അമ്മയനുഭവങ്ങൾ: 39

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്കാ 1:37).

ഞാൻ ഇപ്പോൾ അജപാലന ശുശ്രൂഷ നിർവ്വഹിക്കുന്ന ഇടവകയിൽ ഞാൻ ശുശ്രൂഷ ആരംഭിച്ച സമയം പരിശുദ്ധ അമ്മ മാതാവിന്റെ വലിയൊരു അത്ഭുതത്തിന് ഞാൻ സാക്ഷ്യം വഹിച്ചു.

ഒരു പാവപ്പെട്ട കുടുംബം അവരുടെ വീട് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അപ്പനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബം. അപ്പൻ രോഗിയാണ്. വീടിന്റെ പണികൾ പുരോഗമിക്കവേ കൈയിലുള്ള കാശ് മുഴുവൻ തീർന്നുപോയതിനാൽ എഞ്ചിനീയർ പറഞ്ഞു: “ഇനിയുള്ള പണികൾ നടക്കണമെങ്കിൽ പണി പൂർത്തിയാക്കാനുള്ള മുഴുവൻ തുകയും കിട്ടണം.” ഏകദേശം രണ്ട് ലക്ഷത്തിൽ കൂടുതൽ പൈസയുണ്ടാകുമത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും കടം ചോദിച്ചെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല. അങ്ങനെ ഒരു മാസത്തോളം ആ വീടിന്റെ പണികൾ നിർത്തിയിട്ടിരുന്നു.

ഒരു ദിവസം ഇടദിവസമുള്ള കുർബാനയ്‌ക്കു ശേഷം ആ വീട്ടിലെ അമ്മ വിചിത്രമായ ഒരു ആവശ്യം എന്നോട് ഉന്നയിച്ചു. അച്ചൻ വന്ന് വീടൊന്ന് വെഞ്ചരിക്കണം. ഞാൻ ആ അമ്മയോട് പറഞ്ഞു, സാധാരണയായി പണികൾ പൂർത്തിയായ ശേഷമാണല്ലോ വീട് വെഞ്ചരിക്കുക. നിങ്ങളുടെ വീടിന്റെ പണികൾ എങ്ങുമെത്തിയിട്ടില്ലല്ലോ? ആ അമ്മയുടെ നിഷ്കളങ്കമായ മറുപടി ഇപ്രകാരമായിരുന്നു: “അച്ചൻ വന്ന് വീട് വെഞ്ചരിച്ചു കഴിഞ്ഞാൽ പണിയുടെ തടസ്സമെല്ലാം മാറുമെന്ന പൂർണ്ണവിശ്വാസം എനിക്കുണ്ട്.”

ഞാനും ഒരു യുവാവും ഒരു സിസ്റ്ററും കൂടെ ആ അമ്മയോടൊപ്പം ഉടനെ പുറപ്പെട്ടു. പണി പൂർത്തിയാകാത്ത വീട്ടിൽ കയറി വെഞ്ചരിപ്പ് നടത്തി. വെഞ്ചരിപ്പ് കർമ്മം കഴിഞ്ഞപ്പോൾ ആ വീട്ടിൽ മുട്ടുകുത്തി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പരിശുദ്ധ അമ്മ എന്നെ പ്രേരിപ്പിച്ചു. പൊടി പിടിച്ചു കിടന്ന ആ വീട്ടിനുള്ളിൽ ഒട്ടും അമാന്തിക്കാതെ ഞാൻ മുട്ടുകൾ കുത്തി. എന്നോടൊപ്പം അവരെല്ലാവരും മുട്ടുകൾ കുത്തി. കണ്ണുനീരോടെ ജപമാല പ്രാർത്ഥന ചൊല്ലി. അവിടെ നിന്നും തിരിച്ചുപോരുമ്പോഴും അവരുടെ വീട് പണികൾ എത്രയും വേഗം പൂർത്തിയാകണേ എന്ന പ്രാർത്ഥന ഞാൻ തുടർന്നുകൊണ്ടേയിരുന്നു. അവരെ സാമ്പത്തികമായി സഹായിക്കാൻ എനിക്കുമാവുന്നില്ലല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു. അന്നേ ദിവസം രാത്രി പരിശുദ്ധ സക്രാരിയുടെ മുൻപിലിരുന്ന് അവർക്കു വേണ്ടി ഒരുപാട് കൊന്തകൾ ചൊല്ലി പ്രാർത്ഥിച്ചു.

പിറ്റേ ദിവസം ആ വീടിന്റെ എഞ്ചിനീയർ അവരെ വിളിച്ചിട്ട് പറഞ്ഞു: “ഇന്നു മുതൽ വീടിന്റെ പണികൾ നമുക്ക് പുനരാരംഭിക്കാം. എല്ലാ പണിയും പൂർത്തിയായശേഷം നിങ്ങളെക്കൊണ്ട് കഴിയുന്ന രീതിയിൽ പൈസ തന്നാൽ മതി.” ഒരുപാട് പേർ അവരെ സാമ്പത്തികമായി സഹായിക്കാൻ മുൻപോട്ടു വന്നു. അങ്ങനെ ഒരു മാസം കൊണ്ട് ആ വീടിന്റെ സകല പണികളും പൂർത്തിയാക്കി. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് വീട് ആഘോഷപൂർവ്വം വീണ്ടും വെഞ്ചരിച്ചു കയറി താമസം തുടങ്ങി.

“എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്ന്, നിന്റെ സഹായം തേടി, നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന്‌ നീ ഓർക്കണമേ. കന്യകകളുടെ രാഞ്ജിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ചു കണ്ണുനീർ ചിന്തി, പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നില്‍ക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ. ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.