന്നു ചെയ്തത്. ഇടയ്ക്ക് ഒരാളെ മാത്രം കൂടെ കൂട്ടി. എങ്കിലും രാത്രിമുഴുവൻ സ്വന്തമായി ഇത്തരം പണികൾ ചെയ്യും. കാരണം പകൽ എനിക്ക് മറ്റൊരു ഡ്യൂട്ടി ഉണ്ടായിരുന്നു,” -അച്ചൻ ഓർമ്മിച്ചെടുക്കുകയാണ്.

ഗ്രാമത്തലവന്റെ രോഗം മാറ്റിയ ‘ഡോക്ടർ’ എന്ന നിലയിൽ ആയിരുന്നു ആ സമയത്ത് അച്ചനെ ഗ്രാമവാസികൾ കണ്ടത്. അവർക്കെല്ലാം അച്ചൻ കൈവശമുള്ള ചെറിയ ഹെർബോ മിനറൽ മരുന്നുകൾ നൽകി ചികിത്സിച്ചു. അതിൽ പലരും വരുന്നത് പുഴുക്കൾ നിറഞ്ഞ വ്രണങ്ങളുമായിട്ടായിരിക്കും. അതെല്ലാം അറപ്പോ വെറുപ്പോ കൂടാതെ അച്ചൻ കഴുകി മരുന്നുവെച്ച് കെട്ടി. ദിവസവും അനവധിയാളുകളാണ് അച്ചനെ തേടിയെത്തിയിരുന്നത്. അവർക്കെല്ലാം നല്ല വൈദ്യനായി മാറി ഈ പുരോഹിതൻ. ഗ്രാമത്തിലെ ആളുകൾക്ക് വിദ്യാഭ്യാസം എന്താണെന്ന് പോലും അറിയില്ലായിരുന്നു. അതിനാൽ കുട്ടികൾക്കായി ഒരു നഴ്സറി സ്‌കൂളും തുടങ്ങി. പകൽ ചികിത്സ, കുട്ടികളെ പഠിപ്പിക്കൽ എന്നിവയൊക്കെ ചെയ്യും. അങ്ങനെ മൂന്നുവർഷം പിന്നിട്ടു.

അതിനു ശേഷം അച്ചന്റെ മൂത്ത സഹോദരിയായ സി. ന്യൂണ്‍സിയറ്റീന  ഡി.എസ്.ജെ. – യുടെ സമൂഹത്തിലെ സിസ്റ്റേഴ്സ് സേവനത്തിനായി ഗ്രാമത്തിൽ എത്തിച്ചേർന്നു. അങ്ങനെ ആദ്യത്തെ അലോപ്പതി ഡിസ്‌പെൻസറി മാനയിൽ ആരംഭിച്ചു. ആറുവർഷമായിരുന്നു അച്ചൻ അവിടെ സേവനം ചെയ്തത്. മരുന്ന് കൊടുത്തതിനാലാകണം ആദ്യം അവർ ‘ഡോക്ടർ’ എന്നായിരുന്നു അച്ചനെ വിളിച്ചിരുന്നത്. പിന്നീട് മുറിവുകൾ വെച്ച് കെട്ടുകയും വ്രണങ്ങൾ സുഖപ്പെടുത്തുകയും ചെയ്തപ്പോൾ ‘സർജൻ സാബ്’ എന്നായി. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ‘ഫാദർ ജി’ എന്നായി മാറി. ഡോക്ടറിൽ നിന്നും ‘ഫാദർ ജി’ യിലേക്കുള്ള ഒരു വലിയ മാറ്റത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കാരണം ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ പക്കൽ തന്റെ ജീവിതം കൊണ്ട് യേശുവിനെ കാണിച്ചു കൊടുക്കുക എന്ന വലിയൊരു മിഷൻ ആയിരുന്നു ഈ വൈദികന്റേത്.

