പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാന്‍ യുവജനങ്ങള്‍ക്കു സാധിക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി.

കൊച്ചി: സ്‌നേഹത്തിന്റെ സാക്ഷ്യത്തിലൂടെ വിശ്വാസത്തെ പ്രവര്‍ത്തനനിരതമാക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കേണ്ടതുണ്ടെന്നും തീക്ഷ്ണമായ വിശ്വാസത്തില്‍ അടിയുറച്ച പ്രത്യാശയോടെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാന്‍ സാധിക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രതിഭാസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവികമായി ലഭിച്ച കഴിവുകളെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിക്കൂടി ഉപയോഗിക്കുമ്പോഴാണു പ്രതിഭ പൂര്‍ണതയിലെത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ബാബു ചിരിയങ്കണ്ടത്ത്, ഫാ. ഡായി കുന്നത്ത്, നിജോ ജോസഫ് പുതുശേരി, സിസ്റ്റര്‍ ഡീന, ദിയ മരിയ ജോര്‍ജ്, കിരണ്‍ റോയ്, ലിയ മാത്യു എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുത്തവര്‍ക്കുള്ള പ്രതിഭാപുരസ്‌കാരങ്ങള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിതരണം ചെയ്തു. വിവിധ രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണു മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