മധുരമീ സഹനം; മധുരോദാരമീ ജീവിതം

സ്നേഹസമ്പന്നനായ ഒരു ദൈവത്തെ അനേകരിലേയ്ക്ക് പകരുവനായി തീക്ഷണതയോടെ ഓടി നടന്ന ഒരു വൈദികന്‍. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള വയറുവേദന അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ചിന്താശേഷി മാത്രമുള്ള വെറുമൊരു മാംസപിണ്ഡമായി മാറിയ അവസ്ഥയിലേയ്ക്ക്. ശരീരം മുഴുവന്‍ തളര്‍ന്ന നിമിഷവും അതിനെയെല്ലാം അനുഗ്രഹിക്കപ്പെട്ട സഹനമേ എന്ന് വിളിച്ചു കൊണ്ട് ഏറ്റെടുത്ത ഒരു വൈദികന്‍. എന്റെ സഹനം ദൈവം എനിക്കു നൽകിയ വലിയ ദാനമാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പൗരോഹിത്യ ജീവിതത്തില്‍ കാൽ നൂറ്റാണ്ടു പൂർത്തിയാക്കുന്ന പ്രിയ ജ്യേഷ്ഠൻ വന്ദ്യ മോൺസിഞ്ഞോർ ഡോ. ജോൺസൺ കൈമലയുടെ, അധികമാരും അറിയാതെ പോയ സഹന ജീവിതത്തെക്കുറിച്ചുള്ള ഒരു നീണ്ട കുറിപ്പ്!

ആകാശ നീലിമയിൽ നിറയെ കുരിശു പൂക്കളുള്ള ഒരു പുതിയ കുർബ്ബാനക്കുപ്പായമാണ് അന്നത്തെ വിശുദ്ധ ബലിയിൽ ജോൺസണച്ചനു വേണ്ടി ഒരുക്കിയിരുന്നത്. മാതാവിന്റെ പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഇടവകപ്പള്ളിയിൽ, പുഷ്പാലംകൃതമായ മദ്ബഹായിൽ, തന്റെ സഹന സിംഹാസനമായ വീൽചെയറിലിരുന്നു കൊണ്ടാണ് അദ്ദേഹം ആ തിരുവസ്ത്രമണിഞ്ഞത്. പരിശുദ്ധ കന്യകാമറിയം മാലാഖമാർക്കൊപ്പം സ്വർഗ്ഗം വിട്ടിറങ്ങി വന്ന് അവളുടെ നീല മേലങ്കിയാൽ അപ്പോൾ അദ്ദേഹത്തെ പൊതിയുന്നതു പോലെ തോന്നി. അൾത്താരയിൽ ഉരുകിയൊഴുകുന്ന അനേകം മെഴുകുതിരികൾക്കൊപ്പം ദൈവം കരങ്ങളിലെടുത്ത ഒരു മെഴുതിരിനാളം കണക്കെ അദ്ദേഹത്തിന്റെ മുഖം പ്രകാശിതമായി കാണപ്പെട്ടു. കാപ്പയുടെ പിന്നിൽ തുന്നിപ്പിടിപ്പിച്ചിരുന്ന സ്വർണ്ണ വർണ്ണമാർന്ന കുരിശു മുദ്ര, ദുർബലമായ തന്റെ കരങ്ങളിലെടുത്ത്, മുഖത്തോടു ചേർത്തു ചുംബിക്കുമ്പോൾ ആനന്ദം കൊണ്ടു കണ്ണു നിറയ്ക്കുന്ന ഒരുപാടോർമ്മകൾ അദ്ദേഹത്തെ പിൻവിളിച്ചിട്ടുണ്ടാവും!

ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പാണ് താനീ തിരുവസ്ത്രം ആദ്യമായി കരങ്ങളിലെടുത്തു ചുംബിച്ചത്. വന്ദ്യനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയാണ്, തന്റെ കാപ്പയ്ക്കുള്ളിൽ മറച്ച്, അനുഗ്രഹത്തിന്റെ അദൃശ്യമായ ആനന്ദതൈലം കൊണ്ട് തന്നെ പുരോഹിതനായി അഭിഷേകം ചെയ്തത്. ഈ മാതൃദേവാലയമാണ് തന്നിലെ പുരോഹിതനെ പെറ്റുവളർത്തിയത്. ഇതേ പരിശുദ്ധ മദ്ബഹായിലാണ് തിരുവസ്ത്രം ആദ്യമായണിഞ്ഞ് ഒരു വിശുദ്ധ ബലിയർപ്പിച്ചത്. ‘ഈ അപ്പത്തിൽ നിന്റെ ശക്തി നിവേശിപ്പിക്കപ്പെടുകയും ഈ വീഞ്ഞ് നിന്റെ രക്തമായി രൂപാന്തരപ്പെടുകയും ചെയ്യുന്ന സമയത്ത്, കർത്താവേ, എന്റെ ജീവൻ നിന്റേതിൽ കലർത്തണമേ’ എന്ന് ചങ്കുപൊട്ടി അന്നു പ്രാർത്ഥിച്ചത് ഈ അന്തരീക്ഷത്തിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ആ നിമിഷത്തിന്റെ ആനന്ദം താങ്ങാനാവാതെ ഹൃദയം കവിഞ്ഞൊഴുകിയ മിഴിനീർക്കണങ്ങൾ ഈ ബലിക്കല്ലിൽ വീണാണു പൊട്ടിച്ചിതറിയത്. എല്ലാം ആരംഭിച്ചത് ഇവിടെ നിന്നാണ്. ഒടുവിൽ എല്ലാ യാത്രകളും കഴിഞ്ഞ് നിതാന്ത നിദ്രയ്ക്കായി എത്തിച്ചേരേണ്ടതും ഇവിടെത്തന്നെ! ഒരു നിമിഷം കൊണ്ട് ഒരു നൂറോർമ്മകളുടെ ഓളങ്ങളിൽ അദ്ദേഹം മുങ്ങിനിവർന്നു.

