അരങ്ങൊഴിഞ്ഞാൽ അണിയറ ശരണം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇടവകയിലെ വികാരിയച്ചന് സ്ഥലം മാറ്റമാണെന്ന് അറിഞ്ഞപ്പോൾ ജനത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം മറ്റൊന്നുമല്ല; പള്ളി പണിയുവാൻവേണ്ടി പണം സ്വരൂപിച്ച്, നിലവിലുള്ള പള്ളി പൊളിച്ച്, നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ട സമയത്താണ് ട്രാൻസ്ഫർ വാർത്തയെത്തുന്നത്.

കുറച്ചുപേർ സംഘം ചേർന്ന് അരമനയിലേയ്ക്ക് പോകുവാനൊരുങ്ങി. മറ്റു ചിലർ കാര്യങ്ങൾ അറിയാനും അച്ചനെ ആശ്വസിപ്പിക്കാനും പള്ളിയിലെത്തി. ഇടവകയിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും സംഗതി ചർച്ചാവിഷയമായി.

പിറ്റേന്ന് ഞായറാഴ്ച. പതിവിലേറെ ആളുകൾ പള്ളിയിലെത്തി. അറിയിപ്പുകളുടെ സമയത്ത് അച്ചന്‍ ഇങ്ങനെ പറഞ്ഞു: “സ്നേഹമുള്ളവരേ, എന്റെ സ്ഥലംമാറ്റ വിവരം നിങ്ങളിൽ പലരും അറിഞ്ഞുകാണുമല്ലോ? ഈ വിവരം അഭിവന്ദ്യ പിതാവ് എന്നെ മുൻകൂട്ടി അറിയിച്ചിരുന്നു. അതുകൊണ്ട് ഇക്കാര്യം പറഞ്ഞ് ആരും അരമനയിലേയ്ക്ക് പോകരുത്. ഞാനിവിടെ മൂന്നുവർഷം സേവനം ചെയ്തു. ദൈവകൃപയാൽ പുതിയ പള്ളിക്കു വേണ്ടിയുള്ള പണവും ഏറെക്കുറെ സ്വരൂപിക്കാൻ കഴിഞ്ഞു. അതായിരുന്നു എന്നെക്കുറിച്ചുള്ള ദൈവഹിതം.

ഒട്ടും വിഷമമില്ലാതെയാണ് ഞാൻ സ്ഥലം മാറി പോകുന്നത്. രൂപതയിലെ പ്രഗത്ഭരായ വൈദികരിൽ ഒരാളാണ് ഇങ്ങോട്ടു വരുന്നതെന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. എന്നേക്കാൾ അനുഭവസമ്പത്തും പ്രാവീണ്യവും നിർമ്മാണമേഖലയിൽ അച്ചനുണ്ട്. അച്ചൻ ഈ ഇടവകയെ നന്നായ് നയിക്കുമെന്നും എനിക്കുറപ്പുണ്ട്. അതുകൊണ്ട്, എന്നോട് സഹകരിച്ചതിനേക്കാൾ നല്ല രീതിയിൽ അച്ചനുമായി സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു.

ഈ മാസം ഇരുപത്തിയഞ്ചാം തീയതി ഞാൻ പുതിയ പള്ളിയിലേയ്ക്കു പോകും. പള്ളി വെഞ്ചിരിപ്പിന് എന്തായാലും വരും. ദൈവം അനുഗ്രഹിക്കട്ടെ!”

അന്നത്തെ കുർബാനയ്ക്കുശേഷം മുതിർന്നവരും യുവാക്കളും ഒരു തീരുമാനമെടുത്തു: വികാരിയച്ചൻ പറഞ്ഞതുപോലെ പുതിയ അച്ചന് ആവശ്യമായ സഹായം ചെയ്യുക. അനാവശ്യ പരാതിയുമായി ബിഷപ്സ് ഹൗസിലേയ്ക്ക് പോകാതിരിക്കുക!

അരങ്ങൊഴിഞ്ഞ് അണിയറയിലേയ്ക്ക് നീങ്ങുവാനുള്ള കൃപയാണ് നേതൃനിരയിലുള്ള ഏവരും സ്വന്തമാക്കേണ്ടത്. എനിക്കു ശേഷം വരുന്നവനും കരുത്തനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കെല്പുള്ളവനാണ് യഥാർത്ഥ നേതാവ്. അല്ലാത്തവൻ അപരനെ ഭയക്കുന്ന ഭീരുവാണ്. ക്രിസ്തുവിനെക്കുറിച്ചുള്ള സ്നാപകയോഹന്നാന്റെ വാക്കുകൾ ശ്രദ്ധിക്കൂ: “എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്‌” (യോഹ. 1:15).

ലോകത്തിൽ പലയിടത്തും അധികാരം ഒഴിഞ്ഞുകൊടുക്കാൻ താല്‍പര്യമില്ലാത്ത നേതാക്കൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ സ്നാപകയോഹന്നാനെപ്പോലുള്ള നേതാക്കന്മാർക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.