ജപമാലയില്‍ തെളിഞ്ഞ പ്രകാശം

ജോസ് ക്ലമന്റ്

”ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനാ രീതിയും നിത്യജീവന്‍ നേടുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവും ജപമാലയാണ്. നമ്മുടെ എല്ലാ തിന്മകള്‍ക്കുമുള്ള പരിഹാരമാണത്. ഒപ്പം എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടവും. ഇതിലും ശ്രേഷ്ഠമായ മറ്റൊരു പ്രാര്‍ത്ഥനാ മാര്‍ഗവും ഇല്ല”          – ലെയോ പതിമൂന്നാമന്‍ പാപ്പ

സന്തോഷ-ദുഃഖ മഹിമ രഹസ്യങ്ങളാല്‍ സമ്മിശ്രമായിരുന്നു ജപമാല പ്രാര്‍ത്ഥന. അതിലേക്കാണ് പ്രകാശ രശ്മികള്‍ വിതറിക്കൊണ്ട് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അഞ്ച് രഹസ്യങ്ങള്‍ കൂടെ കൂട്ടിച്ചേര്‍ത്തത്. അത് പ്രകാശത്തിന്റെ രഹസ്യങ്ങളെന്ന് ആലേഖനം ചെയ്യപ്പെടുകയും ചെയ്തു. നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച് കേരളമണ്ണിലെത്തി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ ഒരു വിശുദ്ധാത്മാവാണ് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുമായി ഒരിക്കല്‍ അഭിമുഖം നടത്തിയ ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ Vittorio Messori പാപ്പായെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ”ഇരുട്ടില്‍ ചന്ദ്രനെപ്പോലെ പ്രകാശം പരത്തുന്ന ഒരു ദീപവും ലോകത്തിന്റെ മനഃസാക്ഷിയായി ജീവിച്ച ഒരു ധാര്‍മിക ശക്തിയു”മെന്നാണ്. അര്‍ത്ഥവത്തായ ഈ വാക്കുകളുടെ പൂര്‍ത്തീകരണമാണ് പ്രകാശ രഹസ്യങ്ങളായി ജപമാലയില്‍ തെളിഞ്ഞത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസോടുകൂടി പരിശുദ്ധ മറിയത്തിന് കത്തോലിക്കാ സഭയിലുള്ള പ്രാധാന്യം കുറഞ്ഞുവെന്ന് ചിലരൊക്കെ പറയാനിടയായിട്ടുണ്ട്. പക്ഷേ, സത്യം മറിച്ചാണെന്നാണ് ചരിത്രം തെളിയിക്കുന്നത്. മാതാവിനോടുള്ള ഭക്തിക്ക് കുറവ് സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല, ഈ മാതൃഭക്തി ഉത്തരോത്തരം വര്‍ധിക്കുന്നതിന്റെ പ്രകടസാക്ഷ്യമാണല്ലോ ജപമാലയില്‍ ‘പ്രകാശത്തിന്റെ രഹസ്യങ്ങള്‍’ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ കൂട്ടിച്ചേര്‍ത്തതും 2003 ‘ജപമാല വര്‍ഷമായി’ ആചരിച്ചതും. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ തന്റെ ഔദ്യോഗിക ചിഹ്നത്തില്‍ മാതാവിനെ സൂചിപ്പിക്കാന്‍ ‘M’ എന്ന അക്ഷരവും തന്നെ പൂര്‍ണ്ണമായി മാതാവിനു സമര്‍പ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ‘Totus Tuus’ (എല്ലാം നിന്റേത്) എന്ന രണ്ട് ലത്തീന്‍ പദങ്ങളും ചേര്‍ത്തിരിക്കുന്നു.’ഇതാ, കര്‍ത്താവിന്റെ ദാസി; നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്നു പറഞ്ഞ കന്യാമറിയത്തെ മനുഷ്യസ്വാതന്ത്ര്യത്തിന്റെ അത്യുജ്ജ്വല പ്രതീകമായാണ് പാപ്പാ വിലയിരുത്തിയിരുന്നത്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായിലൂടെ പരിശുദ്ധാത്മ പ്രചോദനത്താല്‍ ദൈവം അനാവരണം ചെയ്ത വലിയ സ്വര്‍ഗീയ രഹസ്യങ്ങളിലൊന്നാണ് ജപമാലയ്ക്ക് സ്വര്‍ണ്ണത്തൂവല്‍ കണക്കേ പ്രശോഭിതമായ പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങള്‍.

ദൈവത്തിന്റെ രക്ഷാകര പദ്ധതിയിലെ അതിപ്രാധാന്യമേറിയ സംഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സ്വര്‍ഗീയ സാന്നിധ്യങ്ങളുള്‍ക്കൊള്ളുന്ന മുഹൂര്‍ത്തങ്ങളാണ് പ്രകാശത്തിന്റെ രഹസ്യങ്ങളില്‍ പ്രകടമാകുന്നത്. ദൈവരാജ്യത്തിന്റെ വിത്തുപാകാന്‍ ഭൂമിയിലേക്കു വന്ന ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയുടെ ആരംഭം മുതല്‍ രക്ഷാകര ചരിത്രത്തിന്റെ ക്ലൈമാക്‌സ് എന്നു വിശേഷിപ്പിക്കാവുന്ന ദൈവത്തിന്റെ തന്നെ സ്വയം ശൂന്യവല്‍ക്കരണവും തന്നെതന്നെ ബലിയായ് പകുത്തു നല്‍കിക്കൊണ്ട് ദൈവസാന്നിധ്യം എന്നും മനുഷ്യന്റെ കൂടെ മനുഷ്യരോടൊത്ത് ആയിരിക്കാന്‍ ആയിത്തീരുന്ന അതിസ്വാഭാവികമായ കൗദാശിക സാന്നിധ്യം – ദൈവീകഭാവം ഈ രഹസ്യത്തില്‍ ചുരുളഴിയുന്നു. എല്ലാക്കാലത്തേക്കും എന്നും വിശ്വാസികളുടെ മനസ്സിനെ ചിന്തിപ്പിക്കുന്നതും ധ്യാനിപ്പിക്കുന്നതുമായ ദിവ്യരഹസ്യങ്ങളുടെ കലവറ എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.