ബലിപീഠത്തിലെ വിരിയായി ചാക്ക്, കപ്പും സോസറും കാസയും പീലാസയും – വിശുദ്ധമായ ബലിയർപ്പണം

മുറിവും വ്രണങ്ങളുമുള്ള രോഗികൾ കൂടുതലായിരുന്നതിനാൽ അവരെ വെച്ച് കെട്ടാനുള്ള തുണി കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. ഉണ്ടായിരുന്ന ഒരു ളോഹയും കീറിഎടുത്ത് മുറിവ് വെച്ച് കെട്ടി. പിന്നെ ഇടാൻ ളോഹ ഇല്ലായിരുന്നു. പിന്നീട് ആലുവ സെമിനാരിയിൽ നിന്ന് ബഹുമാനപ്പെട്ട കണ്ടത്തിലച്ചൻ, വൈദികരുടെ പഴയ ളോഹകൾ ശേഖരിച്ചു. അതിന്റെ കൂടെ മിഷൻ പ്രവർത്തനങ്ങൾക്കായി ഒരു അമ്മച്ചി നൽകിയ 1000 രൂപയും കൂടി മാനയിലെത്തിച്ചു.

“ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു അപ്പോൾ. കാരണം ഏറ്റവും കൂടുതൽ ദാരിദ്ര്യം അനുഭവിച്ചത് കോട്ടൺ തുണിക്കഷ്ണങ്ങളായിരുന്നു. രാവിലെ ആറരയ്ക്കായിരുന്നു എന്നും വിശുദ്ധ കുർബാനയർപ്പിക്കുന്നത്. 25 പൈസ കൊടുത്ത് വാങ്ങിയ ഒരു കപ്പും സോസറുമായിരുന്നു കാസയും പീലാസയുമായി ഉപയോഗിച്ചിരുന്നത്. വിരിപ്പായി ഉപയോഗിച്ചിരുന്നത് ഒരു ചാക്കും. ഓസ്തി വാങ്ങാൻ ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതിനാൽ ഗോതമ്പുകൊണ്ടുള്ള ചെറിയ ചപ്പാത്തിയാണ് ഉപയോഗിച്ചിരുന്നത്. കുറച്ച് മുന്തിരി സംഘടിപ്പിച്ച് വീഞ്ഞാക്കി എടുക്കും. മിഷനായി തന്ന 1000 രൂപ കൊടുത്ത് ഏഴ് ടിൻ ഷീറ്റുകൾ വാങ്ങി കുടിലിനു മേൽക്കൂരയായി വിരിച്ചു,” -അച്ചൻ വെളിപ്പെടുത്തി. 41 വര്‍ഷങ്ങള്‍ക്ക് മുൻപ് ഒരു ഗ്രാമത്തിന്റെ വെളിച്ചമായി മാറിയ ഒരു മിഷനറിയുടെ ജീവിതത്തിൽ നേരിട്ട ക്ലേശങ്ങളും ത്യാഗങ്ങളും വിവരിക്കാൻ ചിലപ്പോൾ നമുക്കു വാക്കുകൾ തികയാതെ വരും.

