ആത്മീയതയുടെ അംബാസിഡറായ അയർലണ്ടുകാരി മുത്തശ്ശി

കോവിഡ് 19 നമ്മുടെ എല്ലാം ജീവിതങ്ങളെ ഒരുപാട് മാറ്റി മറിച്ചു. സാമൂഹികപരമായ അകൽച്ചയിൽ നിന്നുകൊണ്ട് ദൈവത്തോട് കൂടുതൽ അടുക്കുവാനുള്ള ഒരു വലിയ അവസരമായാണ് ഇപ്പോളത്തെ ഈ സാഹചര്യത്തെ നാം കാണുന്നത്. വിശ്വാസ ജീവിതത്തിൽ ദൈവത്തോടൊപ്പം ആയിരിക്കുന്നതിനും അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ കൂടെ ആയിരിക്കുന്നവർക്കു വേണ്ടിയും അകലങ്ങളിൽ ആയിരിക്കുന്നവർക്കുവേണ്ടിയും സമയവും ഹൃദയത്തിലെ നന്മയും പകർന്നുകൊടുക്കുവാൻ സാധിക്കുന്നു എന്നുള്ളതാണ് ഈ മഹാമാരി നമുക്ക് നൽകിയ വലിയ സാധ്യത. ഈ സാധ്യതകളെ ദൈവത്തിന്റെ കൂടെ ആയിരിക്കുവാൻ തന്റെ പരാമാവധി സമയവും പ്രയോജനപ്പെടുത്തുന്ന 107 വയസ്സുള്ള ഒരു അയർലണ്ടുകാരി മുത്തശ്ശിയുണ്ട്. ജീവിതത്തിലെ സായാഹ്നങ്ങളിലും ഊർജ്ജസ്വലതയോടെ ദൈവത്തിന്റെ സ്വരം ശ്രവിക്കുവാനായി ആഗ്രഹിക്കുന്ന ഈ മുത്തശ്ശിയുടെ ഓൺലൈൻ വിശ്വാസ ജീവിതത്തിലേക്ക് ഒരു ആത്മീയ സർഫിങ്.

നാൻസി സ്റ്റുവാർട്ട് എന്ന 107 വയസ്സുള്ള മുത്തശ്ശി ഇന്ന് അയർലണ്ടിന്റെ ആത്മീയതയുടെ അംബാസിഡർ ആകുകയാണ്. ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികൾ ഓൺലൈൻ ബലിയർപ്പണത്തിൽ പങ്കുചേർന്നുകൊണ്ട് കോവിഡിനിടയിലും വലിയൊരു വിശ്വാസ വിപ്ലവം സൃഷ്ടിച്ചെങ്കിലും നാൻസി മുത്തശ്ശി തന്റെ ദൈവത്തിനായി എപ്പോളും ‘ഓൺലൈൻ’ ആണ്. അയർലണ്ടിലെ 32 സ്ഥലങ്ങളിൽനിന്നും പോഡ്കാസ്റ്റ് ചെയ്യുന്ന ദിവ്യ ബലിയർപ്പണത്തിൽ പങ്കെടുത്തുകൊണ്ട് തന്റെ പരമാവധി സമയം ഓൺലൈൻ വിശ്വാസ പ്രഘോഷണത്തിനായി ചേർത്തുവെക്കുകയാണ് അവർ.

കഴിഞ്ഞ മാർച്ച് മുതൽ തന്റെ കൊച്ചു മകൾ ലൂയിസ് കൊഗ്‌ലാന്റെ കൂടെയാണ് നാൻസി സ്റ്റുവാർട്ട്. പ്രായമേറിയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ മാനിച്ചു പുറത്തേക്കിറങ്ങുവാൻ കഴിയുന്നില്ലെങ്കിലും  ഈ മുത്തശ്ശിയും കൊച്ചു മകളും വളരെ തിരക്കിലാണ്. തന്റെ മുത്തശ്ശിക്കായി നിർമ്മിച്ച ‘ലിവിങ് ആൻഡ് ലാഫിങ് വിത്ത് ലൂ’ എന്ന ഫേസ്ബുക് പേജിൽ അവരുടെ വിശ്വാസ ജീവിതത്തിലെ കാണാപ്പുറങ്ങളും സാഹസികതകളും പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളും വിശുദ്ധ ബ്രിജിത്തായുടെ തിരുനാൾ ദിനത്തിൽ കുരിശുമായി നിൽക്കുന്ന സ്ത്രീകളുടെ ഫോട്ടോയും, ഐറിഷ് വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ നടത്തിയ വെർച്വൽ വിശുദ്ധ കുർബാനയുമൊക്കെ ഇവരുടെ മുഖ പുസ്തക താളുകളിൽ ചേർക്കപ്പെട്ടിരിക്കുന്നു.

വെർച്വൽ ലോകത്തെ ഈ പക്വതയാർന്ന സുവിശേഷ പ്രഘോഷണത്തിനു മിഴിവേകുവാൻ ലോകത്തെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ഓൺലൈൻ കുർബാനയ്ക്ക് പങ്കുചേരുവാൻ ക്ഷണം ലഭിച്ചിട്ടുണ്ട് ഈ 107 -കാരിക്ക്. വെർച്വൽ ലോകത്തിൽ തീർത്ഥാടനത്തിനായി എത്തപ്പെടുന്ന വിശ്വാസികൾക്ക് ഈ ഐറിഷ് മുത്തശ്ശിയുടെയും കൊച്ചുമകളുടേയും വിശ്വാസ പ്രഘോഷണം പുതിയ അനുഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. വീടിന്റെ അകത്തളങ്ങളിലിരുന്നുകൊണ്ട് ദൈവത്തെ പ്രഘോഷിക്കുവാൻ ലഭിക്കുന്ന ഓരോ അവസരങ്ങളെയും വലിയ സാധ്യതകളാക്കുന്ന ഈ മുത്തശ്ശിയുടെയും കൊച്ചു മകളുടെയും ആത്മീയതയുടെ തലങ്ങൾ നമുക്കും മാതൃകയാക്കാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.