വ്യക്തി സത്യഗ്രഹിയായ ആചാര്യ

”ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കും. ജോലി ചെയ്യുമ്പോള്‍ ജോലി ചെയ്യും. വെറുപ്പില്ലാതെ സ്‌നേഹിക്കും. ദേഷ്യമില്ലാതെ ശകാരിക്കും.”- വിശുദ്ധ ഡൊമിനിക്ക്

ആചാര്യ വിനോബ ഭാവേ
(11.09.1895 – 15.11.1982)

ദൈവം നോക്കുന്നത് കലര്‍പ്പില്ലാത്ത ഹൃദയമാണ്. കലര്‍പ്പില്ലാത്ത ഹൃദയത്തോടെ ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്താന്‍ ശ്രമിച്ച അഹിംസാവാദിയായ ആചാര്യ വിനോബ ഭാവേയും നവംബറിന്റെ വിരഹവേദനയുടെ കണ്ണിയാണ്. ഈ മഹാനുഭാവന്റെ വേര്‍പാട് ദുഃഖസ്മൃതികളുണര്‍ത്തുന്നതാണെങ്കിലും ആചാര്യയുടെ സ്മരണകളില്‍ ദുഃഖത്തിന്റെ ലാഞ്ഛനയില്ല; പ്രസക്തി നഷ്ടപ്പെടുന്നുമില്ല.

വ്യക്തി സത്യഗ്രഹി എന്ന നിലയില്‍ വിശ്വമറിഞ്ഞ വ്യക്തിത്വമാണ് ആചാര്യ വിനോബ ഭാവേ. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ഖ്യാതിയിലൂടെയാണ് ഈ മഹാന്‍ അറിയപ്പെടുക. പിന്നീട് ഗോവധ നിരോധനത്തിന്റെ പോരാളിയായും. പക്ഷേ ഇദ്ദേഹത്തെ ലോകം ആദ്യമറിഞ്ഞതും അംഗീകരിച്ചതും 1940-കളില്‍ മഹാത്മാഗാന്ധി തിരഞ്ഞെടുത്ത ആദ്യവ്യക്തി സത്യഗ്രഹി എന്ന നിലയിലാണ്. അതാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് ആചാര്യയെക്കുറിച്ച് ഉദ്‌ഘോഷിച്ചത്: ”ഗവണ്‍മെന്റിന്റെ സൈനിക ശക്തിക്ക് അസാധ്യമായത് ലഘുഗാത്രനായ വിനോബ ഭാവേ അഹിംസയുടെയും അക്രമ രാഹിത്യത്തിന്റെയും വഴിയിലൂടെ നേടിക്കൊണ്ടിരിക്കുന്നുവെന്ന്.”