കാൽവരി യാത്രയുടെ കാൽ നൂറ്റാണ്ട്

ഇക്കഴിഞ്ഞ ജനുവരി 26 ശനിയാഴ്ച. അഞ്ചൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ അന്നു ജോൺസണച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലിയാഘോഷം നടക്കുകയാണ്. അവധി ദിവസത്തിന്റെ ആലസ്യങ്ങളില്ലാതെ രാവിലെ തന്നെ പള്ളിയും പരിസരവും വിശ്വാസികളെക്കൊണ്ടു നിറഞ്ഞു. വിശുദ്ധ കുർബാനയ്ക്കു വേണ്ടി വീൽചെയറിൽ നിന്ന് ബലിപീഠത്തിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച ഇരിപ്പിടത്തിലേക്ക് സഹവൈദികർ അദ്ദേഹത്തെ താങ്ങിയിരുത്തി. ജനം മുഴുവൻ പ്രാർത്ഥനയോടെ പുറത്തു കാത്തു നിൽക്കുമ്പോൾ, അഭിവന്ദ്യരായ തിരുമേനിമാരുടെയും സഹവൈദികരുടെയും സന്യാസിനിമാരുടേയും പ്രിയപ്പെട്ടവരുടെയും സ്നേഹ സാന്നിദ്ധ്യങ്ങൾക്കു മധ്യേ സംതൃപ്തിയോടും പുഞ്ചിരിയോടും കൂടെ അദ്ദേഹമിരുന്നു. പിന്നെ, ഇരുപത്തിയഞ്ചു വർഷം നീണ്ട പുരോഹിത ജീവിതത്തിലെ ബലിയർപ്പണങ്ങളെ നന്ദിയോടെ ഓർമ്മിച്ചുകൊണ്ട് അൾത്താരയിലെ ബലിയർപ്പണം ആരംഭിച്ചു.

ദൈവം തനിക്കു വേണ്ടി തയ്യാറാക്കിയ സഹന സിംഹാസനത്തിലിരുന്നു കൊണ്ട്, തളർന്ന ഒരു ശരീരത്തിന്റേതെന്ന് ഒരിക്കലും തോന്നാത്ത ഒരു സ്വർഗ്ഗീയ സ്വരത്തിൽ അദ്ദേഹം ജനങ്ങളോടു പ്രാർത്ഥന ചോദിച്ചു: ‘എന്റെ പ്രിയ സഹോദരങ്ങളേ, ജീവപ്രദമായ പരിശുദ്ധ ബലി നിങ്ങൾക്കു വേണ്ടി അർപ്പിക്കാൻ ഞാൻ യോഗ്യനാകുവാൻ നിങ്ങൾ എനിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ!’ ഇടവക ജനത്തിന്റെ മറുപടി ഒരു വാചകമായിരുന്നില്ല, മറിച്ച് ഒരു നിലവിളിയായിരുന്നു: ‘കർത്താവെന്നും അങ്ങയുടെ പ്രാർത്ഥന കേട്ടു ബലികൾ സ്വീകരിക്കട്ടെ…!’ ഒരായിരം ഹൃദയങ്ങൾ തിരുഹൃദയത്തോടു നടത്തിയ ഒരു നിലവിളി.

ഇത് മോൺസിഞ്ഞോർ ഡോ. ജോൺസൺ കൈമലയിൽ! മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ തിരുവനന്തപുരം മേജർ അതിരൂപതയിലെ വൈദികൻ. തന്റെ കഠിനാധ്വാനവും പൗരോഹിത്യ സമർപ്പണവും കൊണ്ട് ആഗോള സഭയുടെ തന്നെ ഏറ്റവും സുപ്രധാനമായ ശുശ്രൂഷാ രംഗങ്ങളിൽ എത്തിച്ചേർന്ന ഒരാൾ. എന്നാൽ, പാതിവഴിയിൽ ശരീരം തളർന്നു പോയിട്ടും മനസ്സു തളരാതെ, ദൈവം നൽകിയ തീവ്രമായ സഹനത്തിന്റെ കാസാ സന്തോഷത്തോടെ സ്വീകരിച്ച്, പരാതികളില്ലാതെ, മട്ടോളം അദ്ദേഹം ആസ്വദിക്കുന്നു. അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലി വർഷമാണിത്. ജീവിതത്തിലെ സഹനങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നു പറഞ്ഞു തരുന്ന പാഠപുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതം ഒരു ബെസ്റ്റ് സെല്ലറായിരിക്കും!

ദൈവിക തെരഞ്ഞെടുപ്പിന്റെ നാൾവഴികൾ

1968 ൽ കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന പ്രദേശത്താണ് മോൺസിഞ്ഞോർ ജോൺസൺ കൈമലയിൽ ജനിച്ചത്. കൈമലയിൽ കുടുംബത്തിൽ അധ്യാപക ദമ്പതികളായ വർഗീസിന്റേയും തങ്കമ്മയുടേയും നാലു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു അദ്ദേഹം. അഞ്ചൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകാംഗം. കിഴവള്ളൂർ സെന്റ് ജോർജ്ജ് UPS, കോന്നി റിപ്പബ്ലിക്കൻ HS, അഞ്ചൽ ഈസ്റ്റ് HS, അഞ്ചൽ സെന്റ് ജോൺസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി 1985 ൽ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. 1986 ൽ നാലാഞ്ചിറ മലങ്കര സെമിനാരിയിൽ മൂന്നുവർഷം നീണ്ട ഫിലോസഫി പഠനം. തുടർന്നുള്ള റീജൻസിക്കാലത്ത് ക്രൈസ്തവ കാഹളം മാസികയുടെ അസോസിയേറ്റ് എഡിറ്ററായും KCSL കോർഡിനേറ്ററായും പ്രവർത്തിച്ചു. തുടർന്ന് നാലുവർഷം ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ തിയോളജി പഠനം. പരിശീലനം പൂർത്തിയാക്കി 1994 ഏപ്രിൽ 7 ന് ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു.

മാർത്താണ്ഡം, പാറശ്ശാല, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത ശേഷം, 1997 ൽ, ഉപരിപഠനത്തിനായി ഭാഗ്യസ്മരണാർഹനായ സിറിൽ ബസേലിയോസ് കാതോലിക്കാ ബാവാ തിരുമേനി അദ്ദേഹത്തെ റോമിലേക്കയച്ചു. പഠനത്തിൽ അതിസമർത്ഥനായിരുന്ന അദ്ദേഹം പ്രാദേശിക ഭാഷകൾക്കു പുറമേ ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും പ്രാവീണ്യം നേടി. റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽ നിന്ന് തിയോളജിയിൽ മാസ്റ്റേഴ്സ് ബിരുദവും തുടർന്ന് 2003 ൽ കൗദാശിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും അദ്ദേഹം കരസ്ഥമാക്കി.

