വചനജീവിതം- സീറോ മലബാർ ഡിസംബർ 13: ലൂക്കാ 1:39-42

ഫാ. ജിയോ കണ്ണന്‍കുളം സി.എം.ഐ.

ഫാ. ജിയോ കണ്ണന്‍കുളം സി.എം.ഐ.

പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രക്കിടയില്‍ ഒരു പഴങ്കഥ! കുര്‍ബാന കഴിഞ്ഞ് പള്ളിമുറ്റത്തുള്ള കളിയും കുശലവുമായി, വിടരുന്ന ജീവിതത്തെ പള്ളിയോട് ചേര്‍ത്ത് ഉറപ്പിക്കുന്ന കുട്ടികളുടെയും, കൃഷിയിടത്തില്‍നിന്നും കൈകാല്‍ കഴുകി വൈകിട്ട് കയറിവന്ന് പ്രതീക്ഷയോടെ എന്നാല്‍ ശാന്തമായി തിണ്ണയില്‍ വന്നിരുന്ന് വിശ്രമിക്കുന്ന കുടുംബനാഥന്മാരുടെയും, അടുക്കളയിലും മുറ്റത്തുമൊക്കെയായി പിടിപ്പതു പണി ചെയ്യുമ്പോഴും മൂളിപ്പാട്ടു പാടുന്ന, കോഴികളോടും ആടിനോടുമൊക്കെ സംസാരിക്കാനറിയുന്ന അമ്മമാരുടെയും, രണ്ടു തല്ലൊക്കെ കൊണ്ട് മധുരിച്ചും വഴക്കുണ്ടാക്കിയും പഠിക്കുന്ന മക്കളുടെയും മനസ് പൊതുവേ ശാന്തമായിരുന്നു.

അവര്‍ തിടുക്കം കൂട്ടിയിരുന്നത് ഉള്ളതു മുറിച്ച് പങ്കുവയ്ക്കാനും, അധ്വാനിക്കാനും സന്തോഷിക്കാനുമൊക്കെയായിരുന്നു. ആര്‍ഭാടങ്ങളില്ലാത്ത സൗന്ദര്യമുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍.

മാറിയ കാലം കാഴ്ചവയ്ക്കുന്നത് തിടുക്കത്തിന്‍റെ ലോകമാണ്. സമയമില്ല ഒന്നിനും. സ്നേഹിക്കാനും ജീവിക്കാനുമൊന്നും സമയമില്ല. തിടുക്കം മുഴുവന്‍ എന്തെങ്കിലുമൊക്കെ നേടുന്നതിലാ. നേടി. നേടി ഒടുവില്‍ നേടിയതൊന്നും അനുഭവിക്കാതെ തിടുക്കത്തില്‍ ഒരു അന്ത്യയാത്രയും!

പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയില്‍ ഇന്ന് ഓര്‍മ്മിക്കേണ്ടത് എലിസബത്തിനെ ശുശ്രൂഷിക്കാനായി തിടുക്കത്തില്‍ യാത്ര ചെയ്യുന്ന മറിയത്തെയാണ്. അപ്പോള്‍ തിടുക്കം ആവാം എന്നാണോ?

ആവാം, നന്മ ചെയ്യുന്നതിന് തിടുക്കമാകാം. ക്ഷമിക്കുന്നതിന് തിടുക്കമാകാം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് തിടുക്കമാകാം. അപ്പനമ്മമാരെ കരുതലോടെ സ്നേഹിക്കുന്നതിന് തിടുക്കമാകാം. മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നതിനും വചനം വായിക്കുന്നതിനും ബലിയില്‍ പങ്കുചേരുന്നതിനും തിടുക്കമാകാം. ഇത്തരം തിടുക്കങ്ങള്‍ മാത്രമേ പുല്‍ക്കൂട്ടിലേക്കുള്ള യാത്രയില്‍ ഉപകാരമാകൂ.

പാഥേയം:
വലിയ തിരക്ക് അനുഭവപ്പെടുമ്പോള്‍, “അടങ്ങുക ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക” എന്ന വചനം ആവര്‍ത്തിച്ചു മനസിലുരുവിട്ട് സ്വസ്തമായി ക്രിസ്തുമസ് യാത്ര തുടരാം.

ഫാ. ജിയോ കണ്ണന്‍കുളം സി.എം.ഐ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.