തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷന്‍

വിശുദ്ധ കുര്‍ബാനയുടെ ഏകീകൃതമായ അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വസ്തുതകള്‍ക്കും ചര്‍ച്ചകള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മാധ്യമ കമ്മീഷന്‍. ഇക്കാര്യം വിശ്വാസികളെ അടിവരയിട്ട് ഓര്‍മ്മിപ്പിച്ചുകൊണ്ട് മാധ്യമ കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത് ഇങ്ങനെ…

വിശുദ്ധ കുര്‍ബാനയുടെ ഏകീകൃതമായ അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തില്‍ നടന്ന മെത്രാന്‍ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഉത്തരവാദിത്വനിര്‍വ്വഹണത്തിന്റെ ഭാഗമായി നല്‍കിയ ആഹ്വാനത്തെയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങളെയും ഏകകണ്ഠമായി സ്വീകരിച്ചു കൊണ്ട് വിശുദ്ധ കുര്‍ബായര്‍പ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കാന്‍ തീരുമാനിച്ചു.

വിശുദ്ധ കുര്‍ബാനയുടെ ആരംഭം മുതല്‍ വിശ്വാസപ്രമാണം വരെയുള്ള ഭാഗം ജനാഭിമുഖമായും വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണഭാഗം അള്‍ത്താരാഭിമുഖമായും കുര്‍ബാന സ്വീകരണത്തിനു ശേഷമുള്ള ഭാഗം വീണ്ടും ജനാഭിമുഖമായും അര്‍പ്പിക്കണമെന്നുള്ളതാണ് ഏകീകൃത അര്‍പ്പണരീതി. കാര്‍മ്മികന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ എവിടേക്കു തിരിഞ്ഞുനില്‍ക്കണമെന്നതു മാത്രമാണ് നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റം എന്നത് ഇതിനകം വിശ്വാസികള്‍ക്ക് വ്യക്തമായ കാര്യമാണല്ലോ.

എന്നാല്‍, വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ ഏകീകൃത രീതിയുമായി ബന്ധപ്പെടുത്തി മദ്ബഹ വിരി, മാര്‍തോമാ സ്ലീവ, ക്രൂശിതരൂപം എന്നിവയും നിര്‍ബന്ധമായി എല്ലാ രൂപതകളിലും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചതായി തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഓരോ രൂപതയിലും രൂപതാദ്ധ്യക്ഷന്റെ തീരുമാനപ്രകാരം ഇപ്പോള്‍ നിലവിലിരിക്കുന്ന രീതി ഇക്കാര്യങ്ങളില്‍ തുടരുന്നതാണ്. കുര്‍ബാനയര്‍പ്പണത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്നതോടെ ദൈവാലയങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി സക്രാരി മാറ്റിസ്ഥാപിക്കണമെന്ന് തീരുമാനിച്ചതായുള്ള പ്രചരണവും വാസ്തവവിരുദ്ധമാണ്.

നമ്മുടെ ദൈവാലയങ്ങളില്‍ സക്രാരിയുടെ നിലവിലുള്ള സ്ഥാനം അതേപടി തുടരും. നമ്മുടെ സഭയില്‍ നിലവിലുള്ള പരിശുദ്ധ കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല, നൊവേനകള്‍, വലിയ ആഴ്ചയിലെ കര്‍മ്മങ്ങള്‍, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ നിര്‍ത്തലാക്കുമെന്നുള്ള പ്രചാരണങ്ങളും നടത്തുന്നുണ്ട്. അവയെല്ലാം സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ ഉള്ളതുപോലെ തുടരുന്നതാണ്.

ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതില്‍ നിന്ന് വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വകമായ നീക്കമാണിതെന്ന് വ്യക്തമാണല്ലോ. സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വിഘാതമാകുന്ന ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും പിന്തിരിയുകയും ഇക്കാര്യങ്ങളില്‍ വിശ്വാസികള്‍ അതീവജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.