അമ്മയനുഭവങ്ങൾ: 49

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“കർത്താവ് നിന്റെ ആശ്രയമായിരിക്കും; നിന്റെ കാൽ കുടുക്കിൽപ്പെടാതെ അവിടുന്ന് കാത്തുകൊള്ളും. നിനക്ക് ചെയ്യാൻ കഴിവുള്ള നന്മ, അത് ലഭിക്കാൻ അവകാശമുള്ളവർക്ക് നിഷേധിക്കരുത്” (സുഭാ. 3:26-27).

ഒരിക്കൽ എന്റെ ഇടവകയിലെ 10 വയസ്സ് പ്രായമുള്ള ഒരു കുഞ്ഞിന്റെ തൊണ്ടയിൽ ഒരു മുഴ വളരാൻ തുടങ്ങി. അസഹനീയമായ വേദനയെ തുടർന്ന് ആശുപത്രിയിൽ പോയി വിശദമായി പരിശോധിച്ചപ്പോൾ, ഉള്ളിലായി തൊണ്ടയിൽ നിന്നും മൂക്കിനടത്തേക്ക് മുഴ അതിവേഗം വളരുന്നതായും എത്രയും പെട്ടെന്ന് ശസ്ത്രക്രിയയക്ക് വിധേയനായില്ലെങ്കിൽ മരണം തന്നെ സംഭവിക്കാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.

ആ കുഞ്ഞിന്റെ വീട്ടിലെ അവസ്ഥ അത്യന്തം ശോചനീയമായിരുന്നു. റോഡിനോട് ചേർന്ന് പുറംപോക്കിലായി (പട്ടയമില്ലാത്ത സ്ഥലം) മൺകട്ട കൊണ്ട് നിർമ്മിക്കപ്പെട്ട രണ്ട് ചെറിയ മുറികളുള്ള ഒരു ചെറ്റക്കുടിൽ. അമ്മയും ഒരു സഹോദരിയുമടങ്ങുന്ന കുടുംബം. അപ്പൻ കുഞ്ഞിലേ അവരെ ഉപേക്ഷിച്ചുപോയി. കശുവണ്ടി ഫാക്ടറിയിൽ ജോലിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് വീട്ടിലെ ചിലവുകൾ മുൻപോട്ടു പോകുന്നത്.

ശസ്ത്രക്രിയയക്ക് 40,000 രൂപയും ആശുപത്രി ചിലവിനും മറ്റ് ചിലവുകൾക്കുമായി 10,000 രൂപയും. മൊത്തത്തിൽ 50,000 രൂപ ചികിത്സാ ചിലവ് വരും. ഇടവകയിലെ യുവജനങ്ങൾ ചികിത്സാ ചിലവിനായി പൈസ കണ്ടെത്താനായി സേവനസന്നദ്ധരായി മുൻപോട്ടു വന്നു. എങ്കിലും ഇത്രയും ഭീമമായ തുക പാവപ്പെട്ട ഇടവകക്കാരിൽ നിന്നും ലഭിക്കില്ലെന്ന് ഉറപ്പായി.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി കൊന്ത ചൊല്ലിയപ്പോൾ എല്ലാ ഞായറാഴ്ചകളിലെയും കുർബാനയ്‌ക്കു ശേഷമുള്ള അറിയിപ്പിൽ ഇക്കാര്യം സൂചിപ്പിക്കാൻ അമ്മ എന്നെ ശക്തമായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ രണ്ട് ഇടവകളിലും ഞാൻ നിരന്തരം ഇക്കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ടിരുന്നു.

10 കുടുംബങ്ങളുള്ള ഇടവകയിൽ ഒരു ഞായറാഴ്ച്ച വിദേശത്തു നിന്നും വന്ന ഒരു കുടുംബം കുർബാനക്കു വന്നു. അവരെ ആദ്യമായാണ് ഞാൻ ദൈവാലയത്തിൽ കണ്ടത്. അന്നേ ദിവസമുള്ള അറിയിപ്പിലും ഞാൻ ശസ്ത്രക്രിയയുടെ കാര്യം സൂചിപ്പിച്ചു. വിശുദ്ധ കുർബാനക്കു ശേഷം അവർ എന്നെ വന്ന് കണ്ട് 25,000 രൂപ നൽകാമെന്നു സമ്മതിച്ചു.

അന്നു തന്നെ വൈകുന്നേരം കാശു കൊണ്ടുവന്നപ്പോൾ ഞാൻ അവരോട് ചോദിച്ചു: “യാതൊരു പരിചയവുമില്ലാത്ത ഒരു കുഞ്ഞിനു വേണ്ടി ഇത്രയും വലിയ ഒരു തുക തരാൻ നിങ്ങൾക്ക് എങ്ങനെ മനസ്സു വന്നു?”

അവരുടെ ഉത്തരം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. അവർ പറഞ്ഞു തുടങ്ങി: “അച്ചൻ ആ കുഞ്ഞിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ ദൈവം തന്നെ നേരിട്ട് ഞങ്ങളോട് സഹായിക്കണമെന്ന് അപേക്ഷിക്കുന്നതുപോലെ ഞങ്ങൾക്ക് തോന്നി. ഒരു നിമിഷനേരത്തേക്ക് ആ കുഞ്ഞിന്റെ സ്ഥാനത്ത് ഞങ്ങളുടെ മകനോ, മകളോ ആയിരുന്നെങ്കിലെന്ന് ചിന്തിച്ചപ്പോൾ പിന്നൊന്നും ആലോചിച്ചില്ല. ഇത് വലിയൊരു തുകയായും തോന്നിയില്ല. ആ കുഞ്ഞിന്റെ ജീവൻ ഏതു വിധേനയും രക്ഷിക്കണം.”

അന്നേ ദിവസം പരിശുദ്ധ അമ്മയുടെ മുൻപിലിരുന്നു ഞാൻ ആനന്ദകണ്ണുനീരൊഴുക്കി. മുഴുവൻ തുകയും പലരിൽ നിന്നായി പിരിച്ചെടുത്തു. ആശുപത്രിയിൽ അഡ്മിറ്റാക്കുന്നതിന്റെ തലേദിവസം വിശുദ്ധ കുർബാന എഴുന്നള്ളിച്ചു വച്ച് ഞങ്ങൾ ഇടവകക്കാർ എല്ലാവരും കണ്ണുനീരോടെ ആ കുഞ്ഞിന്റെ ശസ്ത്രക്രിയയുടെ വിജയത്തിനായി ഒരു മണിക്കൂർ നേരം പ്രാർത്ഥിച്ചു. പിറ്റേ ദിവസം രാവിലെ തന്നെ ആശുപത്രിയിൽ എത്തിച്ചു. വിജയകരമായി ശസ്ത്രക്രിയ പൂർത്തിയായി. ഇന്നും നല്ല ആരോഗ്യവാനായി ആ മകൻ ഓടിച്ചാടി നടക്കുന്നു.

പരിശുദ്ധ അമ്മയെ മുറുകെപ്പിടിച്ചു കൊണ്ടുള്ള പ്രാർത്ഥനകൾക്ക് എല്ലാ അർത്ഥത്തിലും വലിയ പ്രത്യുത്തരമുണ്ടെന്ന് ഒരിക്കൽക്കൂടി എന്റെ ജീവിതത്തിൽ പരിശുദ്ധ ജപമാലയുടെ രാഞ്ജി തെളിയിച്ച ഒരു സംഭവം. എന്റെ അമ്മേ, എന്റെ ആശ്രയമേ!

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.