മരിയൻ കഥകൾ 2

ഫ്രാന്‍സില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര നടത്തുകയായിരുന്നു. അവരോടൊപ്പം തീവണ്ടിയില്‍ കയറിയ വൃദ്ധനായ ഒരു യാത്രക്കാരനെ അവര്‍ ശ്രദ്ധിച്ചു. വൃദ്ധന്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ജപമാലയെടുത്തു ജപിച്ചു കൊണ്ട് പ്രാര്‍ത്ഥനാനിമഗ്നനായി. അയാളുടെ മതവിശ്വാസത്തില്‍ അവജ്ഞ തോന്നിയ നിരീശ്വരവാദികളായ ചില വിദ്യാര്‍ത്ഥികള്‍ ആ വൃദ്ധനെ അപഹസിച്ചു കൊണ്ട് സംഭാഷണമാരംഭിച്ചു. ഇതു കേട്ടിട്ടും അദ്ദേഹം പ്രാര്‍ത്ഥന തുടര്‍ന്നു.

അയാളുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ പല കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോടു ചോദിച്ചു. അവയ്ക്കെല്ലാം അദ്ദേഹം പ്രശാന്തനായി മറുപടി പറഞ്ഞു. അവരുടെ സംഭാഷണം സാഹിത്യപരമായ കാര്യങ്ങളിലേക്ക് കടന്നപ്പോള്‍ അന്നത്തെ പ്രശസ്ത നോവലിസ്റ്റും ഫ്രഞ്ചുസാഹിത്യത്തിലെ അനിഷേധ്യ നേതാവുമായ വിക്ടര്‍ ഹ്യുഗോവിനെപ്പറ്റി പരാമര്‍ശിച്ചു.

ഹ്യുഗോവിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുണ്ട് എന്ന കാര്യം അദ്ദേഹം വിദ്യാര്‍ത്ഥികളോടു പറഞ്ഞു. അവര്‍ വിക്ടര്‍ ഹ്യുഗോയുടെ ഗുണഗണങ്ങള്‍ സവിസ്തരം പ്രതിപാദിച്ച് യാത്ര അവസാനിച്ച് വിട ചോദിക്കവേ ആ വൃദ്ധന്‍ അവരോടു പറഞ്ഞു. വിക്ടര്‍ ഹ്യുഗോയേക്കുറിച്ച് ഒരു കാര്യം മാത്രം നിങ്ങള്‍ പറഞ്ഞില്ല. എന്താണത്? അവര്‍ ചോദിച്ചു. അദ്ദേഹം ഒരു യഥാര്‍ത്ഥ മരിയഭക്തന്‍ കൂടിയാണ്. എന്താണതിനു തെളിവ്? നിങ്ങള്‍ക്കത് എങ്ങനെ അറിയാം.

വൃദ്ധന്‍ സുസ്മേരവദനനായി ഇപ്രകാരം പ്രതിവചിച്ചു. നിങ്ങള്‍ പ്രകീര്‍ത്തിച്ച വിക്ടര്‍ ഹ്യുഗോ ഞാന്‍ തന്നെയാണ്. നിങ്ങളുടെ മുമ്പില്‍ വച്ച് കൊന്ത ജപിച്ച ഞാന്‍ വേറെ തെളിവ് നല്‍കണമോ? ആ വിശ്രുത സാഹിത്യകാരനോട് ക്ഷമാപണം ചെയ്തതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നും പോയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.