ലക്ഷങ്ങള്‍ ഒത്തുചേര്‍ന്ന ലാറ്റിനമേരിക്കന്‍ മാര്‍ച്ച് ഫോര്‍ ലൈഫ് 

ഗര്‍ഭധാരണം മുതല്‍  സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് ലാറ്റിനമേരിക്കയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. മേയ് അഞ്ചിന് അമ്പത്തിമൂന്ന് നഗരങ്ങളിലായി നടത്തിയ മാര്‍ച്ച് ഫോര്‍ ലൈഫ് പ്രോ -ലൈഫ് റാലിയില്‍ കുട്ടികളും യുവജനങ്ങളും, വയോധികരും ഗര്‍ഭിണികളുമടക്കം വിവിധ പ്രായത്തിലും തലത്തിലും ഉള്ള ആളുകളാണ് പങ്കെടുത്തത്.

ദയാവധം, ഭ്രൂണഹത്യ തുടങ്ങിയവയെ അനുകൂലിക്കുന്ന നിയമ ഭേദഗതികള്‍ നടത്തരുത് എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടും ജീവന്റെ പ്രാധാന്യം ഏറ്റുപറഞ്ഞുകൊണ്ടുമാണ് മാര്‍ച്ച് ഫോര്‍ ലൈഫ് നടത്തപ്പെട്ടത്. ‘ എല്ലാ മനുഷ്യര്‍ക്കുമുള്ള പ്രധാന അവകാശങ്ങളില്‍ ഒന്നാണ് ജീവിക്കുന്നതിനുള്ള അവകാശം. ഇതിനെ എതിര്‍ക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്ന പ്രവര്‍ത്തികള്‍ ക്രിമിനല്‍ കുറ്റമാണ്’. സംഘാടകര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, അമ്മമാരെ ഗര്‍ഭ കാലഘട്ടത്തില്‍ സഹായിക്കണമെന്നും പാലിയേറ്റീവ് കെയര്‍ സംവിധാനം മെച്ചപ്പെടുത്തണമെന്നും അനുയോജ്യവും സമയാനുസൃതവുമായ ചികിത്സ രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു. അടുത്ത തലമുറയുടെ ജീവന്‍ രക്ഷിക്കണമെന്നും ചൈതന്യമുള്ള കുടുംബങ്ങള്‍ സൃഷ്ടിക്കാന്‍ പരിശ്രമിക്കണമെന്നും വിശ്വാസ സാക്ഷ്യമായി റാലിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായും  ലിമയിലെ കര്‍ദ്ദിനാള്‍ ജുവാന്‍ ലുയിസ് സിപ്രാനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.