അമ്മവിളക്ക് അണഞ്ഞുപോകുമ്പോൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അമ്പതുകളിലെത്തിയ ഒരു സുഹൃത്തുണ്ട്. അധിക നാളായില്ല അദ്ദേഹത്തിന്റെ അമ്മ വിടവാങ്ങിയിട്ട്. അമ്മയുടെ വേർപാടിലൂടെ നഷ്ടമായ ചില നന്മകളെക്കുറിച്ച് അദ്ദേഹം ഒരിക്കൽ സംസാരിക്കുകയുണ്ടായി.

“അച്ചനറിയുമോ, ഞങ്ങളെ ദൈവവുമായി ബന്ധിപ്പിച്ചിരുന്ന കണ്ണിയായിരുന്നു അമ്മ. പള്ളിയിൽ കുരിശുമണിയടിക്കുമ്പോഴേ പ്രാർത്ഥനയുടെ ഓർമ്മപ്പെടുത്തലുമായി അമ്മയെത്തും. ചിലപ്പോഴൊക്കെ ഞങ്ങൾ അമ്മയെ ധിക്കരിച്ച് ടെലിവിഷനു മുമ്പിൽ വട്ടംകൂടുമ്പോൾ, അമ്മ വന്ന് ‘പ്രാർത്ഥന ചൊല്ലാമെടാ മക്കളേ’ എന്ന് ശാഠ്യം പിടിക്കും. എന്തൊക്കെയായാലും അമ്മയുടെ ഓർമ്മപ്പെടുത്തൽ കാരണം കുടുംബപ്രാർത്ഥന മുടങ്ങിയ ദിവസങ്ങൾ കുറവായിരുന്നു. ഇന്നിപ്പോൾ അങ്ങനെയൊരു ഓർമ്മപ്പെടുത്തൽ നൽകാൻ ആരുമില്ല എന്നോർക്കുമ്പോൾ ഹൃദയത്തിലൊരു വിങ്ങൽ.

ഭാര്യയാണെങ്കിൽ നൂറുകൂട്ടം പണികളിലായിരിക്കും. എനിക്കാണെങ്കിൽ പ്രാർത്ഥിക്കാൻ ചില സമയത്ത് അത്ര താല്‍പര്യവുമുണ്ടാകണമെന്നില്ല. പ്രാർത്ഥനയ്ക്കുശേഷം സ്തുതി കൊടുക്കുമ്പോൾ പരസ്പരം ഉമ്മ നൽകുന്ന ശീലം പൊതുവെയുണ്ടല്ലോ? മിക്കവാറും വഴക്കുകൾ ആ ചുംബനത്തിൽ അലിഞ്ഞില്ലാതാകുകയാണ് പതിവ്. പ്രാർത്ഥന കുറഞ്ഞപ്പോൾ മുഖം വീർപ്പിക്കലുകളും തിരിഞ്ഞുകിടക്കലുകളും മിണ്ടാതെ നടക്കലുകളുമെല്ലാം വർദ്ധിച്ചു. മനസുകൾക്ക് അകലവും കൂടി.”

ആ സുഹൃത്തിന്റെ തുറന്നുപറച്ചിലിനെ ഞാൻ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിലേയ്ക്ക് നോക്കി ഞാൻ പറഞ്ഞു: “ഒരു വൃക്ഷം വെട്ടിമാറ്റിക്കഴിയുമ്പോഴാണ് അത് എത്രമാത്രം തണൽ നൽകിയിരുന്നു എന്ന് നാം തിരിച്ചറിയുക. അമ്മ എന്ന തണൽ ഇല്ലെന്ന യാഥാർത്ഥ്യം അംഗീകരിക്കണം. ഒപ്പം അമ്മയെപ്പോലെ തണൽമരമാകാനുള്ള വെല്ലുവിളിയും ഏറ്റെടുക്കണം. സന്ധ്യയാകുമ്പോൾ എല്ലാവരെയും വിളിച്ച് പ്രാർത്ഥിക്കാൻ ഒന്നിച്ചുകൂട്ടണം. അതിന്റെ നേതൃത്വം നിങ്ങളോ ഭാര്യയോ ഏറ്റെടുക്കണം. ആദ്യമൊക്കെ കുറച്ച് എതിർപ്പുകൾ ഉണ്ടായാലും സാവധാനം എല്ലാം ശരിയാകും. സാധിക്കുമെങ്കിൽ ഒരുമിച്ച് പള്ളിയിൽ പോകാനും മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കാനും ശ്രദ്ധിക്കണം.”

എനിക്ക് നന്ദി പറഞ്ഞുകൊണ്ട് ഉറച്ച ബോധ്യത്തോടെ അദ്ദേഹം മടങ്ങിയപ്പോൾ ആ മനുഷ്യന്റെ ഹൃദയവിശാലതയോർത്ത് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. ഏതൊരു കുടുംബത്തെയും ദൈവത്തിലേയ്ക്കടുപ്പിക്കുന്ന ചൂണ്ടുവിരലുകളാണ് മാതാപിതാക്കൾ. മക്കൾക്ക് എല്ലാ സൗകര്യങ്ങളും നൽകുമ്പോഴും പ്രാർത്ഥിക്കാനും ദൈവാലയ സന്ദർശനത്തിനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുമെല്ലാം അവരെ പ്രേരിപ്പിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നത് നമ്മുടെ വരുംതലമുറകളായിരിക്കും.

ഇവിടെയാണ് സ്നാപകന്റെ ദൗത്യം കുടുംബത്തിലെ മാതാപിതാക്കൾ സ്വീകരിക്കേണ്ടത്. തന്റെ കൂടെ നടക്കുന്നവർക്ക് നൽകാൻ ക്രിസ്തുവിനേക്കാൾ വലിയൊരു സമ്മാനമില്ലെന്നു തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു സ്നാപകൻ. അവന്റെ വാക്ക് കേട്ടാണ് ശിഷ്യന്മാർ ക്രിസ്തുവിനെ അനുഗമിച്ചത് (Ref: യോഹ. 1:35-42).

ദൈവാനുഗ്രഹത്തിന്റെ സ്രോതസുകളും മക്കളെ ദൈവവുമായി അടുപ്പിക്കുന്ന കണ്ണികളുമാകുവാൻ എല്ലാ മാതാപിതാക്കൾക്കും കഴിഞ്ഞിരുന്നെങ്കിൽ…

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.