അമ്മയനുഭവങ്ങൾ: 25

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“എന്റെ സഹോദരരേ, വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങൾ സന്തോഷിക്കുവിൻ. എന്തെന്നാൽ, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂർണ്ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങൾ പൂർണ്ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും” (യാക്കോബ് 1:2-4).

രണ്ട് വർഷത്തെ അജപാലന ശുശ്രൂഷയ്ക്കു ശേഷം എന്റെ പ്രഥമ ഇടവകയോട് ഞാൻ യാത്ര പറഞ്ഞു. രൂപതയുടെ പാസ്റ്ററൽ സെന്ററിലേക്കാണ് നേരെ പോയത്. വിദേശത്ത് സേവനം ചെയ്യാനായി തയ്യാറായിക്കൊള്ളാൻ അഭിവന്ദ്യ പിതാവ് എന്നോട് നിർദ്ദേശിച്ചു. ഇംഗ്ലണ്ടിലെ സാൽഫോർഡ് രൂപതയിലേക്കാണ് ഞാൻ പോകേണ്ടിയിരുന്നത്. എല്ലാ ദിവസവും ഞാനും അയർലണ്ടിൽ സേവനം അനുഷ്ഠിക്കാനായി പോകേണ്ടിയിരുന്ന ഒരു വൈദികനും തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തിൽ IELTS പഠിക്കാനായി പോയിത്തുടങ്ങി. ഈ പരീക്ഷയിൽ ആദ്യ ശ്രമത്തിൽ ജയിക്കുക അത്ര എളുപ്പമല്ലായിരുന്നു.

എന്നും ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പരീക്ഷയ്ക്കു തയ്യാറായി. ചെന്നൈയിലാണ് ഞങ്ങൾക്ക് പരീക്ഷാ സെന്റർ ലഭിച്ചത്. പ്രാർത്ഥിച്ചൊരുങ്ങി കഠിനാദ്ധ്വാനം ചെയ്ത് പരീക്ഷയെ നേരിട്ടു. പരീക്ഷാഫലം വന്നപ്പോൾ ഞങ്ങൾ രണ്ട് വൈദികരും ജയിച്ചു. ഒരുപാട് സന്തോഷത്തോടെ രണ്ടുപേരും വിസയ്ക്ക് അപേക്ഷിച്ചു. അയർലണ്ടിലോട്ടുള്ള വിസ അച്ചന് കിട്ടി. യുകെ വിസ ലഭിക്കണമെങ്കിൽ ഞാൻ ഇപ്പോൾ ജയിച്ച IELTS പോരെന്നും ഇതുകൊണ്ട് അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കേ പോകാനാവുകയുള്ളൂവെന്നും യുകെ വിസ ലഭിക്കാൻ മറ്റൊരു UKVI എന്ന IELTS ജയിക്കണമെന്നും നിർദ്ദേശിച്ചു.

ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ഈ പരീക്ഷ ഞാൻ ആദ്യ പ്രാവശ്യം വിജയിച്ചത്. വീണ്ടും മറ്റൊരു പരീക്ഷയെ നേരിട്ട് ജയിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ബാലികേറാമലയായിരുന്നു. എങ്കിലും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് ഞാൻ പരീക്ഷയെഴുതി. പരിശുദ്ധ അമ്മ വീണ്ടും വിജയിപ്പിച്ചു. തുടർന്ന് വിസയ്ക്ക് അപേക്ഷിച്ചുവെങ്കിലും എന്റെ ഇംഗ്ലണ്ടിലേക്കുള്ള പ്രവേശാനുമതി രണ്ട് പ്രാവശ്യം നിഷേധിക്കപ്പെട്ടു.

മൂന്നാമത്തെ പ്രാവശ്യം വിസയ്ക്കു വേണ്ടി അപേക്ഷിക്കാൻ തുടങ്ങിയപ്പോൾ അഭിവന്ദ്യ പിതാവ് പറഞ്ഞു, ഇപ്രാവശ്യവും വിസ ലഭിച്ചില്ലെങ്കിൽ ഇനിയും പരിശ്രമിക്കേണ്ടതില്ല. കാരണം ഓരോ പ്രാവശ്യവും ഭീമമായ തുക അപേക്ഷയോടൊപ്പം നൽകേണ്ടിയിരുന്നു. എന്നോടൊപ്പം സെമിനാരിയിൽ പഠിച്ച എന്റെ ഒരു സുഹൃത്ത്‌ ലണ്ടനിൽ ജോലി നോക്കുന്നുണ്ട്. ഞാൻ ആ കൂട്ടുകാരനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അവൻ അവിടെ നിന്നും എന്റെ വിസ ശരിയാക്കി തന്നു. അങ്ങനെ 2017 ജനുവരി മാസം ഞാൻ മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിച്ചേർന്നു.

എന്നെ സ്വീകരിക്കാനും കൂട്ടികൊണ്ടു പോകാനുമായി എന്റെ വികാരിയായ ഒരു ഐറിഷ് വൈദികനും ഒരു മലയാളി ചേട്ടനും എയർപോർട്ടിനു മുൻപിൽ കാത്തുനിന്നു. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് രണ്ടര മണിക്കൂറോളം എന്നെ തടഞ്ഞുവച്ചു. രണ്ട് പ്രാവശ്യം എന്റെ വിസ നിഷേധിക്കപ്പെട്ടതായിരുന്നു കാരണം. ഈ സമയമെല്ലാം പരിശുദ്ധ ജപമാലയായിരുന്നു എന്നെ ശക്തിപ്പെടുത്തിയതും ബലപ്പെടുത്തിയതും.

ഞാൻ വൈകുന്നതു കണ്ടപ്പോൾ ഐറിഷ് വൈദികൻ എയർപോർട്ട് അധികാരികളോട് സംസാരിച്ചു. തുടർന്ന് എന്നെ പോകാൻ അവർ അനുവദിച്ചു. ജീവിതത്തിലെ ഏറ്റവും സംഘർഷഭരിതമായ നിമിഷങ്ങളിലൂടെ ഞാൻ കടന്നുപോയിയെങ്കിലും പരിശുദ്ധ അമ്മ ഓരോ വ്യക്തികളിലൂടെയും എന്നെ സഹായിച്ചു.

“പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങളുടെ ജീവിതത്തിലെ ഉത്കണ്ഠകളിൽ, ആപത്തിൽ, നിരാശയിൽ, ഒറ്റപ്പെടലിൽ, പരാജയത്തിൽ, പ്രതികൂല സാഹചര്യങ്ങളിൽ, ദുർഘട നിമിഷങ്ങളിൽ ഞങ്ങൾക്കെന്നും താങ്ങും തണലും തുണയുമായി അമ്മ നിരന്തരം കൂടെയുണ്ടാകണേ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.