ദൈവം ഭൂമിയില്‍ വച്ച് മനുഷ്യകരങ്ങളാല്‍ സ്‌നാനമേല്‍ക്കുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെടുന്നതും പിതാവിന്റെ സ്വരം സാക്ഷ്യപ്പെടുത്തുന്നതും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ എഴുന്നെള്ളിവന്ന് യേശുവില്‍ ആവസിക്കുന്നതും സ്വര്‍ഗ്ഗവും ഭൂമിയും ഒന്നാകുന്ന അനിര്‍വചനീയ നിമിഷങ്ങളാണ് പ്രകാശത്തിന്റെ ആദ്യ രഹസ്യത്തെ ധ്യാനിക്കുമ്പോള്‍ അനുഭവവേദ്യമാകുക.

കാനായിലെ കല്ല്യാണ വീട്ടില്‍ പച്ചവെള്ളം വീഞ്ഞാക്കിയത് നിസ്സാര കാര്യമല്ല. ഇല്ലായ്മയില്‍ നിന്നും സര്‍വ്വതും ഉളവാക്കാന്‍ മതിയായവന്റെ അത്ഭുതസിദ്ധിയാണ് രണ്ടാംരഹസ്യം പ്രകാശിപ്പിക്കുന്നത്. ദൈവവചനം അനുസരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധ മറിയമാണ്. പ്രശ്‌നങ്ങളുടെ സങ്കീര്‍ത്തനങ്ങളില്‍, ഇല്ലായ്മയുടെയും വല്ലായ്മയുടെയും വേദനകളില്‍ ‘അവന്‍ പറയുന്നതുപോലെ ചെയ്യാന്‍’, ദൈവാശ്രയബോധത്തില്‍ അഭയം തേടാന്‍, ദൈവം നമ്മോടു പറയുന്ന വചനങ്ങള്‍ അനുസരിക്കുമ്പോള്‍ നമ്മുടെ ജീവിതങ്ങളിലും കുടുംബങ്ങളിലും ശുശ്രൂഷാമേഖലകളിലും ദൈവത്തിന്റെ ഇടപെടലുകള്‍, അത്ഭുതങ്ങള്‍ സംഭവിക്കും.

ദൈവരാജ്യത്തിന്റെ സ്വീകാര്യതയ്ക്കാവശ്യമായ ആദ്യപടി അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കാനുള്ള ദൈവത്തിന്റെ ആഹ്വാനമാണ് സര്‍വ്വജനങ്ങളോടുമായി യേശു പ്രഖ്യാപിക്കുന്നത്. പ്രകാശരഹസ്യങ്ങളുടെ മൂന്നാം തലത്തിലെ ധ്യാനചിന്തയിതാണ്. താബോറിലെ ദൈവാനുഭവത്തിലൂടെ തന്റെ അഭൗമിക തേസ്സുറ്റ പ്രഭാവം ശിഷ്യര്‍ക്ക് വെളിപ്പെടുത്തിക്കൊണ്ട് വിശ്വാസത്തിലുറപ്പിക്കുകയാണ് നാലാം രഹസ്യ വിചിന്തനത്തിലൂടെ.

പ്രകാശത്തിന്റെ പൂര്‍ണത പ്രകാശിതമാക്കിക്കൊണ്ട് അന്തിഭോജനമായി തന്റെ തിരുശരീര രക്തങ്ങള്‍ എന്നേക്കും ജീവിക്കാനുള്ള ജീവന്റെ അപ്പമായി നല്‍കിക്കൊണ്ട് കൂദാശയില്‍ സത്തയുടെ പൂര്‍ണതയില്‍ എന്നും നമ്മോടൊത്തു വസിക്കുന്ന ‘എമ്മാനുവേല്‍’ അനുഭവമായിത്തീരുകയാണ് അഞ്ചാം രഹസ്യത്തിലൂടെ. ഈ ധ്യാനചിന്തകള്‍ മനനം ചെയ്യുമ്പോള്‍ ഒരു കാര്യം വ്യക്തമാകും; ജപമാല ഒരു പ്രാര്‍ത്ഥനയല്ല, അത് ദൈവീക രഹസ്യങ്ങളുടെ ആത്മീയാനുഭവങ്ങള്‍ കോര്‍ത്തിണക്കുന്ന ദൈവവചന ധ്യാനമാണ്; ശ്രേഷ്ഠമായ വിശ്വാസ പ്രഖ്യാപനമാണ്. ക്രൈസ്തവ ജീവിതത്തില്‍ തെളിയിക്കപ്പെട്ട പ്രകാശമാണ് ജപമാലയിലെ പ്രകാശത്തിന്റെ രഹസ്യങ്ങള്‍.

ജോസ് ക്ലമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.