അമ്മയനുഭവങ്ങൾ: 26

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ, എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാർത്ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു” (യോഹ. 6: 53-56).

സാൽഫോർഡ് റോയൽ ആശുപത്രിയുടെ അടുത്തായിട്ടുള്ള വിശുദ്ധന്മാരായ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഇടവക ദൈവാലയത്തിൽ അസ്തേന്തിയായാണ് എനിക്ക് ആദ്യ നിയമനം ലഭിച്ചത്. സ്നേഹവും കരുതലും കരുണയും അനുകമ്പയുമുള്ള ഒരു ഐറിഷ് വൈദികനായിരുന്നു എന്റെ വികാരി. എല്ലാ ഇടവകാംഗങ്ങൾക്കും ഏറ്റവും പ്രിയങ്കരനായ വിശുദ്ധനായ ഒരു വൈദികൻ. സാൽഫോർഡ് റോയൽ ആശുപത്രിയിൽ ഒരുപാട് മലയാളി നഴ്സുമാര് ജോലി നോക്കുന്നുണ്ടായിരുന്നു. അവരിൽ ഭൂരിഭാഗം പേരും എല്ലാ ദിവസവുമുള്ള വിശുദ്ധ കുർബാനയിൽ വന്ന് പങ്കുചേരുമായിരുന്നു. ആ ഇടവകയോട്‌ ചേർന്നുള്ള മലയാളികളുടെ വീടുകളിൽ ഞാൻ സന്ദർശനം നടത്തിപ്പോന്നു.

ഒരു വീട്ടിലേക്ക് ചെന്നപ്പോൾ അവരെന്നെ കാര്യമായി സ്വീകരിച്ചു. കുശലാന്വേഷണത്തിനിടക്ക്, ഇടദിവസങ്ങളിൽ കുർബാനയ്ക്ക് വരുന്ന കാര്യം പറഞ്ഞുതുടങ്ങിയപ്പോൾ തന്നെ ഗൃഹനാഥൻ എന്നോട് തീർത്തുപറഞ്ഞു: “ഇടദിവസങ്ങളിൽ ഞങ്ങളെ അച്ചൻ പ്രതീക്ഷിക്കേണ്ട. ഞങ്ങൾ വരില്ല. ഞായറാഴ്ച്ചകളിൽ മുടങ്ങാതെ വരും.”

ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി. പരിശുദ്ധ അമ്മയ്ക്ക് ആ കുടുംബത്തെ മുഴുവൻ സമർപ്പിച്ച് അവർക്കുവേണ്ടി എന്നും കൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. ഏകദേശം ഒരു മാസം പിന്നിട്ടപ്പോൾ അവരെല്ലാവരും ദിനവും വിശുദ്ധ ബലിയിൽ പങ്കുചേരാൻ തുടങ്ങി. ഞാൻ പരിശുദ്ധ അമ്മയ്ക്ക് ഒരുപാട് നന്ദി പറഞ്ഞു.

മാസങ്ങൾ കടന്നുപോയി. ഈ ഗൃഹനാഥന് ക്യാൻസർ രോഗം സ്ഥിരീകരിച്ചു. പ്രാരംഭഘട്ടമാണ്. ആശുപത്രിയിൽ വീണ്ടും ഒരു ചെക്ക് അപ്പിന് പോകുന്നതിനു മുൻപ് ആ ചേട്ടൻ വികാരിയച്ചന്റെയും എന്റെയും അടുക്കൽ വന്ന് പ്രാർത്ഥന ആവശ്യപ്പെട്ടു. ഞങ്ങൾ ആത്മാർഥമായി ആ ചേട്ടനുവേണ്ടി പ്രാർത്ഥിച്ചു. അന്നേ ദിവസമുള്ള വിശുദ്ധ കുർബാനയിൽ ആ ചേട്ടനെ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിച്ചു. വിശുദ്ധ കുർബാന സ്വീകരണസമയം വികാരിയച്ചൻ ചേട്ടന്റെ നേരെ കുറച്ചുനേരം വിശുദ്ധ കുർബാന ഉയർത്തിപ്പിടിച്ചു പ്രാർത്ഥിച്ചതിനു ശേഷമാണ് വിശുദ്ധ കുർബാന നല്‍കിയത്.

ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ചേട്ടന് ക്യാൻസറിന്റെ യാതൊരു ലക്ഷണവുമില്ല. ദിവ്യകാരുണ്യ ഈശോയുടെ സജീവ സാന്നിദ്ധ്യത്തിനു മുൻപിൽ സന്തോഷവും ആനന്ദവും കൃതജ്ഞതയും കൊണ്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞ നിമിഷങ്ങൾ. വിശുദ്ധ കുർബാന എന്ന നിത്യജീവൻ പ്രദാനം ചെയ്യുന്ന ഔഷധമാണ് ആ ചേട്ടന്റെ രോഗം പൂർണ്ണമായും ഭേദമാക്കിയത്. പരിശുദ്ധ അമ്മയുടെ നിരന്തരമായ മാദ്ധ്യസ്ഥവും പ്രാർത്ഥനയുമാണ് ആ കുടുംബത്തെ വിശുദ്ധ കുർബാനയോട് അടുപ്പിച്ചത്.

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.