20 വർഷമായുള്ള ഗീതാഭായിയുടെ വ്രണം സുഖപ്പെട്ടപ്പോൾ

“ഒരു ദിവസം രാത്രി ഒരു എട്ടുമണിയോടടുത്തപ്പോൾ മണികൾ കിലുങ്ങുന്ന ശബ്ദം കേട്ടു. കൊള്ളക്കാരായിരിക്കുമെന്നാണ് ഞാൻ ഓർത്തത്. അവരെന്നെ കൊന്നുകളയുമെന്ന് ഓർത്ത് ശ്വാസമടക്കിപ്പിടിച്ച് ഞാൻ ഇരിക്കുമ്പോൾ കുറച്ചാളുകൾ വീടിനുള്ളിലേക്ക് കടന്നു വന്നു. അവർ ‘നമസ്തേ’ പറഞ്ഞു. അപ്പോൾ ചെറിയൊരു സമാധാനം. കാരണം ഉപദ്രവിക്കാൻ വന്നതല്ലെന്നു മനസ്സിലായി. തുളസീറാം എന്ന ഒരു വ്യക്തിയായിരുന്നു വന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ കാൽ കഴിഞ്ഞ 20 വർഷമായി വ്രണം വന്നു അഴുകിയിരിക്കുകയാണ്. അത് ചികിത്സിക്കണം എന്നായിരുന്നു ആവശ്യം. നാളെ രാവിലെ ഒൻപത് മണിയാകുമ്പോൾ അവരെ കൂട്ടിവരാൻ ഞാൻ അവരോട് പറഞ്ഞു. പിറ്റേ ദിവസം രാവിലെ കുറച്ചാളുകൾ ഒരു കസേരയിൽ ഏകദേശം 40 വയസ്സുള്ള ഒരു സ്ത്രീയെയും എടുത്തുകൊണ്ടു വരുന്നത് ഞാൻ കണ്ടു. അവരുടെ പേര് ഗീതഭായി എന്നാണ്. അപസ്മാരമുള്ള ആ സ്ത്രീ 20 വർഷങ്ങൾക്ക് മുൻപ് വീട്ടിൽ ചപ്പാത്തി ഉണ്ടാക്കുന്നതിനിടയിൽ അപസ്മാരം വരികയും അടുപ്പിലേക്ക് വീണു കാലു പൊള്ളുകയും ചെയ്തു. അത് വ്രണമായി മാറിയാണ് ഇത്തരത്തിൽ ആയിരിക്കുന്നത്. ഗോപാലൻ എന്ന നാലുവയസ്സുകാരൻ മകനുമുണ്ട് അവർക്ക്. അവരെയാണ് ഈ എടുത്തുകൊണ്ടുവരുന്നത്. ഏകദേശം 15 അടി ദൂരെ എത്തിയപ്പോഴേയ്ക്കും മുറിവിൽ നിന്നുള്ള ദുർഗന്ധം കാരണം അവിടെഎങ്ങും നില്ക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പണ്ട് കെട്ടിയ തുണിയുടെ മുകളിൽ വീണ്ടും വീണ്ടും കെട്ടിയിരിക്കുകയായിരുന്നു. അതെല്ലാം അഴിച്ച് ചൂടുവെള്ളത്തിൽ കഴുകി റിപ്പാൻഡോ എന്ന മരുന്ന് തേച്ച് കെട്ടി അവരെ പറഞ്ഞയച്ചു. ഏകദേശം ഒരു വർഷത്തെ നിരന്തരമായ ചികിത്‌സ അവർക്കു ചെയ്തു. അതിന്റെ ഫലമായി, ഒരു കിലോമീറ്റർ ദൂരത്തുള്ള വീട്ടിൽ നിന്ന് തനിയെ നടന്നു വരാൻ ഗീതാഭായിക്ക് സാധിച്ചു. പിന്നീട് രണ്ടു വർഷത്തിന് ശേഷം സിസ്റ്റേഴ്സ് വന്നപ്പോൾ അവർ ആ സ്ത്രീയെ നോക്കാൻ ആരംഭിച്ചു.” അന്നത്തെ നാലുവയസ്സുകാരൻ ഗോപാലന് ഇന്ന് പ്രായം 45 ആയി. അച്ചനുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട് അദ്ദേഹം. തുളസീറാമും ഇടയ്ക്കിടെ അച്ചനെ ഫോൺ വിളിക്കാറുണ്ട്.

“കഴിഞ്ഞ 41 വർഷമായി മാനാ ഗ്രാമത്തിൽ ഒരു മിഷനറിയുടെ നേരെയും ആക്രമണങ്ങൾ ഉണ്ടായതായി അച്ചൻ കേട്ടിട്ടില്ലല്ലോ. ഇനിയും അതുണ്ടാകില്ല. ഒന്നും ഉണ്ടാകാൻ ഞങ്ങൾ സമ്മതിക്കില്ല,” ഒരിക്കൽ ഫോണിലൂടെ ഗോപാലൻ അച്ചന് കൊടുത്ത ഉറപ്പാണിത്. കഴിഞ്ഞ 41 വർഷമായി ആ ഗ്രാമത്തിൽ മിഷനറിമാരുണ്ട്. എങ്കിലും ഒരാൾ പോലും ക്രൈസ്തവ വിശ്വാസിയായിട്ടില്ല. പക്ഷേ മറ്റാരെയുംകാൾ കൂടുതൽ അവർക്ക് യേശുവിനെ അറിയാം.ഒരു രീതിയിൽ നോക്കിയാൽ ‘അവരൊക്കെ മാമോദീസ മുങ്ങാത്ത ക്രിസ്ത്യാനികളാണ്!’

