മേരി വിട വാങ്ങി, ഓര്‍മയുടെ ഓളങ്ങളില്‍ ഏകനായി ജോസഫ്  

ഭാര്യയെ ജീവനോളം സ്നേഹിച്ച ജോസഫ്. അവളെ ഊട്ടി ഉറക്കി കുളിപ്പിച്ച് പോന്നു പോലെ പരിചരിച്ചു വേദനയുടെ നടുവിലും ആശ്വാസത്തിന്‍റെയും കരുതലിന്‍റെയും കരം തീര്‍ത്ത ജോസഫിനെ തനിച്ചാക്കി മേരി പറന്നകന്നു. വേദനകളില്ലാത്ത ലോകത്തേയ്ക്ക്.

ജോസഫും മേരിയും! ഇവര്‍ ആരാണെന്ന ചോദ്യത്തിന്, മാതൃകാ ദമ്പതികള്‍ എന്നോ വിവാഹ ജീവിതത്തിന്റെ അത്യുദ്ദാഹരണമെന്നോ ഒക്കെ വിശേഷിപ്പിക്കാം. കാരണം ഈ വിശേഷണങ്ങള്‍ കൃത്യമായി ചേരുന്നത് ഇവര്‍ക്ക് തന്നെയാണ്. ജോസഫും മേരിയും ആരെന്നു ഇനിയും മനസിലായില്ലെങ്കില്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു ചിത്രം ഓര്‍മിപ്പിക്കാം. തളര്‍ന്നു കിടക്കുന്ന ഭാര്യയുടെ വിരലുകള്‍ കൊണ്ട് ഷീറ്റില്‍ എഴുതി ആശയ വിനിമയം നടത്തുന്ന ഭര്‍ത്താവ്. ആ ചിത്രം അധികം ആരുടെയും മനസ്സില്‍ നിന്ന് മഞ്ഞു പോകാന്‍ ഇടയില്ല. ആ ജോസഫും മേരിയും ആണ് നമ്മുടെ നായികാ നായകന്‍മാര്‍.

ഇനി മേരി ഇല്ല; ജീവിത യാത്രയില്‍ ജോസഫ് ഏകനായി 

കഴിഞ്ഞ അരനൂറ്റാണ്ടായി മേരിയുടെ ഇടതും വലതും കാഴ്ചയും കേള്‍വിയും ഒക്കെയായി ജോസഫ് ഉണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ടവളുടെ ഓരോ ചലനത്തിനും കാതോര്‍ത്തു ആ ജീവന് കാവലായി നിന്നിരുന്നു. ഒടുവില്‍ ജോസഫിനെ തനിച്ചാക്കി മേരി യാത്രയായി, വേദനകളില്ലാത്ത ലോകത്തേയ്ക്ക്.

പനിയും ജലദോഷവും മൂലം അവശയായ മേരിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. ചികിത്സകള്‍ക്കൊടുവില്‍ മേരി മരുന്നിനോട് പ്രതികരിക്കുകയും പതുക്കെ നോർമലായി വരുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. വയ്യാത്ത ഭാര്യക്കൊപ്പം ആശുപത്രി വരാന്തയില്‍ അയാള്‍ പ്രാര്‍ത്ഥനയോടെ നിന്നു. ആ പ്രതീക്ഷകള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. മേരിയുടെ ഈ ലോക ജീവിതം അവസാനിക്കുവാന്‍ സമയമായി എന്ന് ദൈവം നിശ്ചയിച്ചു. അതിനെ അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ. ദൈവം തനിക്കായ്‌ തന്നെ ആ കൂട്ടിനെ, താന്‍ തുണയായി നിന്ന സഖിയെ ദൈവം തിരികെ വിളിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സന്തോഷകരമായ ഒരു ജീവിതമായിരുന്നു അവരുടേത്. ആ ജീവിതത്തില്‍ ഇരുള്‍ പടര്‍ത്തികൊണ്ടാണ് ആ അപൂര്‍വ രോഗം കടന്നു വരുന്നത്.

അപൂര്‍വ രോഗത്തിന്റെ പിടിയില്‍ 

1993-ലായിരുന്നു ആ സംഭവം. രാവിലെ പത്തുമണിയോടെ മേരി തലചുറ്റി വീണു. അന്ന് നല്ലരീതിയില്‍ ഹോട്ടല്‍ നടത്തികൊണ്ട് ഇരുന്ന ജോസഫിനോട് ഈ വിവരം അയല്‍ക്കാര്‍ പറഞ്ഞു. കേട്ട മാത്രയില്‍ ഭാര്യയെ കോരിയെടുത്ത് ആശുപത്രിയിലേയ്ക്ക്. കുഴപ്പമില്ല എന്നും മൂന്നു ദിവസത്തെ മരുന്ന് കഴിച്ചാല്‍ ശരിയാകും എന്ന് സമാധാനപ്പെടുത്തി. എന്നാല്‍ അത് മാറിയില്ല എന്ന് മാത്രമല്ല വീണ്ടും ഗുരുതരമാവുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് ആശുപത്രിയിലേയ്ക്കുള്ള യാത്ര ഒടുവില്‍ ചെന്നവസാനിച്ചത്‌ മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രിയിലാണ്. പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ ജോസഫിനെ വിളിച്ചു. “നിങ്ങളുടെ ഭാര്യക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന രോഗമാണ് ഉണ്ടായിരിക്കുന്നത്. ലക്ഷം ആളുകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം ബാധിക്കുന്ന രോഗം. തീര്‍ത്തും മാറുകയില്ല. നിയന്ത്രിച്ച് കൊണ്ടുപോകാന്‍ പരിശ്രമിക്കാം. അത്രമാത്രം.” കണ്ണുകള്‍ പഴുത്തു ദ്രവിച്ചുകൊണ്ടിരികുന്ന അവസ്ഥയിലായിരുന്നു മേരി അപ്പോള്‍.

