ന്യൂസിലന്റ് പ്രധാനമന്ത്രിക്കൊപ്പം മലയാളി വൈദികന്‍  

സി. സൗമ്യ DSHJ

ചില വ്യക്തികൾ, കാലങ്ങൾക്കും ദേശങ്ങൾക്കും ഭാഷകൾക്കും അതീതമാണ്. അങ്ങനെ തന്റേതായ ഉറച്ച നിലപാടുകളിലൂടെയും നിർണ്ണായക തീരുമാനങ്ങളിലൂടെയും ലോകനേതാക്കളിൽ വ്യത്യസ്തയായ ഒരാളാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത  ആർഡെർൻ. കഴിഞ്ഞവര്‍ഷം മോസ്‌ക്കിലുണ്ടായ വെടിവയ്പ്പിൽ അമ്പതു മുസ്‌ലീങ്ങൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ തന്റേതായ നിലപാടുകൾ കൊണ്ട് വ്യത്യസ്തയാവുകയും വളരെ രൂക്ഷമാകേണ്ട ഒരു പ്രശ്നത്തെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുകയും ചെയ്ത ലേബർ പാർട്ടി അംഗമായ ഈ വനിത പ്രധാനമന്ത്രി, ലോകത്തെ നടുക്കിയ കോവിഡ് പകർച്ചവ്യാധിയെ തടയാനും തന്റേതായ പ്രവർത്തനമികവ് തെളിയിച്ചു.

സൗത്ത് ഐലൻഡിലെ വെസ്റ്റ് കോസ്റ്റ് ഭാഗമായ ഗ്രേ മൗത്തിലുള്ള ഡിസ്ട്രിക്റ്റ് ഹെൽത്ത് ബോർഡിന്റെ ആശുപത്രി പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയതിന്റെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു അവര്‍. തദവസരത്തില്‍ മലയാളി മിഷനറിയായ ഫാ. മാത്യു വള്ളോപ്പള്ളി MCBS-ന്റെ മിഷൻ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ ആശുപത്രിയിൽ മിഷനറിമാരായ ഫാ. മാത്യു ഉൾപ്പെടെയുള്ള വൈദികർ ആഴ്ചയിൽ രണ്ടു പ്രാവശ്യം സന്ദർശനം നടത്തുകയും രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും രോഗീലേപനം നൽകുകയുമൊക്കെ ചെയ്യാറുണ്ട്. ഇതു മനസിലാക്കിയ പ്രധാനമന്ത്രി, മിഷനറിമാരായ ഈ വൈദികരെ പ്രത്യേകിച്ച്, ഫാ. മാത്യുവിന്റെ മിഷൻ പ്രവർത്തനങ്ങളെ വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

സൗത്ത് ഐലന്‍ഡിലെ മലയാളി മിഷനറിയുടെ പ്രവര്‍ത്തനങ്ങള്‍

ഏഴ് വർഷത്തോളമായി ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച്‌ രൂപതയിൽ ശുശ്രൂഷ ചെയ്യുകയാണ് മലയാളി വൈദികനായ ഫാ. മാത്യു. നോർത്ത് ഐലന്‍ണ്ടിലും സൗത്ത് ഐലന്‍ണ്ടിലുമായി ആറ് രൂപതകളാണ് ഇവിടെയുള്ളത്. അതില്‍ ന്യൂസിലൻഡിലെ തന്നെ രണ്ടാമത്തെ വലിയ രൂപതയായ ക്രൈസ്റ്റ് ചർച്ച്‌ രൂപത സൗത്ത് ഐലൻഡിലാണ്. ക്രൈസ്റ്റ് ചർച്ച്‌ രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പ്, ബിഷപ്പ് പോള്‍ മാര്‍ട്ടിന്‍ ആണ്.

ഇന്ത്യക്കാരായ നാല് പേരാണ് ക്രൈസ്റ്റ് ചർച്ച്‌ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്നത്. ഈ വര്‍ഷം ആദ്യമാണ് ഫാ. മാത്യു, ഗ്രേ മൌത്തിലെത്തുന്നത്. നാല് പള്ളികളില്‍ മാത്യു അച്ചന്‍ സേവനം ചെയ്യുന്നുണ്ട്. പ്രധാന പള്ളിയായ സെൻറ് പാട്രിക് കാത്തലിക് ഇടവകയൊഴികെ മറ്റ് മൂന്ന് പള്ളികളിലും മാറിമാറിയുള്ള ഞായറാഴ്ചകളിലാണ് വിശുദ്ധ ബലിയർപ്പണം.

ഒത്തിരിയേറെ പ്രവർത്തനങ്ങൾ നടക്കുന്ന ഒരു ഇടവകയാണ്  സെൻറ് പാട്രിക് കാത്തലിക് പള്ളി. നൂറ്റിഎൺപതോളം കുട്ടികൾ പഠിക്കുന്ന രണ്ട് സ്‌കൂളുകളും ഈ പള്ളിയ്ക്കുണ്ട്. എല്ലാ ബുധനാഴ്ചയും സ്‌കൂളുകൾ സന്ദർശിക്കുകയും കുട്ടികളുമായും ഇടവകയുമായും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട് ഈ വൈദികൻ.

മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെന്നപോലെ ഇവിടെയും ദൈവാലയങ്ങളിൽ യുവജനങ്ങളുടെ സാന്നിധ്യം വളരെ കുറവാണ്. ഇരുപതിനും നാല്പതിനും ഇടയിൽ പ്രായമുള്ള ആളുകളുടെ എണ്ണം പള്ളികളിൽ വളരെ കുറവാണ്. അത് എങ്ങനെ വർദ്ധിപ്പിക്കാം എന്നുള്ളതാണ് ഇപ്പോൾ തന്റെ മിഷൻ പ്രവർത്തനങ്ങളിൽ പ്രധാനമായും മാത്യു അച്ചൻ ശ്രദ്ധ വച്ചിരിക്കുന്ന ഒരു കാര്യം. അതിനായി വിവിധ പ്രവർത്തനങ്ങൾ അച്ചന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. യൂത്ത് മൂവ്മെന്റ്, യുവജനങ്ങളുടെ കൂട്ടായ്മ എന്നീ പ്രോഗ്രാമുകൾ അതിന്റെ ഭാഗമായി അച്ചന്‍ നടത്തിവരുന്നു.

ഗ്രേ മൗത്തിലുള്ള ആശുപത്രിയിൽ സന്ദർശനം നടത്തുകയും രോഗീലേപനം നൽകുകയും ചെയ്യുന്നതിനോടൊപ്പം ഓൾഡേജ് ഹോമുകളിലും സന്ദർശനം നടത്തി അവരോട് സംസാരിക്കാനും മാസത്തിലൊന്ന് അവർക്കുവേണ്ടി വിശുദ്ധ കുർബാന നടത്തുവാനും ഇദ്ദേഹം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇടവക ജനങ്ങളുമായും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കാൻ മാത്യു അച്ചൻ ശ്രദ്ധിക്കുന്നു. അതിനാൽ തന്നെ അവരുടെ ഭവനങ്ങളിൽ സന്ദർശനം നടത്തുകയും അവരുടെ വീടുകളിലെ ചടങ്ങുകളിൽ വൈദികരുടെ സാന്നിധ്യവും പ്രാർത്ഥനകളും ആഗ്രഹിക്കുന്ന ഒരു ഇടവക സമൂഹമായി ഈ വിശ്വാസ സമൂഹത്തെ വളർത്തിക്കൊണ്ടു വരികയും ചെയ്യുന്നു.

അതോടൊപ്പം മാസത്തില്‍ ഒരു ദിവസം വിവിധ സഭകളിലെ  വൈദികര്‍ ഒന്നിച്ചു കൂടുന്നു. വൈദികരുടെ ഈ കൂട്ടായ്മകളില്‍  ആഗ്ലിക്കൻ, പ്രിസ്‌ബെറ്റേറിയൻ, ബാപ്റ്റിസ്റ്റ്, കാത്തലിക് സഭകളിലെ വൈദികരുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. വിശ്വാസ സമൂഹത്തിന്റെ ആത്മീയവളര്‍ച്ചയ്ക്കുതകുന്ന കാര്യങ്ങള്‍ ഈ മീറ്റിംഗില്‍ പങ്കുവയ്ക്കുന്നു. വിശ്വാസ സമൂഹത്തിന് എങ്ങനെ കൂടുതൽ നന്മ ചെയ്യാം, എങ്ങനെ അവരെ സഹായിക്കാം, നല്ല വിശ്വാസ സമൂഹമായി എങ്ങനെ രൂപപ്പെടുത്താം എന്നുള്ള കാര്യങ്ങളാണ് വൈദികരുടെ ഈ കൂട്ടായ്മയില്‍ ചർച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുന്നത്.

മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഗ്രേ മൌത്തിൽ കൂടുതലായും ഉള്ളത്. വൈദികരുടെ അഭാവം വിശ്വാസ സമൂഹത്തെ ഭാവിയിൽ വളരെ അപകടകരമാവിധം ബാധിക്കും. ഇപ്പോൾ വിയറ്റ്നാമിൽ നിന്നുള്ള കുട്ടികൾ ഇവിടെ വന്ന് ഇംഗ്ലീഷ് ഭാഷ പഠിച്ച് ഈ രൂപതയ്ക്കുവേണ്ടി വൈദികരാകുന്നുണ്ട്. ഈ രാജ്യത്ത് ആകെ ഒരു സെമിനാരി മാത്രമേയുള്ളൂ; അത് ഓക്‌ലൻഡിൽ ആണ്. അവിടെയാണ് വൈദിക വിദ്യാർത്ഥികൾ തുടർപരിശീലനങ്ങൾ നടത്തുന്നത്.

ഒരു മലയാളി മിഷനറി വൈദികനായ വള്ളോപ്പള്ളിയച്ചന്‍, തന്റെ ശുശ്രൂഷാമേഖലകളിൽ അക്ഷീണം പ്രയ്തനം തുടരുകയാണ്. അനേകരിലേയ്ക്ക് ക്രിസ്തുവിന്റെ സ്വരമായും സാന്ത്വനമായും അദ്ദേഹം കടന്നുചെല്ലുന്നു. നമുക്ക് പ്രാർത്ഥിക്കാം അനേകം മിഷനറിമാരാൽ സഭയെ അനുഗ്രഹിക്കണമേ എന്ന്.

സി. സൗമ്യ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.