വലിയ മുക്കുവനൊപ്പം റോമായിൽ

2003 ൽ പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ പൗരസ്ത്യ തിരുസംഘത്തിൽ കർദ്ദിനാൾ മൂസാ ദാവൂദിന്റെ ഓഫീസ് അണ്ടർ സെക്രട്ടറിയായി നിയമിച്ചു. റുഥീനിയൻ, എത്യോപ്യൻ, അർമേനിയൻ, സീറോ മലബാർ, സീറോ മലങ്കര തുടങ്ങിയ റീത്തുകളുടെ ആരാധനാക്രമപരമായ കാര്യങ്ങളുടെ ക്രമീകരണത്തിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട ചുമതലകൾ വഹിച്ചിട്ടുണ്ട്. 2009 ൽ പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തിന് ‘മോൺസിഞ്ഞോർ’ എന്ന പദവി നൽകി, ഫസ്റ്റ് ഗ്രേഡ് അണ്ടർ സെക്രട്ടറിയായി ഉയർത്തി. 2014 വരെ അദ്ദേഹം തന്റെ ശുശ്രൂഷ സ്തുത്യർഹമാം വിധം നിർവഹിച്ചു.

വത്തിക്കാന്റെ ഔദ്യോഗിക പ്രതിനിധിയായി മോൺസിഞ്ഞോർ ഡോ. ജോൺസൺ കൈമലയിൽ മൂന്നു തവണ ഇൻഡ്യയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. മേജർ ആർച്ചുബിഷപ് – കാതോലിക്കോസ് ആയി അഭിവന്ദ്യ സിറിൽ ബസേലിയോസ് തിരുമേനി ഉയർത്തപ്പെട്ടപ്പോഴും അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണ വേളയിലും വിശുദ്ധ അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഭാഗമായും റോമിന്റെ ഔദ്യോഗിക പ്രതിനിധിയായി അദ്ദേഹം നിയോഗിക്കപ്പെട്ടിട്ടുണ്ട്. വത്തിക്കാൻ ഓഫീസിൽ ശ്രുശ്രൂഷ നിർവഹിക്കാൻ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വൈദികൻ അദ്ദേഹമാണ്. പൗരസ്ത്യ തിരുസംഘത്തിൽ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പുരോഹിതനും അദ്ദേഹമാണ്.

പ്രൊഫൈലിൽ അക്കമിട്ട് എഴുതാൻ നേട്ടങ്ങളും പദവികളും സ്ഥാനമാനങ്ങളുമൊക്കെ അദ്ദേഹത്തിനു ധാരാളമുണ്ട്. പക്ഷെ ദൈവം അദ്ദേഹത്തിനു നൽകാൻ തീരുമാനിച്ചിരുന്ന സമ്മാനങ്ങളോടു തുലനം ചെയ്യുമ്പോൾ അവയൊക്കെ നിസ്സാരമായിരുന്നു. ദൈവം അദ്ദേഹത്തെ വിളിച്ചത് തന്റെ സഹനദാസനാക്കാൻ വേണ്ടിയായിരുന്നു.

കുരിശിന്റെ വഴി ഇവിടെ തുടങ്ങുന്നു

2009 ൽ റോമിൽ ജോലി ചെയ്യുന്ന കാലത്ത് ഭക്ഷണത്തിലൂടെ ഉള്ളിൽ ചെല്ലാനിടയായ എന്തോ വിഷപദാർത്ഥമാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകിടം മറിച്ചത്. ചെറിയൊരു വയറു വേദനയിലായിരുന്നു തുടക്കം. പരിശോധനകൾക്കു ശേഷം അണുബാധയെന്നോർത്ത് മരുന്നുകൾ കഴിക്കാൻ തുടങ്ങി. പക്ഷെ വേദനയ്ക്ക് ശമനമുണ്ടായില്ല. പിന്നീട് ആ വേദന കാലുകളിലേക്കു പടർന്നു. നിൽക്കാനും നടക്കാനുമൊക്കെ പ്രയാസമായിത്തുടങ്ങി. മാർപ്പാപ്പ തന്നെ ചികിത്സ തേടുന്ന റോമിലെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളിലാണ് പരിശോധനകൾ നടത്തിയത്. പക്ഷെ രോഗകാരണമോ ഫലപ്രദമായ പ്രതിവിധിയോ കണ്ടെത്താനായില്ല. കൂട്ടുകാരുടെ സഹായത്തോടെ കുറെനാൾ ജോലി തുടർന്നെങ്കിലും അധികനാൾ അങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല.

ഓടി നടന്നു കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്ന ആ ചെറുപ്പക്കാരൻ ക്രമേണ തളർന്നവശനായി. ശരീരം മുഴുവൻ വേദനയും മരവിപ്പും വ്യാപിച്ചു. ചലനശേഷി ഗണ്യമായി കുറഞ്ഞു. തലച്ചോറിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ശരീരം പ്രതികരിക്കാത്ത അവസ്ഥ. ചിന്താശേഷി മാത്രമുള്ള വെറുമൊരു മാംസപിണ്ഡമായി തന്റെ ശരീരം മാറുന്നത് ഒരു ഞെട്ടലോടെ അദ്ദേഹം തിരിച്ചറിഞ്ഞു. ഉൾക്കൊള്ളാൻ പ്രയാസമുള്ള ആ യാഥാർത്ഥ്യത്തിനു മുന്നിൽ വേദനയോടെ അദ്ദേഹം പകച്ചു നിന്നു. ഒരുതരത്തിലും മുന്നോട്ടു പോകാൻ കഴിയാതെ വന്നപ്പോൾ വിദഗ്ദ ചികിത്സകൾക്കായി അദ്ദേഹം 2014 ൽ നാട്ടിൽ മടങ്ങിയെത്തി.

എത്രയെത്ര ആശുപത്രികൾ

വിമാനത്താവളത്തിൽ നിന്നു നേരേ പോയത് കൊച്ചി അമൃതാ മെഡിക്കൽ കോളേജിലേക്കാണ്. രണ്ടാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ സ്റ്റീറോയ്ഡുകൾ കൊണ്ട് താൽക്കാലികമായി പരുവപ്പെടുത്തിയെടുത്ത ഒരു ശരീരവുമായി വീട്ടിലേക്കു മടങ്ങി. ഇനിയും കാരണം കണ്ടുപിടിക്കാനാവാത്ത രോഗവും പേറി ഒരു പരീക്ഷണാർത്ഥം തിരികെ റോമിലേക്കു പറന്നു. ദുർബ്ബലമായ ശരീരവും ബലമുള്ള മനസ്സുമായി ജീവിതം ഇഴഞ്ഞു നീങ്ങി.