ഒരു ക്രിസ്ത്യാനി എന്നാൽ ചതിയോ വഞ്ചനയോ ഇല്ലാതെ ശുശ്രൂഷ ചെയ്യുന്ന ഒരാൾ എന്ന ധാരണയാണ് അവർക്കുള്ളത്. എല്ലാം ഈശോയുടെ നാമത്തിലാണ് ചെയ്യുന്നതെന്ന അറിവും അവർക്കുണ്ട്. ഒരിക്കൽ ഒരു പ്രദേശിക രാഷ്ട്രീയ നേതാവ് വന്നു അച്ചനെ ഭീഷണിപ്പെടുത്തിക്കൊണ്ട് എത്രപേരെ പരിവർത്തനം ചെയ്തിട്ടുണ്ടെന്നു ചോദിച്ചു. അപ്പോൾ അച്ചൻ അദ്ദേഹത്തോട് ‘നൂറു കണക്കിനാളുകളെ’ എന്ന് മറുപടി പറഞ്ഞു. കോപംകൊണ്ടു ജ്വലിച്ച അദ്ദേഹത്തോട് അച്ചൻ തുടർന്നു സംസാരിച്ചത് ഇപ്രകാരമായിരുന്നു: “ഞാൻ നടത്തിയത് മത പരിവർത്തനമല്ല, മറിച്ച് ഹൃദയങ്ങളുടെ പരിവർത്തനമാണ്”. മാനായിൽ മനസ്സുകൊണ്ടും ജീവിതം കൊണ്ടും ക്രൈസ്തവരായ അനേകമാളുകൾ ഇപ്പോഴും ഉണ്ട്. അവിടെയെത്തുന്ന വൈദികരെയും സമർപ്പിതരെയുമെല്ലാം ആ നാട്ടിലുള്ളവർ തന്നെയാണ് സംരക്ഷിക്കുന്നത്. ഇന്നവിടെ എൻജിനീയർമാരും അധ്യാപകരും മറ്റു ഉയർന്ന വിദ്യാഭ്യാസമുള്ളവരുമൊക്കെയുണ്ട്. ഒരു നഴ്സറിയിൽ അച്ചൻ തുടക്കമിട്ട ആ സ്‌കൂൾ ഇപ്പോൾ ഉജ്ജയിൻ രൂപതയുടെ സ്‌കൂളാണ്. പത്താം ക്ലാസ് വരെയുള്ള മാനായുടെ സംസ്കാരത്തെ വാർത്തെടുക്കുന്ന ഇടമാണ്.

ആദിവാസികളുടെ ഇടയിലെ 15 വർഷങ്ങൾ

സാംഗ്ലി മിഷനും കല്യാൺ രൂപതയ്ക്കുമെല്ലാം അടിത്തറയിട്ടതിനു ശേഷം 15 വർഷക്കാലം അച്ചൻ മഹാരാഷ്ട്രയിലായിരുന്നു. താനെ ജില്ലയിലെ അസ്സൻ ഗാവ് എന്ന ഗ്രാമത്തിൽ. അവിടെ ഉള്ളവരെല്ലാവരും ആദിവാസികളായിരുന്നു. വിദ്യാഭ്യാസം എന്തെന്ന് അറിയില്ലാത്തവർ. അവർക്കിടയിൽ ഈ പുരോഹിതൻ, ഒരു നല്ല കർഷനുമായിട്ടായിരുന്നു ജീവിച്ചത്. കാരണം ഭൂമിയുണ്ടെങ്കിലും വീട് നോക്കാതെ ജീവിക്കുന്ന പുരുഷൻമാരായിരുന്നു അവിടെ ഉണ്ടായിരുന്നത്. പതിയെ അവർ അച്ചനുമായി അടുത്തു. ഗ്രാമത്തിലെ ചെറുപ്പക്കാരെയെല്ലാം കൂട്ടി അച്ചൻ പിന്നീട് കപ്പകൃഷി ആരംഭിച്ചു. അതിനിടയിൽ അച്ചൻ അവരുടെ ഏറ്റവും പ്രിയപ്പെട്ട ‘ഫാദർ ബാബ’ ആയി മാറി. അവരുടെ അധ്വാനത്തിന്റെ ഫലമായി 150 ടൺ കപ്പയായിരുന്നു മുംബൈയിലെ ഹോൾ സെയിൽ കടകളിൽ നല്കിക്കൊണ്ടിരുന്നത്. അതുകൂടാതെ മദർ തെരേസയുടെ ഒരു ചാരിറ്റി സെന്ററിൽ പച്ചക്കറികളും നല്കിപ്പോന്നു.

