താങ്ങിയെടുത്ത കരങ്ങള്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

1981 മെയ് 13, ഒരു ബുധനാഴ്ചയായിരുന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ തിങ്ങിക്കൂടിയ സെന്റ് പീറ്റേഴ്‌സ് ചത്വരം. ലോകം മുഴുവനുമുള്ള കത്തോലിക്കരുടെ ആദ്ധ്യാത്മികപിതാവായ പാപ്പാ അതാ പുഞ്ചിരി തൂകി, കരങ്ങള്‍ ഉയര്‍ത്തി ഏവരെയും അനുഗ്രഹിച്ചുകൊണ്ട് കടന്നുവരുന്നു. പോപ്പിനെ ഒന്നു സ്പര്‍ശിക്കാന്‍, മിഴി നിറയെ ഒരു നോക്കു കാണാന്‍ ജനം തിക്കും തിരക്കും കൂട്ടുകയായിരുന്നു. അനുഗ്രഹപൂരിതമായ ആ നിമിഷങ്ങളില്‍ ഏവരെയും ഭീതിയിലാഴ്ത്തികൊണ്ട് അന്തരീക്ഷത്തില്‍ വെടിയൊച്ചകളുയര്‍ന്നു. വേടന്റെ അമ്പേറ്റു വീഴുന്ന പക്ഷിയെപ്പോലെ വിശ്വാസികള്‍ക്കു മദ്ധ്യേ ആ മനുഷ്യന്‍ കുഴഞ്ഞുവീണു – ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ. ജനത്തിന്റെ നിലവിളികളുയര്‍ന്നു. വിവിധ ഭാഷകളില്‍ അവര്‍ ഒന്നടങ്കം പ്രാര്‍ത്ഥിച്ചു “ദൈവമേ, രക്ഷിക്കണേ.”

ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ആംബുലന്‍സില്‍ കുഴഞ്ഞുവീണ പാപ്പയ്ക്ക് കര്‍ദ്ദിനാള്‍ ദിവിസ്‌ക്കി അന്ത്യകൂദാശ നല്‍കി. മുഹമ്മദ് അലി അഗ്കയുടെ വെടിയേറ്റുവീണ ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു; ഫാത്തിമ മാതാവിന്റെ പ്രത്യക്ഷ തിരുന്നാള്‍. അടിവയറ്റില്‍ പതിച്ച ആ വെടിയുണ്ടകള്‍ പാപ്പയുടെ ആന്തരികാവയവങ്ങളെ കാര്യമായ ക്ഷതമേല്‍പിച്ചില്ല. ‘വെടിയേറ്റ് കുഴഞ്ഞുവീണ എന്നെ ഒരു അദൃശ്യകരം താങ്ങുന്നതായി അനുഭവപ്പെട്ടു’ എന്നാണ് പാപ്പ പറഞ്ഞത്. ആ അദൃശ്യകരം മാതാവിന്റേതാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. “എന്റെ സഹോദരനോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. അവനുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം” എന്നായിരുന്നു നിറയൊഴിച്ചവനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അപേക്ഷ.

പിറ്റേ വര്‍ഷം, തനിക്ക് വെടിയേറ്റ അതേ ദിവസം 1982 മെയ് 13-ന് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ഫാത്തിമായിലെത്തി. മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ മുട്ടുകള്‍ മടക്കി ജിവന്‍ രക്ഷിച്ചതിന് നന്ദിയര്‍പ്പിച്ചു. തന്റെ ഉദരത്തില്‍ പതിച്ച വെടിയുണ്ടകളിലൊന്ന് ഫാത്തിമ മാതാവിന്റെ തിരുസ്വരൂപത്തിലെ കിരീടത്തില്‍ നന്ദിസൂചകമായ് അദ്ദേഹം പ്രതിഷ്ഠിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയെ സന്ദര്‍ശിക്കാള്‍ പാപ്പ ജയിലിലെത്തി. അവന്റെ മിഴികളിലേക്ക് നോക്കി പറഞ്ഞു: “സഹോദരാ, ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു. ദൈവം നിന്നോട് കരുണ കാണിക്കട്ടെ.” അയാള്‍ പാപ്പയുടെ കരം ചുംബിച്ചു. പാപ്പ അയാള്‍ക്ക് സമ്മാനം നല്‍കി; ഒരു ജപമാല!

ഈ വര്‍ഷം ഫാത്തിമ്മാ ദര്‍ശനത്തിന്റെ വാര്‍ഷികദിനത്തിലാണ് (2021 മെയ് 13) കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളും. “ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു” (ലൂക്കാ 24:49) എന്ന സ്വര്‍ഗ്ഗാരോഹിതനായ ക്രിസ്തുവിന്റെ വാക്കുകള്‍ നമുക്ക് കരുത്തേകട്ടെ. അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിനുവേണ്ടി ഉണര്‍വോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. ജപമണികളിലൂടെ മാതാവിന്റെ മാദ്ധ്യസ്ഥ്യം തേടാം. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയെ താങ്ങിയ ആ അദൃശ്യകരം ഈ മഹാമാരിയുടെ മദ്ധ്യേ ലോകം മുഴുവനെയും താങ്ങിനിര്‍ത്തട്ടെ!

എല്ലാവര്‍ക്കും കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ മംഗളങ്ങള്‍ ആശംസിക്കുന്നു!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.