എല്ലാം ഈശോയ്ക്കു വേണ്ടി

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു സന്യാസ സഹോദരി തന്റെ ദുഃഖങ്ങള്‍ പങ്കുവച്ചത് ഇപ്രകാരമായിരുന്നു.

“അച്ചാ, ഞാന്‍ വല്ലാത്ത സംഘര്‍ഷത്തിലാണ്. അധികാരികള്‍ താൽപര്യപ്പെട്ടതനുസരിച്ചാണ് ഞാൻ ആ മിഷന്‍ പ്രദേശത്ത് ശുശ്രൂഷയ്ക്ക് പോയത്. അവിടെ ചെന്ന ആദ്യനാളുകളില്‍ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. കാലാവസ്ഥയും ഭക്ഷണവും ഭാഷയുമെല്ലാം വ്യത്യസ്തം. സാവകാശം എല്ലാത്തിനോടും പൊരുത്തപ്പെട്ടു. ഇപ്പോള്‍ ഞാൻ അവിടുത്തെ സ്‌കൂളിന്റെ പ്രിന്‍സിപ്പളാണ്.

ഈയിടെ സ്‌കൂളില്‍ ഒരു പ്രശ്നമുണ്ടായി. ഒരു അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി അറിയാന്‍ കഴിഞ്ഞു. അദ്ധ്യാപകന്റെ ഭാഗത്താണ് തെറ്റെന്ന് മനസിലാക്കിയപ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ
പിരിച്ചുവിടേണ്ടി വന്നു.

ഇപ്പോള്‍ അദ്ദേഹം സ്‌കൂളിനെതിരെയും എനിക്കെതിരെയും നിരവധി ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. മനസിന്റെ സന്തോഷം നഷ്ടപ്പെട്ടു. ചില അവസരങ്ങളില്‍ കൂടെയുള്ള സഹോദരിമാര്‍ പോലും എന്നെ ഒറ്റപ്പെടുത്തി. അവധി കഴിഞ്ഞ് തിരിച്ച് അങ്ങോട്ട് പോകണമെന്നില്ല. എന്നാല്‍ അധികാരികള്‍ക്ക് കാര്യങ്ങള്‍ മനസിലായി. ഈ അവസരത്തില്‍ ഞാന്‍ തന്നെ അവിടേക്ക് തിരിച്ചുപോകണമെന്നാണ് അവരുടെ ആഗ്രഹം. നാണംകെട്ടും ആക്ഷേപങ്ങള്‍ കേട്ടും മടുത്തു. ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്ത് ചെയ്യണമെന്നറിയില്ല.”

ഞാൻ ആ സഹോദരിയോട് പറഞ്ഞു: “ഇപ്പോഴത്തെ സ്ഥിതിയില്‍ മേലധികാരികള്‍ പറയുന്നതിലും കാര്യമില്ലേ? ഭാഷയും സംസ്‌കാരവും അറിയാവുന്ന സിസ്റ്റര്‍ തിരിച്ചുപോയില്ലെങ്കില്‍ മറ്റാരെയാണ് അവര്‍ ആശ്രയിക്കുക? പിന്നെ ഒറ്റപ്പെടലും ഏകാന്തതയും കുറ്റപ്പെടുത്തലുകളുമെല്ലാം സ്വാഭാവികമാണ്. ഏതൊരു പ്രവൃത്തിയും ക്രിസ്തുവിനു വേണ്ടി ചെയ്യുക. അധികാരികള്‍ക്കോ നാട്ടുകാര്‍ക്കോ വേണ്ടി ചെയ്യാതിരിക്കുക. എങ്കില്‍ മാത്രമേ നിന്ദനങ്ങളും സഹനങ്ങളും സന്തോഷത്തോടെ ഏറ്റെടുക്കാന്‍ കഴിയൂ.”

ആ സഹോദരിയെ പ്രാര്‍ത്ഥിച്ച് യാത്രയാക്കി. വര്‍ഷങ്ങള്‍ക്കു ശേഷം അവധിക്ക് വന്നപ്പോള്‍ അവര്‍ എന്നെ കാണാന്‍ വന്നു. അന്ന് അവര്‍ പറഞ്ഞ വാക്കുകള്‍ എന്റെ ഹൃദയത്തെ തൊട്ടു: “അവിടുത്തെ പ്രശ്നങ്ങളെല്ലാം തീര്‍ന്നു. അച്ചന്‍ പറഞ്ഞതുപോലെ ക്രിസ്തുവിനു വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എത്ര വലിയ അപമാനങ്ങളും ആക്ഷേപങ്ങളും അതിജീവിക്കാന്‍ ശക്തി ലഭിക്കുന്നു. ക്രിസ്തുവിനു വേണ്ടി മരിക്കാന്‍ വരെ ഞാനിപ്പോള്‍ തയ്യാറാണ്!”

മറ്റുള്ളവര്‍ നമ്മെ ഒറ്റപ്പെടുത്തുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും അധിക്ഷേപിക്കുമ്പോഴുമെല്ലാം നമ്മുടെ മനസും നൊന്തിട്ടില്ലേ? ആര്‍ക്കു വേണ്ടിയാണ് ഞാനിവയെല്ലാം ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുമില്ലേ? ഇവിടെയാണ് ക്രിസ്തുവിലേക്ക് തിരിയാനും അവനോടുള്ള സ്‌നേഹത്തെപ്രതി കാര്യങ്ങള്‍ ചെയ്യാനും നമ്മള്‍ മുതിരേണ്ടത്. അപ്പോള്‍ അവനു വേണ്ടി മരിക്കാന്‍ വരെ നമ്മള്‍ തയ്യാറാകും.

അങ്ങനെ തയ്യാറായ അനേകരെ സഭയില്‍ നമുക്ക് കാണാന്‍ കഴിയും. അവരിലൊരാളാണ് പന്ത്രണ്ടു ശിഷ്യരില്‍ ഒരുവനായ നഥാനയേല്‍ എന്നറിയപ്പെടുന്ന ബര്‍ത്തലോമിയോ. ഒരു രാത്രി മുഴുവനും പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതിനു ശേഷമാണ് ക്രിസ്തു അവനെയും തിരഞ്ഞെടുത്തത് (Ref: ലൂക്കാ 6:12-16). അവസാനം തൊലി ഉരിയപ്പെട്ട് രക്തസാക്ഷിത്വം വരിക്കുന്ന നിമിഷത്തില്‍ പോലും ബര്‍ത്തലോമിയോ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. ഇതുപോലുള്ള വിശ്വാസമല്ലേ നമുക്കും വേണ്ടത്?

വി. ബര്‍ത്തലോമിയ ശ്ലീഹായുടെ തിരുനാള്‍ മംഗളങ്ങള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.