ക്രൈസ്തവര്‍ ഇല്ലാത്ത വിശുദ്ധനാടിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പാലസ്തീന്‍ വിദേശകാര്യമന്ത്രി

ക്രൈസ്തവര്‍ വിശുദ്ധനാടിന്റെ അഭിവാജ്യഘടകമാണെന്നും ക്രൈസ്തവ വിശ്വാസികള്‍ ഇസ്ലാംമത വിശ്വാസികളെക്കാള്‍ മുന്‍പേ പാലസ്തീനില്‍ എത്തിയവരാണെന്നും പാലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക്കി. ക്രൈസ്തവ സംരക്ഷണത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ഇസ്ലാമിക പാര്‍ട്ടിയായ ഹമാസിന്റെ ക്രൈസ്തവവിരുദ്ധ നടപടികളെ വിമര്‍ശിച്ച അദ്ദേഹം തങ്ങളുടെ സന്ദേശം സഹിഷ്ണുതയും സാഹോദര്യവും ആണെന്നും രാജ്യത്തെ പ്രസിഡന്റായ മഹ്മൂദ് അബ്ബാസ് ക്രിസ്മസ് ദിവ്യബലിയില്‍ പങ്കെടുക്കുന്ന ആളാണെന്നും പറഞ്ഞു. ക്രൈസ്തവരെ അനിവാര്യഘടകമായി കരുതുന്ന പ്രാതിനിധ്യം തങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍ പാര്‍ലമെന്റില്‍ ക്രൈസ്തവരുടെ സംവരണം ഉയര്‍ത്തിയ കാര്യവും ചൂണ്ടിക്കാട്ടി.

ക്രൈസ്തവര്‍ ഇല്ലാത്ത വിശുദ്ധ നാടിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും ക്രൈസ്തവര്‍ക്കുനേരെ അസഹിഷ്ണുതാപരമായ പെരുമാറ്റം പാലസ്തീന്‍ സമൂഹത്തില്‍ നിന്ന് ഏതാനും നാളുകളായി ഉണ്ടാകുന്നുണ്ടെന്നും മാലിക്കി പറഞ്ഞു. മേയ് ആറിന് അദ്ദേഹം, വത്തിക്കാന്‍ വിദേശകാര്യമന്ത്രിയായ ആര്‍ച്ച്ബിഷപ്പ് പോള്‍ ഗല്ലഹറിനെ സന്ദര്‍ശിച്ച് രാജ്യത്തെ ക്രൈസ്തവരുടെ നിലനില്‍പുമായി ബന്ധപ്പെട്ട സ്ഥിതിഗതികളെ കുറിച്ച് ആശയവിനിയമം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.