ഓര്‍മ്മയായ്

[avatar user=”Makkichan” size=”120″ align=”right” /]

ഏറെ ദൂരങ്ങള്‍ അയാള്‍ സഞ്ചരിച്ചു. ഒടുവില്‍ ആള്‍ത്തിരക്കൊഴിഞ്ഞ ഒരു പൊതുശ്മശാനത്തിങ്കലയാളെത്തി. തുറന്നുകിടന്ന ഗെയിറ്റിലൂടെ അകത്തു പ്രവേശിച്ചു.

എങ്ങും നിശ്ശബ്ദത. മാര്‍ബിള്‍ കല്ലുകള്‍കൊണ്ട് തീര്‍ത്ത സ്മൃതികുടീരങ്ങള്‍. ഒരുവന്‍റെ ജീവിതത്തിന്‍റെ ദൂരം ആര്‍ക്കും കണക്കുകൂട്ടാവുന്ന വിധത്തില്‍ തങ്ങളുടെ പ്രിയരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുമായി ജനനവും മരണവും മാര്‍ബിള്‍ കല്ലുകളില്‍ കുറിച്ചിട്ടുണ്ട്. കുറേ ജീവിതങ്ങളുടെ കണക്കുകൂട്ടി അയാള്‍ കുറേ നേരം നടന്നു. ഒടുവിലായി ഒരു മരത്തണലില്‍ ഇരുന്നു. കാഴ്ചകളൊക്കെ മനസ്സില്‍ ചിന്തകളുണര്‍ത്തുന്നതിനാല്‍ പിന്നെ അയാള്‍ തന്‍റെ ചിന്തകളിലേക്കു മടങ്ങി.

ഓര്‍മ്മകളിലേക്കുള്ള ഒരുവന്‍റെ മടക്കയാത്രയാണത്രേ മരണം. ഒരു ഓര്‍മ്മക്കുറിപ്പായി കാലം കുറിച്ചിട്ട വരികളാണ് എന്‍റേയും നിന്‍റേയും ജീവിതം. ഒരു ഓര്‍മ്മയുടെ ദൂരമാണത്രേ ജീവിതത്തിന്‍റെ ദൂരം. എല്ലാ ഓര്‍മ്മകളും ഒരുപോലെ മനസ്സില്‍ തങ്ങിനില്ക്കില്ലാത്തതുപോലെ ചിലരൊക്കെ വേഗം ഓര്‍മ്മയില്‍ മറയുന്നു. ചിലര്‍ ക്കൊക്കെ ആയുസ്സിന്‍റെ പുസ്തകത്തില്‍ നാളുകളേറെ ഈശ്വരന്‍ കുറിച്ചിട്ടു. ഓര്‍മ്മയാകാന്‍ തിടുക്കംകാട്ടി ഈശ്വരന്‍റെ കുറിപ്പടിയെ തിരുത്തി എഴുതുന്നവരും ചുരുക്കമല്ല അത്രേ.

ഓര്‍മ്മയില്‍ മറഞ്ഞവരൊക്കെ പറഞ്ഞവശേഷിപ്പിച്ച ഒരു കഥയുണ്ട്, ഒരു ജീവിതപാഠമുണ്ട്. പലരും വായിക്കാന്‍ മറന്നുപോകുന്ന ഒന്നായി കാലം അതിനെ ഓര്‍മ്മയില്‍ കാത്തുസൂക്ഷിക്കുന്നു. കാലം കുറിച്ചുവെച്ച കഥയാണത്രേ അനുഭവങ്ങള്‍.
ഇന്നലെ ഇന്ന് നാളെ എന്ന സഞ്ചാരപഥത്തില്‍ ദൂരവിത്യാസങ്ങളോടെ സഞ്ചരിച്ച മനുഷ്യന്‍റെ ജീവിതകഥയാണത്രേ ഈ അനുഭവങ്ങള്‍. അനുഭവങ്ങള്‍ക്കൊക്കെ ഒരു പഠനകളരിയുടെ പശ്ചാത്തലസംഗീതമുണ്ട്. ജീവിതം മുഴുവന്‍ ഒരു പഠനകളരിയുടെ അനുഭവമാണത്രേ. അതിന് സംഗീതത്തിന്‍റെ സ്വരമുണ്ട്, വാദ്യഘോഷങ്ങളുടെ അകമ്പടിയുണ്ട്, ഉണര്‍ത്തുപാട്ടിന്‍റെ വരികളുണ്ട്.

