അമ്മയനുഭവങ്ങൾ: 50

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ,

“സീയോൻ പുത്രി, കർത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവും പകലും മഹാപ്രവാഹം പോലെ കണ്ണുനീർ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകൾക്ക് വിശ്രമം നൽകരുത്. രാത്രിയിൽ, യാമങ്ങളുടെ ആരംഭത്തിൽ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കർത്താവിന്റെ സന്നിധിയിൽ ജലധാര പോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാൽക്കവലകളിൽ വിശന്നു തളർന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനു വേണ്ടി നീ അവിടുത്തെ സന്നിധിയിലേക്ക് കൈകളുയർത്തുക” (വിലാ. 2:18-19).

കഴിഞ്ഞ വർഷം എന്റെ സുഹൃത്തായ ഒരു യുവഡോക്ടറിന് കൊറോണ വൈറസ് ബാധിച്ചു. സർക്കാർ ആശുപത്രിയിൽ കൊറോണ രോഗികളെ പരിചരിക്കുന്നതിനിടയിലാണ് രോഗം അദ്ദേഹത്തെ കീഴടക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിക്കപ്പെട്ടുവെങ്കിലും ആരോഗ്യനില തൃപ്തികരമല്ലായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റായ ഉടൻ തന്നെ എന്നോട് പ്രാർത്ഥനാസഹായം ആവശ്യപ്പെട്ടു. ഞാൻ ഡോക്ടറെ പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

പതിയെപ്പതിയെ ഡോക്ടറിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. കൊറോണ വാർഡിൽ നിന്നും ICU -ലേക്കു മാറ്റി. ആ ICU -ൽ ദിനംപ്രതി രോഗികൾ മരിക്കുന്നത് നേരിട്ട് കണ്ടപ്പോൾ ഡോക്ടറിന്റെ ആത്മവിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടു. മരണഭയം അദ്ദേഹത്തെ വല്ലാതെ അലട്ടി. കുടുംബജീവിതത്തിന്റെ പ്രാരംഭദിശയിലായിരുന്ന ആ യുവഡോക്ടർ തികച്ചും വൈകാരികമായി എനിക്ക് മെസ്സേജ് അയച്ചു.

അത് ഇപ്രകാരമായിരുന്നു: “അച്ചാ, എനിക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല . എന്റെ ജീവിതപങ്കാളിയെയും മാതാപിതാക്കളെയും വിട്ട് പോകാൻ മനസ്സ് വരുന്നില്ല. ഞങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വളർത്തണം അവരെ താലോലിക്കണം. ഓരോ ശവശരീരങ്ങളും ഇവിടെ നിന്ന് കൊണ്ടുപോകുന്നതു കാണുമ്പോൾ വല്ലൊത്തൊരു മരണഭയം എന്നെയും അലട്ടുന്നു. അടുത്തത് ഞാനായിരിക്കരുതേ എന്ന്‌ മനസ്സുരുകി ഞാൻ പ്രാർത്ഥിക്കുന്നു. ഈ രോഗത്തിൽ നിന്നും കരകയറാൻ അച്ചൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം.”

പൊതുവെ എപ്പോഴും പ്രസന്നവദനത്തോടെ മാത്രം സംസാരിക്കുന്ന ഡോക്ടറുടെ ദുരവസ്ഥ എന്നെ വേദനയുടെ പാരമ്യത്തിൽ എത്തിച്ചു. അന്നേ ദിവസം രാത്രി മുഴുവൻ പരിശുദ്ധ സക്രാരിയുടെ മുൻപിൽ കണ്ണുനീരോടെ ജപമാലയും കൈയ്യിലേന്തി ഞാനിരുന്നു. മണിക്കൂറുകളോളം കരഞ്ഞുകലങ്ങിയ കണ്ണുമായി ദൈവത്തിന്റെ കരുണയ്ക്കു വേണ്ടി ഞാൻ യാചിച്ചു.

ദൈവം തീർച്ചയായും ആ ഡോക്ടറെ മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ നിന്നും തിരികെ കൊണ്ടുവരുമെന്ന് പരിശുദ്ധ ജപമാലയുടെ രാജ്ഞി എന്റെ കാതുകളിൽ മന്ത്രിക്കുന്നതു പോലെ എനിക്ക് അനുഭവപ്പെട്ടപ്പോൾ ഞാൻ വിശ്രമിക്കാനായി പോയി. പിറ്റേ ദിവസവും അതിരാവിലെ മുതൽ എന്റെ ജപമാലയുമായി പരിശുദ്ധ സക്രാരിയുടെ മുൻപിലിരുന്നു ഞാൻ പ്രാർത്ഥിച്ചു. അന്നേ ദിവസമുള്ള വിശുദ്ധ കുർബാനയിൽ ആ ഡോക്ടർക്കു വേണ്ടി ചങ്കുപൊട്ടി ഞാൻ പ്രാർത്ഥിച്ചു.

ദിവസങ്ങൾ കടന്നുപൊയ്ക്കൊണ്ടേയിരുന്നു. പതിയെപ്പതിയെ ഡോക്ടർ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി. ICU -വിൽ നിന്നും വാർഡിലേക്കു മാറ്റി. കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടിലേക്ക് മടങ്ങിപ്പോയി. ഇപ്പോൾ പൂർണ്ണ ആരോഗ്യത്തോടെ ആതുരസേവനം ചെയ്യുന്നു.

പരിശുദ്ധ അമ്മ ഈശോയോട് നിരന്തരം മാദ്ധ്യസ്ഥം അപേക്ഷിച്ചതിന്റെ ഫലമായിരുന്നു ഡോക്ടറിന്റെ തിരിച്ചുവരവ്‌.

“പരിശുദ്ധ അമ്മേ, രോഗികളുടെ ആശ്വാസമേ, പീഢിതരുടെ സങ്കേതമേ, ഞങ്ങൾക്കു വേണ്ടി അമ്മയുടെ തിരുക്കുമാരനോട് നിരന്തരം പ്രാർത്ഥിക്കണമേ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.