ആല്‍ബീന

ഒരു നിലവിളിയുടെ സ്വരം അപ്പോഴും കേള്‍ക്കാമായിരുന്നു. ദൈവമേ എന്തുകൊണ്ട് ഈ ക്രൂരത എന്നോട്? ദൈവാലയത്തിന്‍റെ ഒരു കോണില്‍നിന്ന് കരയുന്ന ആല്‍ബീനയുടെ സ്വരമായിരുന്നു അത്. ജീവിതം സമ്മാനിച്ചതൊക്കെയും ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ മാത്രം. മണലാരണ്യത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ അവളെ എപ്പോഴും മദിച്ചിരുന്നു.

എന്‍റെ ദുഃഖങ്ങളില്‍ ഞാന്‍ തനിച്ചാണെന്നവള്‍ തന്നോടുതന്നെ പറഞ്ഞു. ഉഷ്ണക്കാറ്റില്‍ വാടിക്കരിഞ്ഞുപോയ പൂവുപോലെ തന്‍റെ ജീവിതവും വാടിക്കരിഞ്ഞിരിക്കുന്നുവെന്ന് അവള്‍ വിശ്വസിച്ചു. മരണത്തെ പേടിച്ചിട്ടല്ല പക്ഷേ, ജീവിക്കാനുള്ള കൊതി കെട്ടടങ്ങാത്തതുകൊണ്ട് മനസ്സു തേങ്ങുകയാണ്. അല്ലെങ്കില്‍ പിന്നെ അവള്‍ എന്തിന് ഈ ദൈവാലയത്തില്‍ വരണം. ഒരു തുണ്ടു കയറും ഒരു നുള്ളു വിഷവുമല്ല ജീവിതദുഃഖങ്ങളുടെ ഉത്തരമെന്ന് ആരോ അവളുടെ മനസ്സില്‍ കോറിയിട്ടിണ്ടാകണം. അല്ലെങ്കില്‍ അവള്‍ പണ്ടേ ആ വഴി തിരഞ്ഞെടുക്കുമായിരുന്നു.
പോരാട്ടത്തിനുള്ള കരുത്തിനായിട്ടാണ് അവള്‍ ഈ ദൈവാലയത്തിന്‍റെ കോണിലിരുന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കുക.

ഏറെ സ്വപ്നങ്ങള്‍ കണ്ട് ആരംഭിച്ച വിവാഹജീവിതം ഏറെനാള്‍ കഴിയുംമുമ്പേ ഒരു അപകടത്തില്‍ അവസാനിച്ചു. സ്വന്തമെന്ന് കരുതാന്‍ ഒരു മകനെയോ, മകളെയോ സമ്മാനിക്കാതെ ആ കാറപകടത്തില്‍ തന്‍റെ ജീവിതപങ്കാളി തന്നോടു യാത്ര പറഞ്ഞു. നാളുകള്‍ക്കൊടുവില്‍ വീണ്ടും ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തി ഒരു ജീവിതപങ്കാളി കടന്നുവന്നു. പക്ഷേ, അവിടെയും വിധി തന്നോടു ക്രൂരതയുടെ മുഖം കാട്ടി.