പക്ഷെ അധികകാലം അതു തുടരാനായില്ല. വീണ്ടും അവധി കിട്ടിയപ്പോൾ മടങ്ങി വന്നു. വെല്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലാണ് ഇത്തവണ ചികിത്സ തേടിയത്. ഏഴെട്ടു മാസം വെല്ലൂരിലെ ചികിത്സ. ഒന്നൊഴിയാതെ ടെസ്റ്റുകൾ, ചർച്ചകൾ, വിശകലനങ്ങൾ. കാരണം കണ്ടുപിടിക്കാൻ കഴിയാത്ത രോഗത്തിന് സ്റ്റീറോയ്ഡുകളും ഫിസിയോ തെറാപ്പിയുമല്ലാതെ മറ്റൊന്നും അവർക്കും നിർദ്ദേശിക്കാൻ ഉണ്ടായിരുന്നില്ല. വീണ്ടും നിരാശയോടെ വീട്ടിലേക്ക്.

ഇതിനിടയിൽ ഒരിക്കൽ രോഗം വല്ലാതെ വഷളായി. തളർന്നവശനായ അദ്ദേഹത്തെ തിരുവനന്തപുരം പി. ആർ. എസ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ സ്പന്ദനം പോലും നിലച്ച് മരണത്തെ മുഖാമുഖം കാണുന്ന ഒരവസ്ഥ! ബന്ധുക്കളെയൊക്കെ വിവരമറിയിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എല്ലായിടത്തേക്കും സന്ദേശങ്ങൾ പാഞ്ഞു. അഭിവന്ദ്യ തിരുമേനിമാരുൾപ്പടെ പ്രിയപ്പെട്ടവരൊക്കെ ഓടിയെത്തി. പ്രാർത്ഥനയും നിലവിളിയുമായി മണിക്കൂറുകൾ എല്ലാവരും ഒപ്പം നിന്നു. മനുഷ്യന്റെ അറിവും സമ്പത്തും പ്രയത്നവുമൊക്കെ വൃഥാവിലായെന്നു തോന്നിയെങ്കിലും ദൈവം കൈവിട്ടില്ല. മരണത്തിനും ജീവനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ പതിയെപ്പതിയെ അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചു വന്നു. അനേകം പേരുടെ പ്രാർത്ഥനയുടെ ബലം ഒന്നു കൊണ്ടു മാത്രമാണ് അന്നു രക്ഷപ്പെട്ടത്. ജീവിതത്തിലെ ചില കറുത്ത യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായനാണ്!

പിന്നീടാണ് ബാഗ്ലൂർ നിംഹാൻസ് ഹോസ്പിറ്റലിൽ സഹായം തേടുന്നത്. അതുവരെ നടത്തിക്കൊണ്ടിരുന്ന ചികിത്സാ രീതികളിൽ നിന്നു വ്യത്യസ്തമായ ഒരു രീതിയാണ് അവർ അവലംബിച്ചത്. അതിൽ ആശാവഹമായ ചെറിയ ചില മാറ്റങ്ങൾ കണ്ടെങ്കിലും ശരീരത്തിന്റെ ചലനശേഷിയിൽ കാര്യമായ പുരോഗതി കാണപ്പെട്ടില്ല. കഴിക്കുന്ന മരുന്നുകളിൽ ചിലതൊക്കെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെത്തന്നെ പ്രതികൂലമായി ബാധിക്കുന്നവയായിരുന്നു. അതിനാൽ മറ്റു രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വളരെക്കൂടുതലായി. ബാംഗ്ലൂരിലേക്കുള്ള നിരന്തര യാത്രകൾ പ്രയാസമായതിനാൽ നിംഹാൻസിലെ തന്നെ ഡോക്ടേഴ്സിന്റെ നിർദ്ദേശാനുസരണം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് അദ്ദേഹത്തിന്റെ ചികിത്സകൾ പുനക്രമീകരിച്ചു. ഏറെ നാളുകളായി പ്രതീക്ഷ കൈവിടാതെ അതങ്ങനെ തുടരുന്നു.

ശരീരത്തിൽ മാത്രമായിരുന്നില്ല വേദന

അദ്ദേഹത്തിനു നേരിടേണ്ടി വന്ന സഹനങ്ങൾക്ക് പല തലങ്ങളുണ്ട്. അദ്ദേഹം ആരോഗ്യത്തോടെയിരുന്ന അവസ്ഥയും എത്തിച്ചേർന്ന രോഗാവസ്ഥയും തമ്മിലുള്ള ഭീമമായ അന്തരത്തെ അതിജീവിക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമായിരുന്നു. പുതിയ സാഹചര്യത്തോട് എങ്ങനെയാണ് പൊരുത്തപ്പെടുക? ഒരുപാട് ആളുകളുമായി അടുത്തിടപഴകിക്കൊണ്ടിരുന്ന അവസ്ഥയിൽ നിന്ന് ഒരു മുറിയിലെ ഏകാന്തതയിലേക്ക് ഒറ്റപ്പെട്ടു പോയി എന്ന യാഥാർത്ഥ്യം അദ്ദേഹത്തിനു സഹിക്കാൻ കഴിയുന്നതായിരുന്നില്ല. എല്ലായിടത്തും ഓടിനടന്നു കാര്യങ്ങൾ ചെയ്തിരുന്ന ഒരാൾ അനങ്ങാൻ പോലും കഴിയാതെ ഒരിടത്ത് വീണുപോയി എന്നത് മറികടക്കാൻ പ്രയാസമുള്ള ഒരു മാനസിക പ്രതിസന്ധിയായിരുന്നു. പക്ഷെ ദൈവം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഉടച്ചുവാർത്തു.

“ദൈവം തന്ന ഈ സഹനം ദൈവത്തിന്റെ ഒരു കരുതലായിത്തന്നെയാണ് ഞാൻ സ്വീകരിക്കുന്നത്. കാരണം ഭാരത സഭയിൽ നിന്നും മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്നുമൊക്കെ ആദ്യമായി പൗരസ്ത്യ തിരുസംഘത്തിലേക്കും വത്തിക്കാൻ കൂരിയായിലേക്കും തെരഞ്ഞെടുക്കപ്പെടുക എന്നത് ഒരു പുരോഹിതനെ സംബന്ധിച്ച് വളരെ പ്രത്യേകതകളുള്ള, പ്രധാനപ്പെട്ട ഒരു ശുശ്രൂഷയാണ്. എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ട ഒരു ശുശ്രൂഷ ദൈവം തന്നത് എന്റെ സഹന ശുശ്രൂഷയാണ്. സത്യത്തിൽ ഇതൊരു സ്ഥാനഭ്രംശമല്ല, മറിച്ച് സ്ഥാനക്കയറ്റമാണ്. കർത്താവിന്റെ മഹത്വത്തിൽ മാത്രമല്ല സഹനത്തിലും പങ്കു ചേരുന്നതാണ് യഥാർത്ഥ പൗരോഹിത്യ ശുശ്രൂഷ!”

