ഇഷ്ടങ്ങള്‍

ആരും തന്നെ മനസ്സിലാക്കുന്നില്ല എന്നതാണ് അവന്റെ വേദന. പ്രായത്തിന്‍റെ ചാപല്യമെന്നും പക്വതയില്ലായ്മയെന്നുമൊക്കെ അവന്റെ വേദനകള്‍ക്ക് ആളുകള്‍ പേരുകൊടുത്തു. ഇഷ്ടപ്പെട്ടതിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? അല്ലെങ്കില്‍ തന്നെ ചില ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെയല്ലേ ജീവിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുക.

ഇഷ്ടപ്പെടുക, സ്വന്തമാക്കുക, കിട്ടിയാല്‍ സന്തോഷം കിട്ടിയില്ലെങ്കില്‍ സങ്കടം ഇങ്ങനെ നീളുന്നുവത്രേ ഇഷ്ടങ്ങള്‍. പലപ്പോഴും മനസ്സിന്റെ വേലിയാറ്റങ്ങളാണത്രേ ഇഷ്ടങ്ങള്‍ സമ്മാനിക്കുക. ചിലപ്പോഴൊക്കെ അതു തീവ്രമാകും, ചിലപ്പോഴൊക്കെ അപക്വമാകും. എങ്കിലും ഇത്തിരി ദൂരങ്ങള്‍ക്കൊടുവില്‍ അവന്റെ മനസ്സ് പക്വമാകും. കണ്ണും കാതും ഹൃദയത്തെ തൊട്ടുണര്‍ത്തുമ്പോള്‍ ഇഷ്ടങ്ങള്‍ ജനിക്കുന്നു. ചില കാഴ്ചകള്‍, ചില കേള്‍വികള്‍, ചില സ്പര്‍ശനങ്ങള്‍ ഹൃദയത്തിലുണര്‍ത്തുന്ന വികാരതീവ്രതയ്ക്ക് ആളുകള്‍ കൊടുക്കുന്ന പേരാണത്രേ ഇഷ്ടം.

കുഞ്ഞുനാളില്‍ പപ്പയുടെ കൈയും പിടിച്ച് തിരുനാളിനു പോയപ്പോള്‍ വഴിനീളെ കണ്ട കളിപ്പാട്ടങ്ങള്‍ ഇഷ്ടപ്പെട്ട് വാങ്ങിച്ച് നല്കാന്‍ വഴക്കുണ്ടാക്കിയത് അവന്‍ ഓര്‍ത്തു. പിന്നെ തന്‍റെ കളിക്കൂട്ടുകാരിയോട് തോന്നിയ ഇഷ്ടം, എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയാതെ മനസ്സിലൊളിപ്പിച്ച ഇഷ്ടങ്ങള്‍, നിന്നെ എനിക്ക് ഇഷ്ടമാണെന്ന് കാതുകുളിര്‍ക്കേ കേട്ട ഇഷ്ടങ്ങള്‍, പുസ്തകത്താളില്‍ കുറിച്ചിട്ട ഇഷ്ടങ്ങള്‍, പങ്കിട്ട സൗഹൃദങ്ങളിലെ ഇഷ്ടം, വായിച്ച പുസ്തകങ്ങളോട്, കണ്ടുമുട്ടിയ സഹയാത്രികരോട്, പിന്നെ കച്ചവടക്കാര്‍ ഒരുക്കിവച്ച ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ പലതിനോടും തോന്നിയ ഇഷ്ടങ്ങള്‍. ചില ഇഷ്ടങ്ങളൊക്കെ വെറുതെ മനോരാജ്യങ്ങളിലെ സ്വപ്നങ്ങളായി അവശേഷിക്കും. ചിലതൊക്കെ സ്വപ്നവഴികളില്‍ പൂവണിയും.

മനുഷ്യന്റെ ഇഷ്ടങ്ങള്‍ക്കൊക്കെ മൂന്ന് മാനങ്ങള്‍ കല്പിച്ചിട്ടുണ്ടത്രേ – ധനം, സുഖം, ഈശ്വരന്‍. സമ്പാദ്യം, ആര്‍ഭാടം, ആഢംബരം, അധികാരം ഇങ്ങനെ ധനവും സുഖവും വീണ്ടും ഇഷ്ടങ്ങള്‍ ഉണര്‍ത്തുന്നുവത്രേ. പലപ്പോഴും അങ്ങനെയാണ് എല്ലാ ഇഷ്ടങ്ങള്‍ക്കുമൊടുവില്‍ ഒരുവന്‍ ഇഷ്ടപ്പെടുന്ന പരമസത്യമണ് ഈശ്വരന്‍. ചിലരൊക്കെ അവിടെയും വഴിമാറി നടക്കുന്നുവെന്നതാണ് ജീവിതത്തിന്‍റെ വൈരുദ്ധ്യം. എങ്കിലും യാത്രയവസാനിക്കുംമുമ്പേ ഈശ്വരനെന്ന സത്യത്തെ എല്ലാവരും ഇഷ്ടപ്പെടുമത്രേ.
ഗുരുക്കന്മാരൊക്കെ പറയും ഇഷ്ടങ്ങളെ ത്യജിക്കുക. പലപ്പോഴും ഒരാള്‍ ഇല്ലാതാകുന്നത്ര വേദന അതിന്റെ പിന്നിലുണ്ടത്രേ. എങ്കിലും കുറെ ദൂരങ്ങള്‍ക്കൊടുവില്‍ അവന്‍ തന്റെ പല ഇഷ്ടങ്ങളെയും ത്യജിച്ച് ഈശ്വരനെന്ന പരമസത്യത്തെ ഏറെ ഇഷ്ടപ്പെടാന്‍. പിന്നെ എല്ലാ ഇഷ്ടങ്ങള്‍ക്കും ഒരു ദിവ്യതയുടെ പരിമളം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.