അതിനിടയിൽ ആ നാടിന്റെ വിദ്യാഭ്യാസത്തിന്റെ കാര്യങ്ങളും അച്ചൻ ചെയ്തു. പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു ഊന്നൽ നൽകി. ‘ദീപ് സെ ദീപ് ജലാവോ’ എന്ന ചിന്തയായിരുന്നു അച്ചന്റെ മനസ്സിൽ. ഒരു തിരിയിൽ നിന്ന് മറ്റനേകം വിളക്കുകളിലേക്ക് പ്രകാശം പരക്കുന്ന ഒരു മാതൃക. പെൺകുട്ടികൾ വിവാഹിതരായി മറ്റു ഗ്രാമങ്ങളിൽ ചെല്ലുമ്പോൾ അവർ അവിടെയും ഒരു മാറ്റം കൊണ്ടും വരും എന്ന ഒരു ചിന്തയാണ് ഇതിനു പിന്നിൽ. ഇത് വളരെയധികംവിജയകരമായി വർഷങ്ങളോളം തുടർന്ന്. പിന്നീട് ഹൃദയാഘാതം വരികയും അതിനെത്തുടർന്ന് ഒരു സർജറി ആവശ്യമായി വരികയും ചെയ്തതിനാൽ അച്ചന് അവിടെ തുടരാനായില്ല. എങ്കിലും 15 വർഷക്കാലം ഒരു നാട്ടിലെ ഭൂമിയെയും ആ നാട്ടിലെ ജനങ്ങളുടെ ഹൃദയത്തെയും സ്വാധീനിച്ച അദ്ദേഹത്തെ അവർ ഒരിക്കലും വിസ്മരിക്കുകയില്ല.