ഒരുവന്‍റെ അനുഭവങ്ങളാണത്രേ അവന്‍റെ അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്‍റെ സമ്പത്ത്. ഓര്‍മ്മയില്‍ മറയുംമുമ്പേ ഒരുവന്‍ കാലത്തിന്‍റെ കൈയില്‍ ഭരമേല്പിക്കുന്ന തന്‍റെ ജീവിതത്തിന്‍റെ സമ്പാദ്യമാണത്രേ അനുഭവങ്ങള്‍. ഭൗതീകതയുടെ ബന്ധങ്ങളില്ലാത്ത ഈ സമ്പാദ്യങ്ങള്‍ കാലം തന്‍റെ ചുമലില്‍ താങ്ങി സഞ്ചരിക്കുന്നു. ഒരു കൈതാങ്ങിന്‍റെ തണല്‍മരചോലയില്‍ തന്‍റെ ചുമലിന്‍റെ ഭാരം ഇറക്കാന്‍ കാലം കൊതിക്കുന്നു. പക്ഷേ, തിരക്കേറുന്ന ജീവിതവഴികളിലൊക്കെയും മനുഷ്യന്‍ തേടുന്നത് സഞ്ചിയിലെ സമ്പാദ്യങ്ങളാണത്രേ.

തന്‍റെ ചുമടൊന്നു താങ്ങാന്‍ ആരുമില്ലാതെ കാലവും ചിലപ്പോഴൊക്കെ കണ്ണുനീര്‍ പൊഴിക്കുന്നുവത്രേ. കാലം പൊഴിച്ച കണ്ണുനീരിന്‍റെ കഥയില്‍ കണ്‍മറയത്തായ ജീവിതങ്ങളും ഏറെയുണ്ടത്രേ. കാലവര്‍ഷങ്ങളുടെ കൊടുംവേനലും, കൊള്ളിയാനും, ഉരുള്‍പൊട്ടലും, ഭൂകമ്പവുമൊക്കെ കാലം പൊഴിച്ച കണ്ണുനീരിന്‍റെ കഥയായി അവശേഷിക്കുന്നു. ആ കഥയില്‍ ഓര്‍മ്മയായ ജീവിതങ്ങളുമേറെ.

ജീവിതം ഒരുവന്‍റെ വഴിയാത്രയില്‍ പല ഓര്‍മ്മകള്‍ സമ്മാനിക്കുമ്പോള്‍ കാലം മുഴക്കുന്ന ഒരു സ്വരമുണ്ട്: ഓര്‍മ്മകളിലേക്കുള്ള ഒരുവന്‍റെ മടക്കയാത്രയാണ് മരണം. മരണം എന്ന ഒരു ഓര്‍മ്മയുടെ ദൂരമേയുള്ളൂ എന്‍റെയും നിന്‍റെയും ജീവിതത്തിന്. പകലിന്‍റെ ചൂടൊക്കെ കെട്ടടങ്ങി. ആളുകളൊക്കെ തങ്ങളുടെ പ്രിയരുടെ ഓര്‍മ്മകൂടാരങ്ങളില്‍ തിരിതെളിക്കാന്‍ എത്തിത്തുടങ്ങി. അയാള്‍ തന്‍റെ ചിന്തകളില്‍നിന്നും ഉണര്‍ന്ന് യാത്ര തുടര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.