‘മെൻസെ മായിയൊ’ – മരിയന്‍ സഭാ പഠനങ്ങള്‍ 6 

മെൻസെ മായിയൊ (Mense maio) 

മെയ്‌മാസ പ്രാര്‍ത്ഥന 

മെയ് മാസത്തെ ദൈവമാതാവിന് സമർപ്പിച്ചിരിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും സമാധാന സംരക്ഷണത്തിനായി മെയ് മാസത്തിൽ പ്രാർത്ഥിക്കേണ്ടതിനെക്കുറിച്ചും പോൾ ആറാമൻ മാർപ്പാ 1965 ഏപ്രിൽ 29 -ന് പുറപ്പെടുവിച്ച ചാക്രികലേഖനമാണ് മെൻസെ മായിയൊ. മെയ് മാസം ക്രിസ്ത്യാനികൾ ദൈവാലയങ്ങളിലും ഭവനങ്ങളിലും പരിശുദ്ധ കന്യകാ മറിയത്തിന് കൂടുതൽ ഉത്സാഹത്തോടെയും സ്നേഹത്തോടെയും വണക്കവും ബഹുമാനവും നൽകുന്നത് സന്തോഷത്തോടെ അനുസ്മരിക്കുന്ന മാർപാപ്പ, പരിശുദ്ധ അമ്മയുടെ സിംഹാസനത്തിൽ നിന്ന് ദൈവത്തിന്റെ കരുണയുള്ള ദാനങ്ങളുടെ ഒരു വലിയ സമൃദ്ധി ഈ മാസം നമ്മിലേക്ക് ഇറങ്ങിവരുന്നു എന്നും വാഴ്ത്തപ്പെട്ട കന്യകയെ ബഹുമാനിക്കുന്നത് വഴി ക്രൈസ്തവജനതയ്ക്ക് സമൃദ്ധമായ നേട്ടങ്ങൾ കൈവരുന്നു എന്നും ആമുഖമായി പറഞ്ഞുവയ്ക്കുന്നു.

മെയ് മാസം ഇടവിടാതെയുള്ള കൂടുതൽ ശക്തമായ പ്രാർത്ഥനയുടെ സമയമാണെന്നും, സഭയുടെ അത്യന്താപേക്ഷിതമായ ആവശ്യങ്ങൾ നിർബന്ധിക്കുമ്പോഴോ ഗുരുതരമായ പ്രതിസന്ധികൾ മനുഷ്യരാശിയെ ഭീഷണിപ്പെടുത്തുമ്പോഴോ പൊതു പ്രാർത്ഥനകൾ അർപ്പിക്കാൻ ക്രിസ്ത്യൻ ജനതയെ പ്രേരിപ്പിക്കുന്നതിനായി ഈ മാസം തിരഞ്ഞെടുക്കുന്നത് തന്റെ മുൻഗാമികളുടെ പ്രിയപ്പെട്ട ആചാരമാണെന്നും പരിശുദ്ധ പിതാവ് സഭാമക്കളെ ഓർമ്മിപ്പിക്കുന്നു. അതിനാൽ, സഭയുടെ ആവശ്യങ്ങളും ലോകസമാധാനത്തിന്റെ അവസ്ഥയും പരിഗണിക്കുമ്പോൾ, മുഴുവൻ കത്തോലിക്കാ ലോകത്തു നിന്നുമുള്ള പ്രാർത്ഥനകൾക്കായി അഭ്യർത്ഥിക്കാൻ ഈ വർഷം താൻ നിർബന്ധിതരാകുന്നുവെന്നും, എല്ലാ ക്രിസ്ത്യാനികളുടെയും ഭാഗത്തുനിന്നുമുള്ള ഏകീകൃതമായ പ്രാർഥനയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട് എന്നും പാപ്പാ പറയുന്നു.

വിവിധ കാര്യങ്ങള്‍ക്കായി 

തുടർന്ന്, വിവിധ കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രാർത്ഥനാഭ്യർത്ഥനകൾ പരിശുദ്ധ പിതാവ് നടത്തുന്നു. ആ സമയം നടന്നുകൊണ്ടിരുന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനകൾ തേടുന്നു. കൗൺസിലിന്റെ ആരംഭം മുതൽ സ്നേഹപൂർവമായ സഹായം നൽകിയ സഭയുടെ മാതാവായ പരിശുദ്ധ മറിയം, അത് പൂർത്തിയാകുന്നതുവരെയും തങ്ങൾക്കൊപ്പം ഉണ്ടായിരിക്കും എന്ന് ഉറപ്പിച്ച് പറയുന്ന പാപ്പാ, ഈ മഹത്തായ ജോലി പൂർത്തിയാക്കുന്നതിന് ആവശ്യമായ പ്രബുദ്ധതയും ദൈവാനുഗ്രഹവും നേടുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ലോകസമാധാനത്തിനു വേണ്ടി 