എന്റെ ചോദ്യങ്ങളും ദൈവത്തിന്റെ ഉത്തരങ്ങളും

ഈ കാലയളവിൽ ചില ചോദ്യങ്ങൾ അദ്ദേഹത്തെ ഉത്കണ്ഠാകുലനാക്കി: എന്തുകൊണ്ടാണ് ഇങ്ങനെയൊരു സഹനം ദൈവം തനിക്കു തന്നത്? നിരന്തരമായ ഒരാത്മീയ സാധനയിലൂടെ കാരണമറിയാത്ത സഹനത്തിന്റെ പിന്നിലെ ദൈവിക പദ്ധതി അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ ആ ഉത്തരമിങ്ങനെയാണ്:

“താലന്തുകളുടെ ഉപമയിൽ യജമാനൻ തന്റെ ഭൃത്യന്മാർക്ക് അവരുടെ കഴിവനുസരിച്ച് താലന്തുകൾ നൽകിയതുപോലെ എന്റെ കഴിവിനൊത്ത് ദൈവം നൽകിയ ഒരു താലന്താണ് സഹനം! നമ്മുടെ എല്ലാ ശുശ്രൂഷാ മേഖലകളും ദൈവം നമുക്കു നൽകുന്ന താലന്തുകളാണ്. അതിന്റെ അടിസ്ഥാനം ദൈവം നമ്മെ നല്ലതുപോലെ അറിയുന്നു എന്നതാണ്. എന്റെ കഴിവുകളും കുറവുകളും നന്മകളും പോരായ്മകളും എന്നേക്കാൾ നന്നായി അറിയാവുന്ന ഒരാളാണ് എന്റെ ദൈവം. ഈ സഹനത്തെ കൃപയാക്കി മാറ്റാൻ എനിക്കു കഴിയുമെന്ന് തമ്പുരാന് ഉറപ്പുള്ളതു കൊണ്ടാണ് ഈ സഹനം അവിടുന്ന് എനിക്കു തന്നത്.”

സഭാത്മകമായി ഒരു വൈദികന് എത്തിച്ചേരാൻ കഴിയുന്ന നിരവധി നാഴികക്കല്ലുകൾ ജീവിതത്തിൽ പിന്നിട്ടിട്ടും ബലഹീനനായിപ്പോയ ഒരാളാണ് താൻ. ഈ അവസ്ഥയിൽ തന്റെ പൗരോഹിത്യത്തിന് എന്തു പ്രസക്തിയാണുള്ളത്? പ്രസക്തമായ എന്തു ശുശ്രൂഷയാണ് തനിക്കിനി സഭയിൽ നിർവഹിക്കാനുള്ളത്? ചോദ്യങ്ങൾ മാത്രമല്ല, ഉത്തരങ്ങളും അദ്ദേഹം തന്നെ കണ്ടെത്തി.

“പൗരോഹിത്യ ശുശ്രൂഷയ്ക്ക് വ്യത്യസ്തമായ തലങ്ങളുണ്ട്. യജമാനൻ വ്യത്യസ്തമായ എണ്ണത്തിൽ താലന്തുകൾ നൽകിയ പോലെ ഓരോ പുരോഹിതനും സഭയിൽ നിറവേറ്റാൻ വ്യത്യസ്തമായ ശുശ്രൂഷാ മേഖലകളുണ്ട്. ഈ സഹനത്തിലൂടെ എനിക്കു മാത്രം നിറവേറ്റാൻ കഴിയുന്ന ചില ശുശ്രൂഷകളുണ്ട്. അതിനു വേണ്ടിയുള്ള ദൈവത്തിന്റെ വിളിയാണ് എന്റെ സഹനം. ഈ സഹനത്തെ ക്രിയാത്മകമായി കണ്ടുകൊണ്ട് പല തരത്തിൽ ഞെരുക്കങ്ങളിലായിരിക്കുന്നവർക്ക് പ്രത്യാശയുടെ ഒരു മാതൃക നൽകുക എന്നത് എന്റെ കടമയാണ്. എനിക്കിപ്പോൾ ഒരുപാടു സമയം പ്രാർത്ഥിക്കാനുണ്ട്. എന്റെ സഹനങ്ങൾ സമർപ്പിച്ച് സഭയ്ക്കും സമൂഹത്തിനും വേണ്ടി പ്രാർത്ഥിക്കാൻ എനിക്കു കഴിയണം. അതാണ് ഈ ബലഹീനന്റെ പ്രസക്തി.”

ആത്മീയ പിതാവു നൽകിയ ഉൾക്കരുത്ത്

തന്റെ ആത്മീയ പിതാവായിരുന്ന ഡേവിഡ് ഇല്ലിരിക്കലച്ചന്റെ ജീവിതം നൽകിയ കരുത്തിനെക്കുറിച്ച് ജോൺസണച്ചൻ പറയാറുണ്ട്: “സഹനത്തെ കൃപയാക്കി പരിവർത്തനപ്പെടുത്താൻ എനിക്ക് ശക്തമായ ഒരു മാതൃകയുണ്ടായിരുന്നു. അത് എന്റെ മാതുലനായ ബഹുമാനപ്പെട്ട ഡേവിഡ് ഇല്ലിരിക്കലച്ചനാണ്. എന്റെ ദൈവവിളിക്കു പോലും പ്രചോദനമായിരുന്നത് അദ്ദേഹമാണ്. രാവും പകലും സുവിശേഷത്തിന്റെ അഗ്നിയാൽ ജ്വലിച്ച താപസനായ ഒരു മിഷനറിയായിരുന്നു അദ്ദേഹം. എൺപതുകളിൽ ഞാൻ സെമിനാരിയിൽ ഫിലോസഫി പഠിക്കുന്ന കാലത്താണ് അദ്ദേഹം രോഗബാധിതനാവുന്നത്. കുടൽ സംബന്ധമായ രോഗത്താൽ കഠിന വേദനയിൽ അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടു. നാലുമാസത്തെ കഠിനമായ സഹനത്തിനൊടുവിൽ അദ്ദേഹം അന്ത്യവിശ്രമത്തിനായി വിളിക്കപ്പെട്ടു.

അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞ ആ നാലുമാസം എനിക്ക് വലിയൊരു പരിശീലന കാലഘട്ടമായിരുന്നു. ഇന്നത്തെ സഹനത്തെ നേരിടാൻ ദൈവം മുൻകൂട്ടി എനിക്കു തന്ന വലിയൊരു പരിശീലനമായിരുന്നു അത്. അതികഠിനമായ വേദനയിലും പുഞ്ചിരിയോടെ, പരാതികളില്ലാതെ അതിനെ നേരിടുന്ന ഡേവിഡച്ചൻ എനിക്കു വലിയ ഒരദ്ഭുതമായിരുന്നു! ഡോക്ടർമാർ പോലും അച്ചന്റെ സഹനശേഷിയിൽ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ദിവസങ്ങൾ കഴിയുന്തോറും അദ്ദേഹത്തിന്റെ രോഗം വഷളായി. വേദനകൾ പെരുകി. സംസാരശേഷി കുറഞ്ഞു വന്നു. എങ്കിലും ഒരു സുകൃതജപം പോലെ അച്ചൻ ചൊല്ലിക്കൊണ്ടിരുന്ന ഒരു വചനമുണ്ട്, ‘ദൈവത്തിന് ദൈവത്തിന്റേതായ ഒരു പദ്ധതിയുണ്ട്.’ മരണം വരെയും അദ്ദേഹത്തിന്റെ അടുക്കൽ നിന്ന് ഞാനതു കേട്ടു. അതൊരു വലിയ വിശ്വാസ പ്രഖ്യാപനമായിരുന്നു. എന്നെ ആഴത്തിൽ സ്വാധീനിച്ച ഒരു വിശ്വാസ തീക്ഷ്ണതയായിരുന്നു അത്. പിന്നീട് എന്റെ ജീവിതത്തിൽ പ്രതിസന്ധികൾ വരുന്ന സമയങ്ങളിലൊക്കെ ഞാൻ ഓർമ്മിച്ചിരുന്നത് അച്ചന്റെ ആ വചനമായിരുന്നു. മുന്നോട്ടു പോകാനുള്ള വലിയ ഉത്തേജനമായി ഡേവിഡ് ഇല്ലിരിക്കലച്ചന്റെ ജീവിതം എന്റെ കൺമുന്നിലുണ്ട്; അന്നും ഇന്നും!

ഇന്നത്തെ സഹനത്തിനു വേണ്ടി വിവിധ വ്യക്തികളിലൂടെ, സാഹചര്യങ്ങളിലൂടെ ദൈവം ജോൺസണച്ചനെ മുൻകൂട്ടി ഒരുക്കി എന്നുവേണം കരുതാൻ!

അനുഗ്രഹിക്കപ്പെട്ട സഹനമേ വന്നാലും

ഈ സഹനത്തെ ജോൺസണച്ചൻ വിളിക്കുന്നത്, ‘അനുഗ്രഹിക്കപ്പെട്ട സഹനമേ’, എന്നാണ്. കാരണം ഈ സഹനമാണ് ദൈവത്തെ കൂടുതലറിയാനും അനുഭവിക്കാനും അദ്ദേഹത്തെ സഹായിച്ചത്.

തന്റെ ശരീരത്തിന്റെ ബലം കുറെയൊക്കെ നഷ്ടമായെങ്കിലും ദൈവം തന്നിൽ നിന്ന് മനസ്സിന്റെ ധൈര്യവും ആത്മാവിന്റെ ശക്തിയും തിരിച്ചെടുത്തില്ല എന്ന് അദ്ദേഹം ഓർമ്മിക്കുന്നു. ആരോഗ്യത്തോടെ ഓടി നടന്ന അവസ്ഥയും പെട്ടന്ന് വീണു പോയ അവസ്ഥയും തമ്മിലുള്ള ഭീമമായ അന്തരത്തെ ഉൾക്കൊള്ളാനും മറ്റുള്ളവരെ അഭിമുഖീകരിക്കുമ്പോഴുള്ള അപകർഷതാ ബോധത്തെയും കടുത്ത നിരാശയേയുമൊക്കെ അതിജീവിക്കാൻ ദൈവം അദ്ദേഹത്തിനു കരുത്തു നൽകി. ആ കരുത്ത് അദ്ദേഹമാർജ്ജിച്ചത് ഒരാത്മീയ സാധനയിലൂടെയാണ്. ക്രൂശിതനായ ക്രിസ്തുവിന്റെ സഹങ്ങളോടു താദാത്മ്യപ്പെട്ട് അദ്ദേഹം അതിനെ അതിജീവിച്ചു.

കൂടുതൽ ബലഹീനനാവും തോറും അദ്ദേഹം കൂടുതൽ ദൈവത്തോടടുത്തു. വിശുദ്ധ കുർബാനയർപ്പണവും ജീവിതവും തമ്മിലുള്ള അന്തരമില്ലാതായി. ജീവിതം തന്നെ ബലിയർപ്പണമായി. കൂടുതൽ സമയം പ്രാർത്ഥനയിലും ധ്യാനത്തിലും വചന വായനയിലുമൊക്കെ മുഴുകി. തന്റെ ബലഹീനത ദൈവത്തിന്റെ ശക്തി തന്നിൽ പ്രകടമാവാനുള്ള അവസരമായി അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അനേകം മനുഷ്യരിലേക്കു ദൈവകൃപ ഒഴുകാൻ തുടങ്ങി. ഒരുപാടു മനുഷ്യർ പ്രാർത്ഥനയും ഉപദേശങ്ങളും തേടി അദ്ദേഹത്തെ സമീപിക്കാൻ തുടങ്ങി.

