
മറിയമേ, ഞങ്ങളുടെ അമ്മേ, ജീവിക്കുന്ന ദൈവത്തിന്റെ പരിശുദ്ധ ആലയമായി ലോകം മുഴുവൻ നിന്നെ ബഹുമാനിക്കുന്നു. നിന്നിലാണല്ലോ ലോകത്തിന്റെ രക്ഷ ഉദയം ചെയ്തത്. നിന്നിൽ നിന്ന് മനുഷ്യരൂപം സ്വീകരിക്കുന്നതിൽ ദൈവപുത്രൻ സന്തോഷിച്ചു.
ആദാമിന്റെയും ഹവ്വായുടെയും അനുസരണക്കേടു തീർത്ത വിദ്വേഷത്തിന്റെ മതിൽ നീ തകർക്കുകയും ആകാശവും ഭൂമിയും തമ്മിലുള്ള തടസ്സമില്ലാതാക്കുകയും ചെയ്തുവല്ലോ. ദൈവത്വവും മനുഷത്വവവും ഒരു വ്യക്തിയിൽ ദൈവം-മനുഷ്യൻ ഒന്നുചേർന്നപ്പോൾ, നിന്നിൽ സ്വർഗ്ഗം ഭൂമിയെ കണ്ടുമുട്ടി.
ദൈവത്തിന്റെ അമ്മേ, ഞങ്ങൾ നിന്നെ സ്തുതിക്കുന്നു; ഞങ്ങൾക്ക് ഇനിയും നിന്നെ കൂടുതൽ സ്തുതിക്കണം. ഞങ്ങളുടെ വാക്കുകൾ നിന്നെ ബഹുമാനിക്കാൻ കഴിയാത്തവിധം ദുർബലമാണ്, ഒരു നാവും വേണ്ടത്ര വാചാലമല്ല നിന്റെ ശ്രേഷ്‌ഠത വാഴ്ത്തുവാൻ.
മറിയമേ, നീ ഏറ്റവും ശക്തയും പരിശുദ്ധയും എല്ലാ സ്നേഹത്തിനും യോഗ്യയുമാണ്. നിന്റെ പേര് പുതിയ ജീവൻ നൽകുന്നു. നിന്നെക്കുറിച്ചുള്ള ചിന്ത നിന്റെ ഭക്തരുടെ ഹൃദയങ്ങളിൽ സ്നേഹത്തെ പ്രചോദിപ്പിക്കുന്നു.
ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS




