ഭയം

[avatar user=”Makkichan” size=”120″ align=”right” /]

രാത്രി എന്നും അവന് ഭയമായിരുന്നു. പറഞ്ഞുകേട്ട കഥകളും, വായിച്ചറിഞ്ഞ രാത്രിയുടെ ഭീകരതയുമൊക്കെ അവന്‍റെ മനസ്സില്‍ ഭയത്തെ വര്‍ദ്ധിപ്പിച്ചിരുന്നു. പ്രേതങ്ങളും ഭൂതങ്ങളും കൊള്ളയും കള്ളത്തരങ്ങളും മനുഷ്യന്‍റെ കാപട്യങ്ങളുമൊക്കെ അഴിഞ്ഞാടുന്നത് രാത്രിയിലാണ് എന്ന ചിന്ത അയാളുടെ മനസ്സില്‍ രൂഢമൂലമായി. രാത്രിയായാല്‍ പിന്നെ തനിച്ച് വീടിന്‍റെ പുറത്തിറങ്ങില്ല.

അങ്ങനെയിരിക്കെ ഒരുനാള്‍ ആ ഗ്രാമത്തില്‍ ഒരു ഗുരുവര്യന്‍ എത്തിച്ചേര്‍ന്നു. കാഴ്ചയിലെ ദിവ്യനായ ഒരു മനുഷ്യന്‍. സത്യമായ ഈശ്വരനെ തിരിച്ചറിഞ്ഞ ആനന്ദം കുടികൊള്ളുന്ന മുഖകാന്തി. ജീവിതത്തിന്‍റെ ഭാവിഭൂതങ്ങളിലേക്ക് തുളച്ചുനോക്കുന്ന മിഴിയഴക്, മനസ്സിന്‍റെ ചലനങ്ങളെ തിരിച്ചറിയുന്ന ദീര്‍ഘദൃഷ്ടി എന്ന് ആ ഗുരുവര്യനെ കണ്ടവരൊക്കെ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു. എല്ലാം കേട്ടപ്പോള്‍ അയാള്‍ക്കും തോന്നി, ഈ ഗുരുവര്യനെ ഒന്നു കാണുക തന്നെ. തന്‍റെ മനസ്സിനെ അലട്ടുന്ന ഭയത്തില്‍നിന്ന് മോചിപ്പിക്കുവാന്‍ ഇയാള്‍ക്ക് കഴിയുമായിരിക്കും, അയാള്‍ തന്നോടുതന്നെ പറഞ്ഞു.

അങ്ങനെ അയാള്‍ ആ ഗുരുവര്യന്‍റെ അടുത്തെത്തി. ആളുകള്‍ പറയുന്നത് ശരിതന്നെ എന്ന് അയാള്‍ക്കും തോന്നി. ഒരു ദിവ്യത യുടെ ആനന്ദം അനുഭവിക്കുന്ന ആള്‍തന്നെ, അയാള്‍ മനസ്സിലുറപ്പിച്ചു. അയാള്‍ ആ ഗുരുവര്യന്‍റെ മുമ്പില്‍ തന്‍റെ സങ്കടം ഉണര്‍ത്തിച്ചു: തന്‍റെ മനസ്സിന്‍റെ ഭയം മാറണം. ആ ഗുരുവര്യന്‍ അയാളെ ശാന്തമായി തന്‍റെ അടുത്തിരുത്തി. മനസ്സില്‍ പതിഞ്ഞ ഓര്‍മ്മകളിലേക്കും അനുഭവങ്ങളിലേക്കുമൊക്കെ തിരിച്ചു നടത്തി. കുറിച്ചിട്ട ഒരു കഥപോലെ അയാള്‍ തന്‍റെ മനസ്സിനെ ആ ഗുരുവര്യന്‍റെ മുമ്പില്‍ വായിച്ചു കേള്‍പ്പിച്ചു. ചില തിരുത്തി എഴുത്തുകളും വ്യാഖ്യാനങ്ങളും പുനര്‍വ്യാഖ്യാനങ്ങളും നല്കി അയാളുടെ കഥയില്‍ പങ്കുചേര്‍ന്നു.

അങ്ങനെ കുറെ സമയങ്ങള്‍ക്കൊടുവില്‍ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം അയാള്‍ കണ്ണു തുറന്നു. നേരം ഇരുട്ടിതുടങ്ങി. എങ്കിലും അയാളുടെ മനസ്സില്‍ ഭയം അനുഭവപ്പെടുന്നില്ല. ആ ഗുരുവര്യന് നന്ദിപറഞ്ഞ് അയാള്‍ തന്‍റെ വീട്ടിലേക്കു മടങ്ങി. മടങ്ങുംമുമ്പായി ഗുരുവര്യന്‍ അയാളോടായി പറഞ്ഞു; മനസ്സിന്‍റെ സങ്കല്പങ്ങളാണ് പലപ്പോഴും ഭയത്തെ ജനിപ്പിക്കുക. ചില രൂപങ്ങള്‍, ചില ഭാവങ്ങള്‍, ചില തെറ്റായ അറിവുകള്‍ അങ്ങനെ പലതും. മനസ്സില്‍ തീര്‍ക്കുന്ന രൂപഭാവങ്ങളോടുള്ള മനുഷ്യമനസ്സിന്‍റെ അകലങ്ങളാണ് പലപ്പോഴും ഭയം ജനിപ്പിക്കുക. ഏതായാലും അയാള്‍ വീട്ടിലെത്തിയപ്പോള്‍ നേരം നന്നായി ഇരുട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.