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍പ്പെട്ട ഗംഗോദ ഗ്രാമത്തില്‍ നരഹരി ശംബു റാവൂവിന്റെയും രുഗ്മണിദേവിയുടെയും മൂത്തമകനായി 1895 സെപ്തംബര്‍ 11-ന് വിനായക് നരഹരി ഭാവേ ജനിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളെ മുറുകെപിടിച്ചുകൊണ്ടുള്ള വിനായകന്റെ മുന്നേറ്റം അദ്ദേഹത്തെ വിനോബ ഭാവേയാക്കി മാറ്റി. മഹാത്മജി തന്നെയാണ് ഈ പേര് ഇദ്ദേഹത്തിന് നല്‍കിയതും. ചിന്തകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന വിനോബ അറിയപ്പെടുന്നൊരു ആധ്യാത്മിക ഗുരു കൂടിയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ ശബ്ദമായിത്തീരാനും അവരെ ശക്തീകരിക്കുന്നതിനും വിനോബ ശ്രദ്ധാലുവായിരുന്നു. പാവപ്പെട്ടവന്റെ അവകാശ സംരക്ഷണങ്ങള്‍ക്കായി നിലകൊണ്ടിരുന്ന ആചാര്യ വിനോബ സമത്വചിന്തകളിലൂന്നിയ അഹിംസാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയിരുന്നത്.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ രൂപീകരണവേളയില്‍ ഗാന്ധിജി നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോള്‍ അത് ശ്രദ്ധിക്കുകയും അതിലൂടെ ഗാന്ധിവചനങ്ങളിലേക്ക് ആകൃഷ്ടനാകുകയുമായിരുന്നു വിനോബ. ബറോഡയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് വിനോബ കാശിക്ക് പുറപ്പെട്ടു. അവിടെ വച്ച് സംസ്‌കൃതവും വേദാന്തവും ഹൃദിസ്ഥമാക്കി. ഇക്കാലയളവിലാണ് തനിക്കൊരു ഗുരുവിനെ ആവശ്യമാണെന്ന ബോധ്യം വിനോബയ്ക്ക് ഉണ്ടാകുന്നത്. അതിനുള്ള അന്വേഷണം എത്തിനിന്നത് പോര്‍ബന്തറിലെ സബര്‍മതി ആശ്രമത്തിലായിരുന്നു. 1916 ജൂണ്‍ ഏഴിന് ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്തിയ വിനോബ ഹൃദയം തുറന്ന് അദ്ദേഹവുമായി സംസാരിച്ചു. ഗാന്ധിജിയുടെ തത്വങ്ങളിലും ആദര്‍ശങ്ങളിലും ആകൃഷ്ടനായ വിനോബ താന്‍ തേടിനടന്ന ഗുരുവിനെ ബാപ്പുജിയില്‍ കണ്ടെത്തി. ആശയവിനിമയങ്ങള്‍ക്കൊടുവില്‍ വിനോബ ഗാന്ധിജിയെ ഗുരുവായും വിനോബയെ ഗാന്ധിജി ആശ്രമാംഗമായും സ്വീകരിച്ചു. അന്ന് വിനോബയ്ക്ക് പ്രായം ഇരുപത് വയസ് മാത്രമായിരുന്നു.

ജീവിതമെന്ന നാടകശാലയില്‍ വിവിധ വേഷങ്ങള്‍ ധരിച്ച് തകര്‍ത്തഭിനയിക്കുമ്പോള്‍ എടുത്തണിയാന്‍ നൂറുനൂറു മുഖംമൂടികളുണ്ട്. എല്ലാം നാട്യമയമായിരിക്കും. ജീവിതമേത് നാട്യമേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലെത്തുമ്പോഴും പിന്നെയും അഭിനയിച്ചുകൊണ്ടിരിക്കും. കാരണം, അഭിനയത്തിനുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കലാണ് ലക്ഷ്യം. എന്നാല്‍ അഭിനയവും നാട്യങ്ങളൊന്നുമില്ലാതെ, നല്ല വേഷപ്പകര്‍ച്ചയ്ക്കുള്ള ഉപഹാരങ്ങള്‍ പ്രതീക്ഷിക്കാതെ ജീവിതത്തെ ജീവിതമായിത്തന്നെ ഉള്‍ക്കൊണ്ട് ഒഴുക്കിനെതിരെ നീന്തിയ മഹാനുഭവാനായിരുന്നു ആചാര്യ വിനോബ ഭാവേ. 1921 ഏപ്രില്‍ എട്ടിന് ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം വാര്‍ധയിലുള്ള ഗാന്ധി ആശ്രമത്തിന്റെ ചുമതല വിനോബ ഏറ്റെടുത്തു. ഗാന്ധി ആശ്രമത്തിലെ പഠനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചതിനൊപ്പം സമൂഹത്തിന്റെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും വിനോബ തല്‍പരനായിരുന്നു. ഗാന്ധിയുടെ സൃഷ്ടിപരമായ എല്ലാ പരിപാടികളുമായും സഹകരിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരായി നടത്തിയ സമരങ്ങളില്‍ പങ്കെടുത്തതിന് നിരവധി തവണ അറസ്റ്റ് വരിക്കുകയും തുടര്‍ച്ചയായി ആറുമാസം ജയില്‍വാസമനുഭവിക്കാനും ഇടയായിട്ടുണ്ട് വിനോബയ്ക്ക്. ക്വിറ്റ് ഇന്ത്യാസമരത്തിലും പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. 1940-ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ആദ്യ വ്യക്തിഗത സത്യഗ്രഹത്തിന് ഗാന്ധി തിരഞ്ഞെടുത്തത് വിനോബയെയായിരുന്നു. സത്യഗ്രഹം എന്നാല്‍ ‘സദാഗ്രഹം’. അതായത് ആഗ്രഹിച്ചതില്‍ ഉറച്ചുനില്‍ക്കുന്നത്.

