അമ്മയനുഭവങ്ങൾ: 41

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ഞാൻ യൂദാ ഭവനത്തെ ബലപ്പെടുത്തുകയും ജോസഫിന്റെ ഭവനത്തെ രക്ഷിക്കുകയും ചെയ്യും. അവരുടെമേൽ അലിവ് തോന്നി ഞാൻ അവരെ തിരിച്ചു കൊണ്ടുവരും. ഞാൻ ഒരിക്കലും തിരസ്ക്കരിച്ചിട്ടില്ലാത്തവരെപ്പോലെ ആയിരിക്കും അവർ. ഞാൻ അവരുടെ ദൈവമായ കർത്താവാണ്. ഞാൻ അവർക്ക് ഉത്തരമരുളും” (സഖ. 10:6).

ഞാൻ ഇപ്പോൾ അജപാലനശുശ്രൂഷ നിർവഹിക്കുന്ന 10 കുടുംബങ്ങളുള്ള മിഷൻ ഇടവകയിൽ ഒരു ചെറുപ്പക്കാരനുണ്ട്. ആളുടെ പ്രത്യേകത, 8 വർഷമായി ഇടവക ദൈവാലയത്തിൽ കയറിയിട്ടില്ല എന്നതാണ്. എനിക്ക് മുമ്പേ ശുശ്രൂഷ ചെയ്ത എല്ലാ വൈദികരും അവനെ ദൈവാലയത്തിൽ കൊണ്ടുവരാൻ അവരാലാകുന്ന എല്ലാ പരിശ്രമങ്ങളും നടത്തി പരാജയപ്പെട്ടവരാണ്.

കുഞ്ഞായിരിക്കുമ്പോൾ അൾത്താര ബാലനായി ശുശ്രൂഷ ചെയ്തവൻ അപ്പന്റെ മരണശേഷം തീർത്തും ദൈവാലയത്തിൽ നിന്നുമകന്നു. ഒരു ജോലിക്കും പോകാതെ മുഴുവൻ നേരം കൂട്ടുകാരോടൊപ്പം ചേർന്ന് കളിച്ചുനടക്കലാണ് അവന്റെ പ്രധാന വിനോദം. അമ്മയും ഒരു അനിയത്തിയുമാണ് അവനുള്ളത്‌. അവരും പല പ്രാവശ്യം ഇടവക ദൈവാലയത്തിൽ വരാൻ അവനെ നിർബന്ധിച്ചുവെങ്കിലും ഓരോ ഒഴികഴിവ് പറഞ്ഞ് അവൻ വീട്ടിൽ തന്നെ തുടർന്നു. പല ആവർത്തി ആ ചെറുപ്പക്കാരനെ കാണാൻ ഞാന്‍ അവന്റെ വീട്ടിൽ പോയെങ്കിലും ഒരു പ്രാവശ്യം പോലും അവനെ കാണാൻ സാധിച്ചില്ല. വികാരിയച്ചനോ സിസ്റ്ററുമാരോ വീട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞാൽ പിന്നെ അവിടെ നിന്നും അവൻ ഉടൻ അപ്രത്യക്ഷനായിരിക്കും.

അവന്റെ അപ്പന്റെ ആണ്ടുകുർബാനക്ക് ഞാൻ ചുമതലയേറ്റ ആദ്യ വർഷം അവൻ പള്ളിയിലോ അപ്പന്റെ കല്ലറയിലോ വന്നില്ല. ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചു. ഇത്രമാത്രം ദൈവത്തിൽ നിന്നുമകന്ന് കഴിയുന്ന ആ മകനെ എങ്ങനെയും തിരികെ കൊണ്ടുവരാനായി ഞാൻ പരിശുദ്ധ അമ്മയുടെ സഹായം തേടി. എന്റെ എല്ലാ ദിവസവുമുള്ള വിശുദ്ധ ബലിയർപ്പണത്തിലും പരിശുദ്ധ ജപമാല പ്രാർത്ഥനയിലും ദിവ്യകാരുണ്യ ആരാധനയിലും വ്യക്തിപരമായ പ്രാർത്ഥനയിലും ആ ചെറുപ്പക്കാരന്റെ തിരിച്ചുവരവിനായി ഞാൻ ഇടവിടാതെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

എന്റെ അജപാലന ശുശ്രൂഷയുടെ രണ്ടാം വർഷമുള്ള അവന്റെ അപ്പന്റെ ആണ്ടുകുർബാനക്ക് അവൻ വന്നില്ലെങ്കിലും തുടർന്നുള്ള കല്ലറ പ്രാർത്ഥനയിൽ അവൻ സംബന്ധിച്ചു. പിന്നീട് അവനെ കാണാനും സംസാരിക്കാനും എനിക്ക് അവസരം കിട്ടി. ദൈവാലയത്തിൽ വരാൻ ഞാൻ അവനോട് സ്നേഹപൂർവ്വം യാചിച്ചു. ആ വീട്ടിൽ നിന്നും തിരികെ നടക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും വേണ്ടായെന്ന് സിസ്റ്ററുമാര്‍ ഉപദേശിച്ചു. കാരണം എനിക്ക് മുൻപ് ശുശ്രൂഷ ചെയ്ത വൈദികരുടെ അവസ്ഥ അവർ കണ്ടതാണ്. എങ്കിലും എന്റെ പരിശുദ്ധ അമ്മ എന്നെ ഉപേക്ഷിക്കില്ലെന്ന ഉറച്ച വിശ്വാസവും ബോദ്ധ്യവും എനിക്കുണ്ടായിരുന്നു. പിറ്റേ ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയർപ്പണ സമയം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എട്ടു വർഷങ്ങൾക്കു ശേഷം ആ ചെറുപ്പക്കാരൻ ദൈവാലയത്തിലേക്ക് കടന്നുവന്നു. ദൈവത്തിനോടുള്ള കൃതജ്ഞത കൊണ്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു. തുടർന്ന് സ്വന്തമായി ഒരു ജോലി കണ്ടെത്തി ഇന്നവൻ അമ്മയെയും സഹോദരിയെയും നല്ലവണ്ണം പോറ്റുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വം നല്ല രീതിയിൽ നിറവേറ്റി പോരുന്നു.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവസന്നിധിയിൽ നാം സമർപ്പിക്കുന്ന യാചനകളും അർത്ഥനകളും ലോകദൃഷ്ടിയിൽ അസാദ്ധ്യമെന്നു വിധിയെഴുതിയതാണെങ്കിൽ പോലും സാധിച്ചുകിട്ടിയിരിക്കും. പരിശുദ്ധ അമ്മയിലും പരിശുദ്ധ ജപമാലയിലും വിശ്വാസത്തോടെ ആശ്രയിക്കാം. ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധികളെയും അമ്മയോടൊപ്പം നിന്നുകൊണ്ട് നിർഭയം അതിജീവിക്കാം.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.