നിശബ്ദത

നാല് സന്ന്യാസിമാർ 7 ദിവസം ധ്യാനിക്കാനായി തീരുമാനിച്ചു. ആരും പരസ്പരം സംസാരിക്കില്ല എന്നായിരുന്നു അവർ തമ്മിലുള്ള നിബന്ധന. ആദ്യദിവസം തന്നെ അവർ നന്നായി ധ്യാനിച്ചു. സന്ധ്യ ആയപ്പോൾ കത്തിയിരുന്ന എണ്ണവിളക്കുകളിൽ പ്രകാശം കുറയാനായി ആരംഭിച്ചു. കുറെ നേരം കാത്തിരുന്നെങ്കിലും ആരും വിളക്കിൽ എണ്ണയൊഴിക്കാതിരുന്നതുകൊണ്ട് ഒരു സന്ന്യാസി വിളിച്ചു പറഞ്ഞു “ആരെങ്കിലും ഇതിൽ അല്പം എണ്ണ ഒഴിക്കുവിൻ”. ആദ്യത്തെ സന്ന്യാസി നിശബ്ദത പാലിക്കുന്നതിൽ പരാജയപ്പെടുന്നത് കണ്ട രണ്ടാമത്തെ സന്ന്യാസി പറഞ്ഞു “നിങ്ങൾ സംസാരിക്കാൻ പാടില്ലായിരുന്നു”. അതുകേട്ട മൂന്നാമൻ പറഞ്ഞു “നിങ്ങൾ ഒരു മണ്ടനാണ്, അതുകൊണ്ടല്ലേ നിങ്ങൾ സംസാരിച്ചത്?” “ഞാൻ മാത്രമാണ് ഇതുവരെ സംസാരിക്കാത്തത്” നാലാമൻ ഇങ്ങനെ ആശ്വസിച്ചു.

നിശബ്ദത സ്വർണ്ണമാണ് എന്നാണ് നാം കേട്ടിട്ടുള്ളത്. പക്ഷെ നമുക്കാർക്കും നിശബ്ദത പാലിക്കാൻ സാധിക്കാറില്ല. നാവിനെ നിയന്ത്രിച്ചു, മനസ്സിനെ സ്വയം സംസാരിക്കാൻ അനുവദിക്കുന്നതാണ് നിശബ്ദത. നിശബ്ദത പാലിക്കേണ്ട ഇടങ്ങളുണ്ട്, സമയങ്ങളുണ്ട്, വ്യക്തികളുണ്ട്. എന്നാൽ നാമാരും അതിനെക്കുറിച്ചു ബോധവാന്മാരല്ല. ആരോടും ഇപ്പോഴും എന്തും പറയുന്ന ഒരു യന്ത്രമായി നമ്മുടെ നാവ് മാറിപ്പോയി.

“അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു” (ലൂക്ക 1:52). മറിയം ഹൃദയത്തിൽ സൂക്ഷിച്ച നന്മയായിരുന്നു നിശബ്ദത. അവൾ ആരോടും അഹിതമായതൊന്നും പറഞ്ഞില്ല. അവൾ ഒരു സമയവും സമചിത്തത കൈവിട്ടില്ല. അവൾ എവിടെയും അനാവശ്യമായി കയറിയിറങ്ങിയില്ല. എല്ലാവരോടും എല്ലായ്പ്പോഴും എല്ലായിടത്തും അവൾ മനസ്സിനെ നിയന്ത്രിച്ചു. അതുകൊണ്ടുതന്നെ അവൾ നിശബ്ദതയുടെ പ്രവാചകയായി.

ധീരനായവൻ നിശബ്ദനായിരിക്കും. അവനു ആരെയും ഒന്നും ബോദ്ധ്യപ്പെടുത്താൻ ഉണ്ടാകില്ല. അവൻ ചെയ്ത ശരികളിൽ അവനു വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ അവന്റെ നിശബ്ദത വിശുദ്ധമായിരിക്കും. ഇത്രയേറെ അപവാദങ്ങളും പരിഹാസങ്ങളും ചെവിയിലെത്തിയിട്ടും മറിയം എല്ലാം സഹിച്ചത് തന്റെ നിശബ്ദത വിശുദ്ധമാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്. അമ്മയെപ്പോലെ നിശബ്ദതയിൽ ജീവിക്കാനുള്ള കൃപക്കുവേണ്ടി പ്രാർത്ഥിക്കാം. പ്രാർത്ഥനകൾ

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.