മുൾക്കാട് മനോഹരമായ ‘പാതിരി ബാഗ്’ ആയി മാറിയപ്പോൾ

ഇപ്പോൾ അച്ചൻ ഉള്ളത് മഹാരാഷ്ട്രയിലെ സിന്ധു ദുർഗ്ഗിലാണ്. കഴിഞ്ഞ പത്തു വർഷമായി അച്ചൻ അവിടെയുണ്ട്. പത്ത് ഏക്കർ സ്ഥലം സഭ പണം കൊടുത്ത വാങ്ങുകയായിരുന്നു. അത് ആധാരം ചെയ്യുമ്പോൾ പേപ്പറിൽ ഉണ്ടായിരുന്നത് ‘മുൾക്കാട്’ എന്നായിരുന്നു. ആ മുള്‍ക്കാട് ഇന്ന് മനോഹരമായ പഴവർഗ്ഗങ്ങളും പച്ചക്കറികളും ഉള്ള വലിയൊരു തോട്ടമാണ്. അതിനു പിന്നിൽ വലിയൊരു അധ്വാനത്തിന്റെ കഥ ഉണ്ട്. കൂലിക്കാരെയൊന്നും കൂട്ടാതെ അച്ചൻ ആ മുൾക്കാട് വെട്ടിത്തെളിച്ച് പണി എടുക്കാൻ ആരംഭിച്ചു. അവിടെയുള്ള ആളുകളൊക്കെ അച്ചനെ ഒരു ‘പിശുക്കൻ’ആയിട്ടായിരുന്നു കണ്ടത്. എന്നാൽ പിന്നീട് ഒരു പുരോഹിതനാണ് എന്നവർക്ക് മനസ്സിലായി. അച്ചന്റെ അദ്ധ്വാനം കൊണ്ട് അതൊരു മികച്ച ഫല – സസ്യ ഉദ്യാനമായി മാറി. പതിയെ അത് ‘പാതിരി ബാഗ്’ അഥവാ വൈദികന്റെ തോട്ടം എന്ന് അറിയപ്പെടാൻ തുടങ്ങി. ഹൃദയാഘാതത്തിനു ശേഷം രണ്ട് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ഒരു 71 – കാരനാണ് പത്ത് വർഷമായി ഇവിടെ അധ്വാനിക്കുന്നത്! കശുമാവ്, ചിക്കു, മുരിങ്ങ, മാവ് തുടങ്ങി ആയിരത്തോളം ഫല സസ്യങ്ങളാണ് പാതിരിബാഗിൽ ഉള്ളത്. ഇവിടെ ദിവസവും 10 -12 മണിക്കൂർ ഈ വൈദികൻ അധ്വാനിക്കുന്നു.

പ്രഭുവും പ്രദീപും പിന്നെ ജാനുവും

സിന്ധു ദുർഗ്ഗിൽ ഇപ്പോൾ അച്ചന്റെ കൂടെ അച്ചന്റെ രണ്ട് ‘ആണ്മക്കളും’ ഉണ്ട്. പ്രഭുവും പ്രദീപും പ്ലസ് വണ്ണിനും പ്ലസ് ടുവിനും പഠിക്കുന്ന ഇവരെ വളരെ ചെറുപ്പത്തിലേ അച്ചന് ലഭിച്ചതാണ്. അന്ന് മുതൽ അച്ചൻ ഇവർക്ക് ‘അച്ഛനാണ്’. മുംബൈയിലെ ഒരു ആദിവാസി ഗ്രാമത്തിൽ നിന്നും സാമൂഹ്യ പ്രവർത്തകർ അച്ചനെ ഏൽപ്പിച്ചതാണ് ഈ മക്കളെ. അന്നുമുതലിന്നുവരെ അവരുടെ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും കൂട്ടുകാരനും ആത്മീയ പിതാവും എല്ലാം അച്ചൻ തന്നെയാണ്. ഒരു കുടുംബത്തിന്റെ സ്നേഹവും കരുതലുമെല്ലാം ലഭിക്കാനായി അച്ചൻ അവരെ പാലായിലെ സ്വന്തം വീട്ടിൽ ഇടയ്ക്കിടെ കൊണ്ടുപോകുമായിരുന്നു. നാലാം ക്‌ളാസ്സുവരെ കോട്ടയത്തെ എസ് ഡി സിസ്റ്റർമാർ നടത്തുന്ന ചിൽഡ്രൻസ് ഹോമിലായിരുന്നു അവർ പഠിച്ചത്. ഇപ്പോൾ ഓൺലൈൻ ക്‌ളാസ്സുകളുമായി അവർ അച്ചന്റെ കൂടെയുണ്ട്.

“17 – ഉം 71 -ഉം ഒരുമിച്ച് താമസിക്കുമ്പോൾ ഉണ്ടാകാറുള്ള പ്രശ്നങ്ങൾ ഉണ്ടാകാതെ ഞാൻ ശ്രദ്ധിക്കാറുണ്ട്. അവർക്ക് അവരുടേതായ വ്യക്തിത്വവും താല്പര്യവുമുണ്ട്. ഞാൻ അവരെ ഒന്നിനും നിർബന്ധിക്കാറില്ല. പക്ഷേ അവർ എല്ലാം നന്നായി ചെയ്യുന്നു.” -അച്ചൻ പറയുന്നു.