ദൈവം എന്റെ പ്രാർത്ഥന കേൾക്കും

തന്റെ പ്രാർത്ഥന ദൈവം കേൾക്കുമെന്നതിന് വ്യക്തമായ തെളിവുകൾ അദ്ദേഹത്തിനുണ്ട്. രോഗം അദ്ദേഹത്തെ കീഴടക്കിക്കൊണ്ടിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ശരീരാവയവങ്ങൾ ഓരോന്നോരോന്നായാണ് ബലഹീനമായിക്കൊണ്ടിരുന്നത്. ഓരോ അംഗങ്ങളും ബലഹീനമാവുമ്പോൾ അദ്ദേഹം ദൈവത്തോടു പ്രാർത്ഥിക്കുമായിരുന്നു, തന്റെ വലതു കൈ മാത്രം തളർന്നു പോകാതെ ബാക്കി വയ്ക്കണേ എന്ന്. ഈ ഭൂമിയിൽ തന്റെ ജീവൻ നിലനിൽക്കുന്നതു വരെയും വിശുദ്ധ കുർബാനയർപ്പിക്കാനും ജനത്തെ ആശീർവദിക്കാനും തനിക്കാ വലതു കൈ വേണം. ആ പ്രാർത്ഥന ദൈവം കേട്ടു. ശരീരത്തിന്റെ തൊണ്ണൂറു ശതമാനം ചലനശേഷിയും നഷ്ടപ്പെട്ടെങ്കിലും ബലിയർപ്പിക്കാൻ അദ്ദേഹത്തിന്റെ വലതു കൈ ദൈവം ബാക്കി വച്ചു. തന്റെ പ്രാർത്ഥന കേട്ട് ദൈവം ഇടപെട്ട വലിയൊരദ്ഭുതമായാണ് അദ്ദേഹം അതിനെ കാണുന്നത്. അനുഗ്രഹിക്കാനും ആശീർവദിക്കാനുമായി ദൈവം ബാക്കി വച്ച ആ വലതു കൈ ഇനിമേൽ മനുഷ്യന്റേതല്ല, ദൈവത്തിന്റെ കൈയ്യാണ്!

ഒരിക്കൽ മാത്യു നായ്ക്കംപറമ്പിലച്ചൻ അദ്ദേഹത്തിന്റെ തലയിൽ കൈവച്ച് ഏറെ നേരം പ്രാർത്ഥിച്ചിട്ടു പറഞ്ഞു, “അച്ചന്റെ ശരീരം മാത്രമേ ബലഹീനമായിട്ടുള്ളൂ, ആത്മാവിൽ വലിയൊരാനന്ദം ഞാൻ തിരിച്ചറിയുന്നു. അതു പരിശുദ്ധാത്മാവാണ്. അതിൽ സന്തോഷിക്കുക!” ഒരു ദൈവിക വെളിപാടെന്ന പോലെ അച്ചൻ പറഞ്ഞ ആ വാക്കുകൾ ജോൺസണച്ചനെ ആന്തരികമായി ഏറെ ശക്തിപ്പെടുത്തി.

ഞാൻ മുറിവേറ്റ കുഞ്ഞാട്

രോഗത്തോടും മരണത്തോടും മല്ലടിച്ച് എത്രയെത്ര വർഷങ്ങളാണ് കടന്നുപോയത്! പൗരോഹിത്യത്തിന്റെ ഏറ്റവും ഫലദായകമായ ഒരു കാലയളവിലാണ് അദ്ദേഹം വീണുപോയത്. നാട്ടിലും വിദേശത്തുമായി നിരവധി ആശുപത്രികൾ. വ്യത്യസ്തമായ ചികിത്സാരീതികൾ. പലവിധ പരീക്ഷണ നിരീക്ഷണങ്ങൾക്കു വിട്ടുകൊടുത്ത് അവശമായ ശരീരം! മരുന്നുകളാൽത്തന്നെ ദുർബലമാക്കപ്പെട്ട ആരോഗ്യം! മാനുഷിക രീതിയിൽ ഒരു പുരുഷായുസ്സിന്റെ നല്ല കാലങ്ങളൊക്കെ നഷ്ടമായതു പോലെ. എങ്കിലും സർവശക്തന്റെ പദ്ധതികളെ അളക്കാൻ നമ്മളാരാണ്! പൗരോഹിത്യത്തിൽ തന്റെ സഹനദാസനായി ഈ ഭൂമിയിൽ കാൽ നൂറ്റാണ്ടു പൂർത്തിയാക്കാൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. അതിനു ദൈവത്തോടു നന്ദിയർപ്പിക്കാനാണ് ദൈവാലയത്തിൽ ഇക്കഴിഞ്ഞ ജനുവരി 26 ന് എല്ലാവരും ഒരുമിച്ചു കൂടിയത്.

അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടേയും മറ്റനേകം മെത്രാപ്പോലീത്താമാരുടേയും ദൈവാലയത്തിൽ തിങ്ങിനിറഞ്ഞ ജനസമൂഹത്തിന്റെയും സാന്നിദ്ധ്യത്തിൽ സമാപനാശീർവാദം നൽകി മോൺ. ജോൺസൺ കൈമലയിൽ തന്റെ ബലിയർപ്പണം പൂർത്തിയാക്കി. തന്റെ ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ടാണ് വിശുദ്ധ കുർബാന മുഴുവൻ അദ്ദേഹം അർപ്പിച്ചത്. പിന്നീടു നടന്ന സമ്മേളനത്തിൽ ആശംസകളുടെ പ്രവാഹമായിരുന്നു; ഹൃദയം തൊട്ട ആശംസകൾ! അത്രമേൽ അദ്ദേഹം മനുഷ്യർക്കും ദൈവത്തിനും പ്രിയപ്പെട്ടവനായിരുന്നു എന്നു വേണം കരുതാൻ!

ആശംസാ സമ്മേളനത്തിനൊടുവിൽ മറുപടി പറയാൻ അദ്ദേഹം മൈക്രോഫോൺ കയ്യിലെടുത്തു. തടിച്ചുകൂടിയ ആളുകൾ മുഴുവൻ അദ്ദേഹത്തിന്റെ വാക്കുകൾക്കു കാതോർത്തു. എന്തായിരിക്കും അദ്ദേഹം പറയുക! ആകാശഗോപുരത്തിൽ നിന്ന് അത്യഗാധങ്ങളിലേക്കു വീണു പോയ താരകത്തിന്റെ ഉള്ളിലെ വെളിച്ചം തേടി പ്രതീക്ഷയോടെ അവർ മനസ്സും മിഴികളും തുറന്നു വച്ചു.