ലോകസമാധാനം വീണ്ടും അപകടത്തിലാക്കുന്ന അസ്വസ്ഥവും അനിശ്ചിതവുമായ അന്നത്തെ അന്താരാഷ്ട്രസ്ഥിതികളെയും, ലോകത്തിന്റെ ചില ഭാഗങ്ങളിൽ രാഷ്ട്രങ്ങൾക്കിടയിൽ രൂക്ഷമാകുന്ന സംഘർഷങ്ങളെയും, മുഴുവൻ രാജ്യങ്ങളിലെയും നിവാസികളെ പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകൾക്ക് വിധേയരാക്കുന്ന പ്രക്ഷോഭങ്ങളെയും വഞ്ചനാപരമായ രഹസ്യയുദ്ധങ്ങളെയും പ്രത്യക്ഷമായ യുദ്ധങ്ങളെയും അപലപിക്കുന്ന മാർപാപ്പ, സമാധാനത്തിനുവേണ്ടിയുള്ള ലോകജനതയുടെ തീവ്രമായ ആഗ്രഹത്തെ അവഗണിക്കരുതെന്ന് ലോകരാഷ്ട്ര നേതാക്കളോട് അഭ്യര്ത്ഥിക്കുന്നു. മനുഷ്യജീവന്റെ പവിത്രവും അലംഘനീയവുമായ സ്വഭാവത്തെ മാനിക്കാത്ത എല്ലാറ്റിനെയും തള്ളിപ്പറയുന്നതോടൊപ്പം മനുഷ്യകുലം മുഴുവനോടുമുള്ള തന്റെ പരിഗണനയും വാത്സല്യവും മാർപാപ്പ വ്യക്തമാക്കുന്നു.

സമാധാനം ദൈവ സമ്മാനം 

സമാധാനം മനുഷ്യന്റെ പ്രവൃത്തി മാത്രമല്ല, ഇത് പ്രാഥമികമായി ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണെന്നും സർവശക്തനായ ദൈവത്തിൽ നിന്ന് ഈ സമ്മാനം സ്വീകരിക്കാൻ തങ്ങൾ യോഗ്യരാണെന്ന് തെളിയിക്കുമ്പോൾ സമാധാനം മനുഷ്യർക്കിടയിൽ വാഴും എന്നും പഠിപ്പിക്കുന്ന പാപ്പാ, അതിനായി സമാധാനരാജ്ഞിയായ [പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥതയും സംരക്ഷണവും തുടർന്നുവരുന്ന മെയ്മാസം മുഴുവൻ പ്രാർത്ഥനയിലൂടെ തേടാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

പരിശുദ്ധ അമ്മയുടെ സഹായം 

ഭൗമികജീവിതത്തിന്റെ കരുതലുകളും കഷ്ടപ്പാടുകളും ദൈനംദിന അദ്ധ്വാനത്തിന്റെ ക്ഷീണവും ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകളും പരീക്ഷണങ്ങളും കാൽവരിയിലെ സങ്കടങ്ങളും അനുഭവിച്ച,പരിശുദ്ധ കന്യക, സഭയുടെയും മനുഷ്യരാശിയുടെയും ആവശ്യങ്ങളിൽ സഹായവുമായി വരട്ടെ എന്നും സമാധാനത്തിനായി യാചിക്കുന്ന ലോകമെമ്പാടുമുള്ളവരുടെ ഭക്തിയുള്ള അഭ്യർത്ഥനകൾ അവൾ കൃപയോടെ കടാക്ഷിക്കട്ടെ എന്നും രാഷ്ട്രങ്ങളെ ഭരിക്കുന്നവരുടെ മനസ്സിനെ അവൾ പ്രകാശിപ്പിക്കട്ടെ എന്നും ആശംസിച്ചുകൊണ്ടും ലോകം മുഴുവനുമുള്ള രൂപതകളിലും ഇടവകകളിലും മെയ് മാസം മുഴുവനും പ്രത്യേക പ്രാർത്ഥനകൾ, വിശിഷ്യാ പരിശുദ്ധ അമ്മയുടെ രാജ്ഞിത്വത്തിന്റെ തിരുനാൾ ദിനമായ മെയ് 31 ന് ആഘോഷപൂർവ്വമായ പൊതുപ്രാർത്ഥനകൾ, നടത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും മാർപാപ്പ തന്റെ ചാക്രികലേഖനം ഉപസംഹരിക്കുന്നു.

ഡോ. സെബാസ്റ്യന്‍ മുട്ടംതൊട്ടില്‍ mcbs 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.