അമ്മയനുഭവങ്ങൾ: 31

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“സ്വർഗ്ഗത്തിൽ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാൻ ആരെയും ആഗ്രഹിക്കുന്നില്ല. എന്റെ ശരീരവും മനസ്സും ക്ഷീണിച്ചുപോയേക്കാം; എന്നാൽ, ദൈവമാണ് എന്റെ ബലം; അവിടുന്നാണ് എന്നേക്കുമുള്ള എന്റെ ഓഹരി”(സങ്കീ. 73:25-26).

സാൽഫോർഡ് രൂപതയിലെ വൈറ്റ് ഫീൽഡിലുള്ള വി. ബർണഡിറ്റിന്റെ നാമധേയത്തിലുള്ള ദൈവാലയത്തിൽ സഹവികാരിയായി ഞാൻ സേവനം അനുഷ്ഠിക്കുമ്പോൾ ഒരുപാട് മൃതസംസ്കാര ശുശൂഷകൾ നടത്തിട്ടുണ്ട്. ഒരിക്കൽ വിശുദ്ധ ബലിക്കു ശേഷം മൃതദേഹം സംസ്ക്കരിക്കാനായി സെമിത്തേരിയിലേക്ക് കൊണ്ടുപോകാൻ ഇറങ്ങിയപ്പോൾ മഴ പെയ്യാൻ തുടങ്ങി. മൃതദേഹം വഹിച്ചുകൊണ്ടു പോകുന്ന വാഹനത്തിൽ ഞാൻ ശാന്തമായിരുന്ന് ജപമാല ചൊല്ലുകയായിരുന്നു. എന്നെ നോക്കി നിരീശ്വരവാദിയായ ഡ്രൈവർ പരിഹസിച്ചു ചിരിച്ചു. എന്നിട്ട് കളിയാക്കിക്കൊണ്ടു പറഞ്ഞു, ‘നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന് യഥാർത്ഥത്തിൽ ജീവനുണ്ടെങ്കിൽ, ശക്തിയുണ്ടെങ്കിൽ ഈ മഴ മാറിപ്പോകാൻ പ്രാർത്ഥിക്കുക.’

കൂടുതൽ തീക്ഷ്ണതയോടെ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന എന്നെ നോക്കി പരിഹാസം തുടർന്നുകൊണ്ട് അദ്ദേഹം സെമിത്തേരി ലക്ഷ്യമാക്കി വാഹനം ഓടിച്ചു. ജപമാല ചൊല്ലുന്നതിനനുസരിച്ച്‌ മഴയുടെ ശക്തി വർദ്ധിക്കാൻ തുടങ്ങി. എങ്കിലും എന്റെ അമ്മമാതാവ് എന്നെ ഒരിക്കലും കൈവിടില്ലെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ടായിരുന്നു. സെമിത്തേരിയുടെ പ്രവേശനകവാടത്തിലേക്ക് വാഹനം എത്തിയപ്പോഴും മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു. എനിക്ക് സങ്കടവും കരച്ചിലുമൊക്കെ വന്നുവെങ്കിലും പുറമെ കാണിച്ചില്ല. വണ്ടിയിൽ നിന്നിറങ്ങി കല്ലറയുടെ അരികിൽ പോയി നിന്ന നിമിഷം ആരോ പിടിച്ചുനിർത്തിയതു പോലെ മഴ പൂർണ്ണമായും നിലച്ചു.

സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞ ഞാൻ ജപമാലയിൽ ആനന്ദാശ്രുക്കളോടെ തുരുതുരെ ചുംബിച്ചു. മൃതസംസ്കാരം കഴിഞ്ഞു വാഹനത്തിൽ കയറിയ എന്നോട് അദ്ദേഹം ക്ഷമാപണം നടത്തിക്കൊണ്ട് തന്റെ വിശ്വാസം നഷ്ടമാകാൻ കാരണമായ ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ദൈവാലയത്തിൽ തിരികെയെത്തിയ നേരം അദ്ദേഹം എന്റെ മുന്നിൽ മുട്ടുകുത്തി അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. പരിശുദ്ധ അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ആ വ്യക്തിക്കായി പ്രാർത്ഥിച്ചു. ഏറെ സന്തോഷത്തോടെ അദ്ദേഹം തിരികെപ്പോയി.

പരിശുദ്ധ അമ്മയുടെ സഹായം ഞാൻ ആവശ്യപ്പെട്ടിട്ട് ഒന്നുപോലും ഈ നിമിഷം വരെ എന്റെ ജീവിതത്തിൽ നടക്കാതിരുന്നിട്ടില്ല എന്നതാണ് എന്റെ ജീവിതസാക്ഷ്യം. ഇന്നും ആരെങ്കിലും എന്നോട് പ്രാർത്ഥനാസഹായം ആവശ്യപ്പെടുമ്പോൾ അവർക്കു വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കുകയാണ് പതിവ്. ജപമാല കരങ്ങളിൽ എടുക്കുമ്പോഴൊക്കെ ഒരു അഭൗമികമായ ശക്തിയും ബലവും എനിക്കനുഭവപ്പെടാറുണ്ട്. പരിശുദ്ധ അമ്മ എന്റെ കരങ്ങളിൽ മുറുകെ പിടിച്ചുകൊണ്ട് എന്റെ കൂടെ സഞ്ചരിക്കുന്നതു പോലുള്ള ഒരു അനുഭവം.

സാത്താനെതിരെ പോരാടാനുള്ള ഏറ്റവും വലിയ ആയുധമാണ് പരിശുദ്ധ ജപമാല. അനുദിനം ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ഓരോ വ്യക്തിക്കും പരിശുദ്ധ അമ്മയുടെ നിരന്തര സാന്നിദ്ധ്യവും സംരക്ഷണവും അനുഭവിച്ചറിയാൻ സാധിക്കും. നമ്മുടെ കുടുംബങ്ങളിൽ അനുദിനം ജപമാല ചൊല്ലുന്ന ശീലം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാം. നമ്മുടെ കുഞ്ഞുമക്കൾ വഴിതെറ്റി പോകാതിരിക്കാൻ മുട്ടിന്മേൽ നിന്നുകൊണ്ട് അവർക്കു വേണ്ടി പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കാം. നമ്മുടെ കരങ്ങളിൽ നിരന്തരം ജപമാല വഹിച്ചുകൊണ്ട് “നന്മ നിറഞ്ഞ മറിയമേ സ്വസ്‌തി…” എന്ന പ്രാർത്ഥന വിശ്വാസത്തോടെ ഉരുവിടാം. പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് നമ്മെ ഓരോരുത്തരെയും ഭരമേല്പിക്കാം.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.