വിപുലമായ ഒരു മതവീക്ഷണമായിരുന്നു ആചാര്യ വിനോബ ഭാവേയ്ക്കുണ്ടായിരുന്നത്. അത് പല മതങ്ങളുടെയും സത്യങ്ങള്‍ സമന്വയിപ്പിക്കുന്നതായിരുന്നു. ‘ജയ് ജഗത’ അതായത് ‘ലോകത്തിന് വിജയം’ എന്നതായിരുന്നു ബാവേയുടെ മുദ്രാവാക്യം. ലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഈ മുദ്രാവാക്യത്തില്‍ നിഴലിച്ചു നില്‍ക്കുന്നതു കാണാം. ഒരു ശരാശരി ഇന്ത്യാക്കാരന്റെ ജീവിതത്തെ അദ്ദേഹം കണ്ടുമുട്ടിയപ്പോള്‍ ആ ജീവിതത്തിലെ പ്രശ്‌നങ്ങളെ ആത്മീയ അടിത്തറയില്‍ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തി. അഭയാര്‍ത്ഥി പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയപ്പോള്‍ ഭൂദാനത്തിന്റെ ആവശ്യകതയും അതിന്റെ മഹത്വവും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായി. അതുകൊണ്ടാണ് ഭൂമിക്കുവേണ്ടി സായുധവിപ്ലവം നടക്കുകയായിരുന്ന ഹൈദ്രബാദിനടുത്ത ശിവറാംപള്ളിയിലേക്ക് വിനോബ യാത്ര തിരിച്ചത്. ഭൂമിയില്ലാത്തവര്‍ക്കുവേണ്ടി ഇദ്ദേഹം ഭൂമി യാചിച്ചു. ഈ യാചനയിലെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് മനുഷ്യസ്‌നേഹികള്‍ ഭൂമി ദാനം ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടു വന്നു. മഹത്തായ ഭൂദാന പ്രസ്ഥാനത്തിന് ഇവിടെ തുടക്കം കുറിക്കുകയായിരുന്നു. ബ്രഹ്മനിഷ്ഠനായ ഈ കര്‍മയോഗിയുടെ സാമൂഹിക പ്രതിബദ്ധതകളുടെ നിലക്കാത്ത ചലനങ്ങളായിരുന്നു പിന്നീട് ഭാരതം കണ്ടത്. വിവിധ സംസ്ഥാനങ്ങളിലൂടെ നടത്തിയ പദയാത്രകളില്‍ ഭൂദാനത്തിന്റെ വിളംബരധ്വനിയും ഭൂദാനവും നടന്നു. പിന്നീട് ഭാവേയുടെ ശ്രദ്ധ ഗോവധനിരോധനത്തിലേക്കായിരുന്നു. അഹിംസയും അനുകമ്പയും വിനോബയുടെ തത്വശാസ്ത്രങ്ങളായി മാറിയപ്പോള്‍ പശുക്കളെ അറക്കുന്നതിനെതിരെയും പ്രചാരണം ആരംഭിച്ചു.

