സ്നേഹം നിർജീവമല്ല: യുവജനങ്ങളോട് മാർപാപ്പ

സ്നേഹം മരിക്കുകയോ അവസാനിക്കുകയോ ചെയ്തിട്ടില്ലെന്നും അതാണ് നമുക്ക് കരുത്ത് പകർന്ന് മുന്നോട്ട് നയിക്കുന്നതെന്നും ഫ്രാൻസിസ് മാർപാപ്പ. എസ്റ്റോണിയൻ സന്ദർശനത്തിനിടെ ലൂഥറൻ ചാൾസ് ദേവാലയത്തിൽ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്.

ചിലപ്പോഴെങ്കിലും മുതിർന്നവർ നമ്മെ വേണ്ടത്ര പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല എന്ന് തോന്നിയേക്കാം. എന്നാൽ അപ്പോഴെല്ലാം സുവിശേഷം മാതൃകയാക്കി സഹോദരരുടെ ക്ഷേമത്തിനായി ഇറങ്ങിത്തിരിക്കുകയാണ് വേണ്ടത്. അതുവഴിയായി നമ്മുടെ ക്രൈസ്തവ ജീവിതത്തിന് അർത്ഥവും പൂർണതയും നൽകുകയും വേണം.

യേശു ഏറ്റവും കൂടുതൽ അടുപ്പം കാണിച്ചവരെന്ന നിലയിൽ യുവജനങ്ങളായ നിങ്ങൾ അവിടുത്തെ ആഹ്വാനമനുസരിച്ച് പ്രവർത്തിക്കാൻ സന്നദ്ധത കാട്ടണം. നിങ്ങളുടെ ആശയങ്ങളോട് ചിലപ്പോൾ മുതിർന്നവർക്ക് യോജിക്കാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷേ വിഷമിക്കേണ്ട. ശീലിച്ച പല വിശ്വാസങ്ങളും മാറ്റാൻ അവർക്ക് സാധിക്കാത്തതിനാലാണത്. അവർ യഥാർത്ഥത്തിൽ മാറേണ്ടതാണെങ്കിലും. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.