ക്‌നാനായ സമുദായം ദൈവികസംരക്ഷണത്തിന്റെ തണലിൽ: മാർ മാത്യു മൂലക്കാട്ട്

ക്‌നാനായ സമുദായം എന്നും ദൈവികസംരക്ഷണത്തിന്റെ തണലിലെന്ന്  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. 1911 ആഗസ്റ്റ് 29-ന് തെക്കുംഭാഗർക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 110-ാം വാർഷികദിനാചരണത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാബലിയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്‌നാനായ സമുദായത്തിന് സ്വവംശവിവാഹ നിഷ്ഠയിലൂടെ സംരക്ഷിക്കപ്പെടുന്ന ശക്തമായ ഇഴയടുപ്പമുണ്ട്. അബ്രാഹത്തിന്റെ വിളിയിലും തെരഞ്ഞെടുപ്പിലും ദൈവം കൂട്ടിച്ചേർത്ത തന്റെ അനുഗ്രഹത്തിന്റെ സംരക്ഷണം ഈ ജനത്തിന്റെ ജന്മാവകാശമാണ്. മിശിഹായുടെ ശരീരമാകുന്ന സഭയോടു ചേർന്ന് മുന്തിരിച്ചെടിയോടു ചേർന്നുനിൽക്കുന്ന ശാഖകൾ പോലെ കൗദാശികമായി ചേർന്നുനിന്നുകൊണ്ട് നമ്മുടെ സ്‌നേഹബന്ധത്തിന്റെ ഇഴയടുപ്പം കാത്തുസൂക്ഷിക്കണം. സ്‌നേഹവും ജാഗ്രതയും കൈമുതലാക്കി ഈ പ്രതിസന്ധി കാലത്ത് ദൈവത്തിലാശ്രയിച്ചു മുന്നേറാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

അതിരൂപതാ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിക്കൊണ്ട് ആത്മീയമായ ഒരുക്കത്തോടെ അതിരൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച്  കൃതജ്ഞതാബലി അർപ്പിച്ചു. വാർഷികാചരണത്തിന്റെ ഭാഗമായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ ദൈവാലയ അങ്കണത്തിൽ അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അതിരൂപതാ പതാക ഉയർത്തി. തുടർന്ന് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയർപ്പിച്ചു.

അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ്  പണ്ടാരശ്ശേരിൽ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ സഹകാർമ്മികരായിരുന്നു. അതിരൂപതാ പ്രതിനിധികൾ ശുശ്രൂഷകളിൽ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച  പരിപാടികളിൽ ഓൺലൈനിലൂടെ എല്ലാവർക്കും പങ്കെടുക്കുവാൻ അവസരമൊരുക്കിയിരുന്നു. പൂർവ്വപിതാക്കന്മാരിലൂടെ ക്‌നാനായ സമുദായത്തിനും പൊതുസമൂഹത്തിനും ഉണ്ടായിട്ടുള്ള നന്മകൾ അനുസ്മരിച്ച് അതിരൂപതയിലെ കുടുംബങ്ങളിൽ പ്രത്യേകം പ്രാർത്ഥനകൾ നടത്തപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.