ഈ അവസ്ഥയില്‍ രോഗിക്ക് കഴിയുന്നത്ര ആശ്വാസമേകാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചു. ഒരു മാസത്തെ ചികിത്സകൊണ്ട് ഏതാണ്ട് ഒരു ആശ്വാസം എന്ന് പറയാറായി. മേരി വീട്ടിലെത്തി. പക്ഷെ വിധി അവരെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല. മേരിയുടെ ശരീരം പഴുത്തു പൊട്ടാന്‍ തുടങ്ങി. പരിശോധനകളില്‍ ആ മുറിവുകള്‍ കരിയുകയില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കസ്തൂര്‍ബാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മുറിവുകള്‍ വെച്ച് കെട്ടുവാന്‍ തുടങ്ങി. ഈ സമയം മുഴുവന്‍ മേരിയുടെ കൂടെ ജോസഫ് നിന്നു.

താങ്ങായി ജോസഫ് 

ഒന്ന് തിരിയാനോ അനങ്ങാനോ കഴിയാത്ത അവസ്ഥയിലായി മേരി. മുറിവുകളില്‍ നിന്ന് ദുര്‍ഗന്ധം. കണ്ണുകള്‍ക്ക്‌ കാഴ്ച കുറഞ്ഞു തുടങ്ങി. കേള്‍വി ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. എങ്കിലും ജോസഫ് അത് മാത്രമായിരുന്നു മേരിയെ ജീവിക്കാന്‍ പ്രേരിപ്പിച്ച ഘടകം. ജോസഫ് മേരിയെ ചേര്‍ത്തു പിടിച്ചു. മുന്‍പത്തേതിലും കൂടുതലായി. കേള്‍വി നഷ്ടപ്പെട്ടതിനാല്‍ മേരിയുടെയും ജോസഫിന്റെയും ആശയ വിനിമയം എഴുത്തിലൂടെയായി. ഭാര്യയ്ക്കു നാട്ടുവിശേഷം പറഞ്ഞു കൊടുക്കാൻ 42 നോട്ട് ബുക്കുകള്‍ അയാള്‍ എഴുതിത്തീർത്തു. അതിലൂടെ മേരി നാട്ടിലെ വിവരങ്ങള്‍ അറിഞ്ഞു. ആദ്യം പേനകൊണ്ട് എഴുതിയിരുന്നത് പിന്നീട് സ്കെച്ച് കൊണ്ടാക്കി. കാരണം കാഴ്ച്ചയുടെ തകരാര്‍ തന്നെ. എന്നാല്‍ കാഴ്ചയും നഷ്ടപ്പെട്ടതോടെ മേരി പൂര്‍ണ്ണമായും ഇരുളിലായി. എങ്കിലും അവിടെയും ഏകാന്തതയുടെ പടുകുഴിയിലേയ്ക്ക് അവളെ തള്ളിയിടുവാന്‍ അയാള്‍ക്ക് മനസ് വന്നില്ല. അയാള്‍ അവളുടെ കൈ പിടിച്ചു. ആ വിരലുകള്‍ കൊണ്ട് ബെഡ് ഷീറ്റില്‍ വിവരങ്ങള്‍ എഴുതിപ്പിച്ചു. അങ്ങനെ മേരി കാര്യങ്ങള്‍ മനസിലാക്കി.

അങ്ങനെ 25 വര്‍ഷം കടന്നുപോയി. ഒരു കൊച്ചു കുഞ്ഞിനെ ശുശ്രൂഷിക്കുന്നത് പോലെ  ജോസഫ് മേരിയെ കൊണ്ട്  നടന്നു. ഒടുവില്‍ ഭൂമിയിലെ സഹനങ്ങളുടെ ചൂളയിലെ ജീവിതം മതിയാക്കി മേരി യാത്രയായി. ഇവിടെ ജോസഫ് തനിച്ചാണോ എന്ന ചോദ്യം പ്രസക്തമല്ല. കാരണം മേരിക്കായി എഴുതിയ ബുക്കുകളും അവള്‍ക്കായി കാതോര്‍ത്ത രാത്രികളും ആ മരുന്നിന്റെ ഗന്ധം നിറഞ്ഞ മുറിയും ഒക്കെ ഓര്‍മകളില്‍ ആ ഇരുപത്തഞ്ചു വര്‍ഷത്തെ വീണ്ടെടുക്കുകയാണ്. ഉപേക്ഷിക്കാമായിരുന്നിട്ടും ചേര്‍ത്തു നിര്‍ത്തിയ,തളരാമായിരുന്നിട്ടും തോല്‍ക്കാതെ ജീവിച്ചു കാണിച്ച ആ സ്നേഹം ഒരിക്കലും അസ്തമിക്കുകയില്ല. അതൊരു ഓര്‍മപ്പെടുത്തലാണ്.’തെറ്റുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടും അത് ചെയ്യാതിരിക്കുന്നവന്‍ കൂടുതല്‍ അനുഗ്രഹീതന്‍’ എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.