
രക്താർബുദം ബാധിച്ച കുഞ്ഞനുജത്തിയെ രക്ഷിക്കാൻ സ്വന്തം സ്റ്റെം സെൽ ദാനം ചെയ്ത് ലോകത്തിന്റെ ഹൃദയം കവരുകയാണ് കേഡൻ എന്ന ആറ് വയസ്സുകാരൻ.
ജോസി എന്ന പെൺകുട്ടിക്ക് വെറും 11 ആഴ്ച പ്രായമുള്ളപ്പോഴാണ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അർബുദ രോഗം സ്ഥിരീകരിക്കുന്നത്. അതിജീവനത്തിനായുള്ള കഠിനമായ പോരാട്ടത്തിനൊടുവിൽ കുഞ്ഞ് ജോസി രോഗമുക്തി നേടിയെങ്കിലും രണ്ടു വർഷത്തിനുശേഷം 2023 ഒക്ടോബറിൽ രോഗം വീണ്ടും തിരിച്ചെത്തി.
തുടർന്ന് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സ്റ്റെം സെൽ മാറ്റിവയ്ക്കൽ അല്ലാതെ മറ്റ് വഴികളില്ലെന്ന് ഡോക്ടർമാർ മാതാപിതാക്കളായ ജാനറ്റിനെയും കേസിയെയും അറിയിച്ചു. കുടുംബാംഗങ്ങളിൽ നിന്നുള്ള ദാതാവിനെ കണ്ടെത്താനായി നടത്തിയ പരിശോധനയിൽ കേഡൻ അനിയത്തിക്കായി 100% യോജിച്ച ദാതാവാണെന്ന് കണ്ടെത്തി.
താനാണ് അനിയത്തിയെ രക്ഷിക്കാൻ പോകുന്നതെന്ന് അറിഞ്ഞ സന്തോഷത്തിൽ കേഡൻ അനിയത്തിയെ കെട്ടിപ്പിടിച്ച് “ജോസി, ഞാൻ നിന്നെ രക്ഷിക്കും” എന്ന് പറയുകയായിരുന്നു.
”ഞാൻ ചെയ്തതുപോലെ മറ്റുള്ളവർക്കും അപരന്റെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവരാം.” എന്നായിരുന്നു ആശുപത്രി കിടക്കയിൽ നിന്ന് കേഡൻ നൽകിയ സന്ദേശം.
2024 ജനുവരിയിൽ കേഡൻ തന്റെ സ്റ്റെം സെല്ലുകൾ വിജയകരമായി ദാനം ചെയ്തു. സ്വന്തം കുഞ്ഞനുജത്തിയുടെ ജീവൻ രക്ഷിച്ച കേഡനെ കുടുംബവും നാടും ഇപ്പോൾ ‘സൂപ്പർ ഹീറോ’ എന്നാണ് വിളിക്കുന്നത്.




