അമ്മയനുഭവങ്ങൾ: 29

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“രക്ഷിക്കാൻ കഴിയാത്തവിധം കർത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേൾക്കാനാവാത്തവിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല” (ഏശയ്യാ 59:1).

വിശുദ്ധ നാട് സന്ദർശിക്കാനായി ഞങ്ങൾ മാഞ്ചസ്റ്റർ വിമാന-നിലയത്തിൽ നിന്നും വൈകുന്നേരത്തോടെ യാത്ര തിരിച്ചു. ഞങ്ങളിൽ കുറച്ചു പേർക്ക് ഇന്ത്യൻ പാസ്‌പോർട്ടും മറ്റ് ചിലർക്ക് ബ്രിട്ടീഷ് പാസ്‌പോർട്ടുമായിരുന്നു. പ്രാർത്ഥനയോടെ എല്ലാ പരിശോധനകളും പൂർത്തിയാക്കി ഞങ്ങൾ വിമാനം കയറി. ഇസ്രായേൽ സമയം രാത്രി ഒൻപതരയോടെ ഞങ്ങൾ ടെൽ അവീവ് വിമാന-നിലയത്തിൽ എത്തിച്ചേർന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ കർശനമായ സുരക്ഷാപരിശോധന നടത്തപ്പെടുന്ന വിമാനത്താവളങ്ങളിൽ ഒന്നാണ് ടെൽ അവീവ്. ഞങ്ങൾ ഓരോരുത്തരെയായി നല്ലവണ്ണം സുരക്ഷാ പരിശോധന നടത്തിയശേഷം ഇസ്രായേൽ രാജ്യത്തിലേക്ക് പ്രവേശിപ്പിച്ചു. നിർഭാഗ്യവശാൽ ഞങ്ങളുടെ യാത്രാസംഘത്തിൽ ഉണ്ടായിരുന്ന ഒരു യുവതിയെ വിമാന-നിലയത്തിൽ തന്നെ തടഞ്ഞുവച്ചു. അവർ ജനിച്ചത് ഒരു മുസ്ലീം രാജ്യത്തിലും അവരുടെ പേരിലുള്ള ഒരു ചെറിയ വ്യത്യാസവുമാണ് തടഞ്ഞുവയ്ക്കാൻ കാരണമായി തീർന്നത്. അതു മാത്രമല്ല, അവരുടെ ബ്രിട്ടീഷ് പാസ്‌പോർട്ടും പുതിയതായിരുന്നു. സാധാരണ ഗതിയിൽ ഇപ്രകാരം തടഞ്ഞുവയ്ക്കുന്നവരെ യാതൊരു വിശദീകരണവും കൂടാതെ തന്നെ തിരിച്ചയയ്ക്കുകയാണ് അവിടുത്തെ പതിവ്.

ആ യുവതിയുടെ ഭർത്താവും ബന്ധുജനങ്ങളും കണ്ണുനീരോടെ ആ യുവതിയെ കാത്തുനിന്നു. ഞങ്ങൾ എല്ലാവരും തീർത്തും ധർമ്മസങ്കടത്തിലായ നിമിഷങ്ങൾ. മാനുഷികമായി ആർക്കും ഒന്നും ചെയ്യാനാകില്ലാത്ത നിസ്സഹായവസ്ഥ. ദൈവിക ഇടപെടലിനു മാത്രമേ അവിടെ ആ യുവതിയെ രക്ഷിക്കാനാവൂ. പരിശുദ്ധ ജപമാല കരങ്ങളിലെടുത്ത് ടെൽ അവീവ് വിമാന-നിലയത്തിനു മുൻപിൽ നിന്ന് ഞാൻ ജപമാല പ്രാർത്ഥന തുടങ്ങി. ജപമാല ചൊല്ലി പ്രാർത്ഥിക്കാനും വിശ്വാസപ്രമാണം ചൊല്ലാനും ഞാൻ കൂടെ ഉണ്ടായിരുന്ന എല്ലാവരോടും അഭ്യർത്ഥിച്ചു. എല്ലാവരും വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. സമയം കടന്നുപൊയ്‌ക്കോണ്ടേയിരുന്നു. ഏകദേശം രണ്ടര മണിക്കൂറുകൾക്കു ശേഷം ആ യുവതിക്ക് പ്രവേശനാനുമതി കിട്ടി. കണ്ണുനീരോടെ ഞങ്ങൾ നല്ല ദൈവത്തിന് നന്ദി പറഞ്ഞു ഹോട്ടലിലേക്ക് പുറപ്പെട്ടു.

മറ്റൊരു വലിയ സന്തോഷം ഞങ്ങൾ ആദ്യ ദിവസങ്ങളിൽ താമസിച്ച ഹോട്ടലിനോട് അടുത്തായിട്ടായിരുന്നു തിരുപ്പിറവി ദൈവാലയം. അവിടേക്ക് നടന്നു പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് സ്ഥലങ്ങളൊക്കെ സന്ദർശിച്ച ശേഷം വൈകുന്നേരത്തോടെ ഹോട്ടലിൽ എത്തിയ ശേഷം തിരുപ്പിറവിയുടെ ദൈവാലയത്തിലേക്ക് ഞങ്ങൾ പതിവായി പോകുമായിരുന്നു.

ദൈവം ഒരുക്കിയ മറ്റൊരു അത്ഭുതം ഞങ്ങളുടെ ഗൈഡായിരുന്നു. സാധാരണ ഗതിയിൽ അവിടുത്തുകാരായ ഒരാളായിരിക്കും നമുക്ക് കാര്യങ്ങൾ വിശദീകരിച്ചു തരുക. അതിൽ പലതും ഭാഷയുടെ വ്യത്യാസം കൊണ്ട് പൂർണ്ണമായി ഗ്രഹിക്കാനും സാധിക്കണമെന്നില്ല. എന്നാൽ ഞങ്ങൾക്ക് ലഭിച്ചത് വിശുദ്ധ നാട്ടിൽ, ബൈബിളിൽ പല വർഷങ്ങളായി ഗവേഷണം നടത്തുകയായിരുന്ന ഒരു MCBS വൈദികനെയായിരുന്നു. ബൈബിളിൽ അഗാധമായ അറിവും പാണ്ഡിത്യവും സിദ്ധിച്ച മലയാളിയായ വൈദികന്റെ സാന്നിദ്ധ്യവും വിശുദ്ധ നാട്ടിലെ ഓരോ സ്ഥലങ്ങളെകുറിച്ചുമുള്ള വ്യക്തമായ വിശദീകരണവും ചരിത്രപരമായ അറിവുകളും വലിയൊരു നിധിശേഖരമായിരുന്നുവെന്ന് നിസംശയം പറയാനാകും.

ഈശോയുടെ പരസ്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രപ്രാധാന്യമുള്ള ഓരോ സ്ഥലങ്ങളും സന്ദർശിക്കാനും വിശുദ്ധ ബലി അർപ്പിക്കാനും ലഭിച്ച ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിവസങ്ങൾ. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഏറ്റവും സുന്ദരമായ നിമിഷങ്ങൾ പ്രദാനം ചെയ്ത ഒരു തീർത്ഥാടനമായിരുന്നു അത്. ഇപ്രകാരം ഒരു തീർത്ഥാനത്തിന് എനിക്ക് അവസരമൊരുക്കിത്തന്ന എന്റെ അമ്മ മാതാവിന് ഒരായിരം നന്ദി. എന്റെ അമ്മേ, എന്റെ ആശ്രയമേ…

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.