മനുഷ്യന്‍റെ വ്യാഖ്യാനിക്കാനാവാത്ത ജീവിതസങ്കടങ്ങളെ പറഞ്ഞാശ്വസിപ്പിക്കാനുള്ള വാക്കാണത്രേ വിധി, എല്ലാം വിധിയാണെന്നു കരുതുക. ഇണയും തുണയും തേടിയുള്ള തന്‍റെ ജീവിതം ഇവിടെ അവസാനിപ്പിച്ചു, അവള്‍ തന്നോടുതന്നെ പറഞ്ഞു. പക്ഷേ, കാലം വീണ്ടും അവളുടെ ജീവിതത്തില്‍ ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മ ഉണര്‍ത്തി ഒരു ജീവിതപങ്കാളിയെ സമ്മാനിച്ചു. സ്വന്തമെന്നപോലെ സ്നേഹിക്കാന്‍ രണ്ടു മക്കളെയും നല്കി. നഷ്ടപ്പെട്ടുപോയ കാലങ്ങളെ വിധിയെന്ന് എഴുതിത്തള്ളുമ്പോഴും ജീവിതം വീണ്ടും സ്വപ്നസാക്ഷാത്ക്കാരത്തിന്‍റെ വേദിയായി മാറുന്നതായി അവള്‍ കണ്ടു.
ഏറെ സ്വപ്നങ്ങള്‍. ഒരു നൂലിഴ കൊണ്ട് തുന്നിച്ചേര്‍ത്ത തുണിയില്‍നിന്നും നൂലിന്‍റെ കുത്തഴിയുമ്പോള്‍ വസ്ത്രം തുണിയായി ശേഷിക്കുന്നതുപോലെ അവളുടെ സ്വപ്നങ്ങളും കുത്തഴിഞ്ഞു.

ക്യാന്‍സര്‍ എന്ന മഹാരോഗം അതിന്‍റെ അവസാനത്തെ ഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഇനി തുന്നിച്ചേര്‍ക്കാന്‍ സ്വപ്നങ്ങളൊന്നും ബാക്കിയില്ല. ഇതു ദൈവമേ നിന്‍റെ ക്രൂരതയല്ലേ? അവള്‍ ദൈവാലയത്തിന്‍റെ കോണില്‍നിന്ന് നിലവിളിക്കുകയാണ്.
ചിലപ്പോള്‍ മനുഷ്യന്‍റെ സങ്കടങ്ങള്‍ക്കു ദൈവം ഉത്തരം കൊടുക്കാറുണ്ട്, എന്നാല്‍ ചിലപ്പോള്‍ ദൈവത്തിന്‍റെ മൗനത്തില്‍ തന്‍റെ ജീവിതസങ്കടങ്ങള്‍ക്ക് ഉത്തരം കണ്ട് മനുഷ്യന്‍ ജീവിതത്തിലേക്കു നടന്നകലുന്നുവത്രേ. എന്തായാലും ഒരു ഉത്തരം കിട്ടുക എന്നത് ഒരുവന്‍റെ മനസ്സില്‍ ചോദ്യം ഉണര്‍ത്തുന്ന അനിവാര്യതയാണ്.

നിലവിളികള്‍ക്കൊടുവില്‍ നിശ്ശബ്ദമായ ഏതോ ഒരു നിമിഷത്തില്‍ അവള്‍ ആ സ്വരം കേട്ടു: നിന്‍റെ സങ്കടങ്ങളില്‍ നീ തനിച്ചല്ല, നിന്‍റെ സങ്കടങ്ങളില്‍ നീ എന്‍റെ കൂടെ നടന്നതുകൊണ്ടാണ് ജീവിതത്തിന്‍റെ വസന്തങ്ങളെ നിനക്ക് ആസ്വദിക്കാന്‍ സാധിച്ചത്. അവളുടെ കണ്ണുകള്‍ നിറഞ്ഞു. ‘ദൈവമേ എന്‍റെ സങ്കടങ്ങളുടെ കൂടെ എന്നും നടക്കുന്ന ദൈവമേ, എന്‍റെ നിലവിളിക്കെന്നും ഉത്തരം നല്കുന്നവനേ, നിന്‍റെ കൂടെ എന്നും നടക്കാന്‍ എന്നെ അനുഗ്രഹി ക്കേണമെ’ എന്നു പ്രാര്‍ത്ഥിച്ച് തന്‍റെ കണ്ണുനീര്‍ തുടച്ച് അവള്‍ വീട്ടിലേക്കു മടങ്ങി. നേരം ഇരുട്ടി തുടങ്ങിയിരുന്നെങ്കിലും നിലാവെളിച്ചത്തില്‍ അവള്‍ക്ക് വഴികള്‍ വ്യക്തമായിരുന്നു.

മാക്കിച്ചൻ (ഫാ. അനീഷ് മാക്കിയിൽ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.