വിനോബ ഭാവേ ഒരു പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായിരുന്നു. സംസ്‌കൃത ഗ്രന്ഥങ്ങളുടെ പരിഭാഷകനായിരുന്നിദ്ദേഹം. സാമൂഹിക പരിഷ്‌ക്കര്‍ത്താവ് കൂടിയായിരുന്ന വിനോബ ഭാവേ ഭഗവത്ഗീത മറാത്തിയിലേക്ക് തര്‍ജമചെയ്തിട്ടുണ്ട്. ഗീതയെ അഗാധമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. അത് തന്റെ ജീവിതത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധാലുവായി. സ്ത്രീകള്‍ സ്വയം പര്യാപ്തരായിത്തീരേണ്ടതിനായി ഭാവേ ആരംഭിച്ചതാണ് ബ്രഹ്മ വിദ്യാമന്ദിര്‍. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ പൗനാരിലുള്ള ബ്രഹ്മവിദ്യാ മന്ദിര്‍ ആശ്രമത്തിലാണ് വിനോബ തന്റെ ജീവിതത്തിന്റെ അവസാന നാളുകള്‍ ചിലവഴിച്ചത്. ഭക്ഷണവും മരുന്നുകളും പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ട് ശാന്തതയോടും സംതൃപ്തിയോടുംകൂടി ഈ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് 1982 നവംബര്‍ 15-ന് സമാധിയായി.

നേട്ടങ്ങള്‍ക്കായി ജീവിതത്തെ ക്രമപ്പെടുത്തിയ ആളല്ല ആചാര്യ വിനോബ ഭാവേ. പക്ഷേ കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പിനുള്ള പ്രഥമ അന്താരാഷ്ട്ര അവാര്‍ഡ് രമണ്‍ മാഗ്‌സസെ അവാര്‍ഡ് 1958-ല്‍ ഭാവയെ തേടിയെത്തി. 1983-ല്‍ ഭാരതത്തിന്റെ പരമോന്നത ബഹുമതി ഭാരത് രത്‌ന മരണാനന്തര ബഹുമതിയായും ആചാര്യയ്ക്കു ലഭിച്ചു.

”ഞാന്‍ ഇക്കണ്ടത് നിസ്തുലമാണെന്നായിരിക്കട്ടെ, ഇവിടം വിട്ടുപോകുമ്പോള്‍ എന്റെ വിയോഗവാക്യം… പ്രഭാസാഗരത്തില്‍ വിരിയുന്ന ഈ താമരപ്പൂവിലെ തേന്‍ ഞാന്‍ നുകര്‍ന്നുവെന്നും അങ്ങനെ എന്റെ ജന്മം അനുഗ്രഹിക്കപ്പെട്ടുവെന്നുമായിരിക്കട്ടെ എന്റെ യാത്രാമൊഴി…” എന്ന് ടാഗോര്‍ എഴുതിയതുപോലെ കൃതജ്ഞതയുടെ സങ്കീര്‍ത്തനംപാടി ഒരു തൂവല്‍കൊഴിയുംപോലെ ആചാര്യ വിനോബ ഭാവേ ഈ ലോകത്തുനിന്നും കടന്നുപോയി. തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിയോഗം ഒരു നഷ്ടമായല്ലനുഭവപ്പെടുന്നത്. മറിച്ച് എങ്ങനെ ജീവിക്കണം, എങ്ങനെ മരിക്കണം എന്ന് കാട്ടിത്തന്ന ഒരു സമാധാനപ്രിയനും പരോപകാരിയും എല്ലാത്തിനുമുപരി സത്യത്തിനായി നിലകൊണ്ട് ആഗ്രഹിച്ചത് പൂര്‍ത്തീകരിക്കാന്‍ സത്യഗ്രഹിയായിത്തീര്‍ന്ന ഒരു നന്മമരത്തിന്റെ മരണമില്ലാത്ത ഹരിതാഭമായ ഓര്‍മ്മക്കുറിപ്പാണ്.

ജോസ് ക്ലെമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.