ജാനു എന്നൊരു ‘മകൾ’ കൂടിയുണ്ട് അച്ചന്. ഇപ്പോൾ കോട്ടയത്തുള്ള ജാനു ഡിഗ്രി പഠനത്തിനായി മംഗലാപുരത്തേക്ക് പോകാൻ തയാറെടുക്കുകയാണ്. ജാനുവിന്റെ കഥ ജാനു തന്നെ പറയും. “എനിക്ക് ആറു മാസം പ്രായമുള്ളപ്പോളാണ് എന്റെ അമ്മ മരിക്കുന്നത്. ശരീരത്തിൽ ആവശ്യമായ പോഷകാംശം ഒന്നുമില്ലാത്തതിനാൽ ഞാൻ മരിക്കാറായിരുന്നു. എന്നെ നോക്കാനുള്ള പേടികൊണ്ട് എന്റെ ഡാഡി അച്ചനെക്കുറിച്ച് കേട്ടറിഞ്ഞ്, എന്നെ അച്ചന്റെ അടുത്തെത്തിച്ചു. പിന്നെ എന്നെ അന്വേഷിച്ച്‌ ഡാഡി വന്നതേയില്ല. വിവിധ മഠങ്ങളിൽ നിന്നായിരുന്നു പഠനമൊക്കെ. മുംബൈയിലെ ഒരു തെരുവിൽ കിടന്നു മരിച്ചു പോകുമായിരുന്ന എനിക്ക് ഇന്ന് അച്ചൻ ഉണ്ട്. എന്റെ എല്ലാ കാര്യങ്ങൾക്കും അച്ചൻ കൂടെയുണ്ട്. ഞാൻ ജനിച്ച തെരുവിൽ എത്രയോ കുട്ടികൾ ഭക്ഷണം കിട്ടാതെ മരിച്ചു പോയിട്ടുണ്ട്, അതിലൊന്നും ഉൾപ്പെടുത്താതെ ദൈവം എന്നെ സംരക്ഷിച്ചു. അവിടുത്തേയ്ക്ക് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടല്ലോ, അത് തന്നെ എനിക്ക് സന്തോഷം നൽകുന്ന ഒന്നാണ്. ആരും ഇല്ല എന്നതിന്റെ പേരിൽ ഒരിക്കൽപ്പോലും ഇന്നുവരെ ഞാൻ കരഞ്ഞിട്ടില്ല. എനിക്ക് എന്റെ അച്ചൻ ഉണ്ടല്ലോ. അതെന്റെ ഭാഗ്യമാണ്,” ഹൃദയത്തിൽ കൈവെച്ചുകൊണ്ടാണ് ജാനു ഇത് പറഞ്ഞത്.

ഈ പെൺകുട്ടിയുടെ വാക്കുകളിൽ നിറയെ സന്തോഷം മാത്രമേ ഉള്ളൂ. കാരണം, സ്നേഹത്തിനും കരുതലിനുമായി ഒരിക്കൽപ്പോലും ഈ പെൺകുട്ടി ആരുടെ മുൻപിലും കൈ നീട്ടിയിട്ടില്ലെന്നുള്ളത് ആ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞ ജാനു ഇനി ബി. എ. ഇംഗ്ലീഷ് പഠനത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പഠനത്തിൽ മിടുക്കിയാണ് ജാനു. 1200 ൽ 1198 മാർക്ക് നേടിയ ജാനുവിന് ഐ.എ.എസ്. – കാരിയാകണമെന്നാണ് ആഗ്രഹം. ആ പുരോഹിത ഹൃദയത്തിൽ സ്നേഹമുള്ള ഒരു പിതാവുകൂടി ഉണ്ടെന്നു ഓർമ്മിപ്പിക്കുകയാണ് ജാനുവിന്റെ വാക്കുകൾ.