പക്ഷെ അവരുടെ പ്രിയപ്പെട്ട ജോൺസണച്ചൻ സംസാരിച്ചു തുടങ്ങിയപ്പോൾ എല്ലാവരും അദ്ഭുതപ്പെട്ടു. സഹനങ്ങളിൽ തളർന്നു പോയ ഒരുവന്റെ വിലാപമായിരുന്നില്ല അത്. ആത്മാവിൽ ദൈവം കുടിയിരിക്കുന്നവന്റെ ഒരു കരുത്തുറ്റ സാക്ഷ്യമാണ് ആ വാക്കുകളിലൂടെ പ്രകടമായത്. പരിശുദ്ധാത്മാവിനാൽ അഭിഷിക്തനായ പത്രോസിനെപ്പോലെ, ക്രിസ്തുവിനെ പ്രതിയുള്ള തീക്ഷ്ണതയാൽ ജ്വലിച്ച പൗലോസിനെപ്പോലെ അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു. ജനം മുഴുവൻ നിറകണ്ണുകളോടെ അതു കേട്ടിരുന്നു.

“നല്ല ഇടയനാവുക എന്നതിനൊപ്പം തന്നെ നല്ല കുഞ്ഞാടാവേണ്ട ജീവിതം കൂടിയാണ് പൗരോഹിത്യം. ക്രിസ്തുവിനെപ്പോലെ ലോകത്തിന്റെ പാപം നീക്കുന്ന മുറിവേറ്റ കുഞ്ഞാട്! വെളിപാടു പുസ്തകത്തിൽ യോഹന്നാൻ കണ്ടുമുട്ടുന്ന, പീഠത്തിൻമേൽ ഉപവിഷ്ടനായ ആ മുറിവേറ്റ കുഞ്ഞാട്. ഞാനെന്റെ പൗരോഹിത്യത്തിലൂടെ ആ കുഞ്ഞാടിനെ പ്രതിനിധാനം ചെയ്യുന്നെങ്കിൽ ഞാൻ പറയും എന്റെ സഹനം ദൈവം എനിക്കു നൽകിയ വലിയ ദാനമാണ്.”

‘എന്റെ സഹനം ദൈവം എനിക്കു നൽകിയ വലിയ ദാനമാണ്.’ ആ വാക്കുകൾ വീണ്ടും വീണ്ടും ആ അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്ന പോലെ തോന്നി. അതിന്റെ ആത്മാർത്ഥതയും ആഴവും ആരുടേയും ഹൃദയത്തെ തൊടുന്നതായിരുന്നു. ഉയരുന്ന ഹർഷാരവങ്ങൾക്കിടയിലൂടെ അദ്ദേഹം തുടർന്നു:

“സൗഖ്യങ്ങളും നേട്ടങ്ങളും അനുഗ്രഹങ്ങളും മാത്രമല്ല ദൈവത്തിന്റെ ദാനം. സഹനവും ദൈവത്തിന്റെ ദാനമാണ്, ദൈവത്തിന്റെ ഇടപെടലാണ്, അവിടുത്തെ സ്പർശമാണ്. സഹനത്തെ പ്രാർത്ഥനയാക്കി ദൈവത്തിനു സമർപ്പിച്ച് അതിലൂടെ അനേകം അനുഗ്രഹങ്ങൾ മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ നാം പഠിക്കണം. അത്തരത്തിലൊരു ശ്രമമാണ് ഞാൻ ഈ കാലയളവിൽ നടത്തിക്കൊണ്ടിരിക്കുന്നത്.”

എത്ര മധുരമീ സഹനം

എല്ലാം നഷ്ടപ്പെട്ട ഒരാൾ പറയുന്നു, അയാൾക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന്. കരുത്തു മുഴുവൻ ചോർന്നു പോയ ഒരാൾ പറയുന്നു, അയാൾ കരുത്തനാണ് എന്ന്. കഠിന വേദനയിൽ ഒരാൾ പറയുന്നു, അയാളുടെ ഉള്ളിൽ ആനന്ദമാണെന്ന്. അയാളുടെ നഷ്ടം നേട്ടമാണെന്നും സഹനം അനുഗ്രഹമാണെന്നും അതു ദൈവത്തിന്റെ സമ്മാനമാണെന്നും അയാൾ ഉച്ചത്തിൽ വിളിച്ചു പറയുന്നു. അങ്ങനെയെങ്കിൽ എത്ര മധുരതരമാണ് ആ സഹനം! വേദനകളെ മധുരമാക്കാൻ ഒരാളെ സഹായിക്കുന്നത് ഉള്ളിലെ ക്രിസ്തുവാണ്! അതാണ് ക്രിസ്തുവിന്റെ അനന്യത.

ഒരുപക്ഷേ മനസ്സിലാക്കാൻ പ്രയാസമുള്ള ഈ സത്യം ലോകത്തോടു പ്രഘോഷിക്കുക എന്നതാവാം ഇനിയുള്ള നാളുകളിൽ അദ്ദേഹത്തിന്റെ പൗരോഹിത്യ ധർമ്മം. ജനം വിശ്വസിക്കേണ്ടതിന് ചങ്കിൽ കൈവച്ച് അതു പറയാൻ ശരീരത്തിൽ ഒരു മുള്ള് ദൈവം അദ്ദേഹത്തിനു നൽകി എന്നേയുള്ളൂ. തനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണെന്നു പറഞ്ഞ പൗലോസ് അപ്പസ്തോലനെ അദ്ദേഹം നിരന്തരം ഓർമ്മിപ്പിക്കുന്നു.

സഹനത്തിന്റെ രാജകുമാരന് സഭയുടെ ആദരം

2019 ജനുവരി 26 ന് അഞ്ചലിൽ നടന്ന അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലിയാഘോഷ വേളയിൽ, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷൻ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ അദ്ദേഹത്തിന് ‘കോർ എപ്പിസ്കോപ്പാ’ പദവി നൽകാനുള്ള സഭയുടെ തീരുമാനം പ്രഖ്യാപിച്ചു. വേദനയെ അനുഗ്രഹമായി കരുതുന്ന മുറിവേറ്റ കുഞ്ഞാടിന്, സഹനത്തിന്റെ രാജകുമാരന് സഭ നൽകുന്ന ആദരവും അംഗീകാരവുമാണത്. തന്നിൽ നിക്ഷിപ്തമായ നിയോഗങ്ങൾ കൂടുതൽ തീക്ഷ്ണമായി നിർവഹിക്കാൻ സഭ നൽകുന്ന ആധികാരികതയാണത്.

പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന വന്ദ്യ മോൺസിഞ്ഞോർ ഡോ. ജോൺസൺ കൈമലയിൽ കോർ എപ്പിസ്കോപ്പായ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ!

ഷീൻ പാലക്കുഴി

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.