ഓരോ പുരോഹിതനും ഓരോ ബലിയാണ്

“ഓരോ പുരോഹിതനും ഓരോ ബലിയാണ്. നമ്മുടെ ശുശ്രൂഷകളെല്ലാം ദൈവത്തെ പ്രതിയാണ് ചെയ്യണ്ടത്. നമ്മുടെ ശുശ്രൂഷകളിൽ നമുക്ക് മഹത്വം കണ്ടെത്താൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ സാഹചര്യങ്ങളെ നമുക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളൂ. ജീവിതം ഒരു മുല്ലപ്പൂവ് പോലെയാണ്. രാത്രിയിൽ നാമറിയാതെ വിരിയുന്നു. പകലൊക്കെയും സൗരഭ്യം പൊഴിക്കുന്നു. ഉച്ചയ്ക്ക് രണ്ടു മണിയാകുമ്പോഴേക്കും അത് വാടുന്നു. വൈകിട്ട് ഒരു നാലുമണിയാകുമ്പോഴേക്കും അത് കൊഴിഞ്ഞു വീഴുന്നു. ആ പൂവിനെ ആരും ഓർമ്മിക്കില്ല. പക്ഷേ അത് നൽകിയ സൗരഭ്യത്തെ ഏവരും ഓർമ്മിക്കും. അതുപോലെയാകണം നമ്മുടെ ജീവിതങ്ങളും. നമ്മുടെ പ്രവർത്തികൾ വഴി അറിയപ്പെടേണ്ടത് കർത്താവാണ്. അവിടുത്തെ മഹത്വമാണ്,” -അച്ചൻ പറയുകയാണ്.

പറഞ്ഞാലും എഴുതിയാലും തീരാത്ത അനേകം കഥകൾ ഉണ്ട് അച്ചന്റെ ജീവിതത്തിൽ. “എനിക്കിയും ഒരുപാട് പണികൾ ബാക്കി കിടക്കുന്നുണ്ട്, ഞാൻ അതിലേക്ക് പോകട്ടെ” എന്ന് പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു ആ മിഷനറി. അതെ, അച്ചന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ബാക്കിയുണ്ട്. ജീവിതത്തിന്റെ 71 വർഷങ്ങൾക്കൊണ്ട്, തന്റെ 43 വർഷത്തെ പൗരോഹിത്യ ജീവിതം കൊണ്ട്, ചെയ്ത പ്രവർത്തികളെക്കുറിച്ച് , അനുഭവങ്ങളെക്കുറിച്ച് , ത്യാഗങ്ങളെക്കുറിച്ച് ഒരു നൂറു പുസ്തകമെഴുതിയാൽ പോലും തീരുമോ എന്ന് സംശയമാണ്. ഈ കാലമത്രയുംകൊണ്ട് ഒരു മിഷനറിയായും ഡോക്ടറായും കർഷകനായും പിതാവായുമെല്ലാം ജീവിച്ച ഈ പുരോഹിതന്റെ ജീവിതം ദൈവത്തിനു വേണ്ടിയുള്ള ശുശ്രൂഷകളായി അനുസ്യൂതം തുടരട്ടെ. ലൈഫ് ഡേയുടെ ആശംസകൾ..!

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

7 COMMENTS

  1. മിഷൻ എന്നാൽ ത്യാഗമാണ് , അതിനൊരു മനസു വേണം ദൈവത്തിലുള്ള ആഴപ്പെടൽ വേണം അച്ചന്റെ കഷ്ടതകൾ നിറഞ്ഞ ജീവിതം തന്നെ അതിനൊരു മതൃകയാണ് മിഷൻ പ്രവർത്തനം എന്നാൽ ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞതാണ് എന്ന് ഇത് വായിക്കുേ േ, ൾ ആണ് മനസിലാക്കുന്നത് അച്ചനെപ്പോലെയുള്ളവരുടെ ജീവിതംഇങ്ങനെ എങ്കിലും മനുഷ്യ മനസുകളിൽ എത്തിച്ചു തരുന്നെെ ലഫ് ഡെക്കും ലൈഫ് ഡെക്കുേ വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും . എഴുത്തുകാരിക്കും എന്റെ അനു മോധനങ്ങൾ ദൈവെത്തെ മഹത്തെപ്പെടുത്തുന്നതിന് വേണ്ടി ലൈഫ് ഡെെ ചെയ്യുന്ന മിഷൻ പ്രവർത്തനത്തിന് നന്ദി ……

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.