പണിതീരാത്ത വീട്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അയല്‍വാസിയായ പട്ടാളക്കാരന്റെ വീടു വെഞ്ചിരിപ്പ് കഴിഞ്ഞിട്ട് അധിക നാളായില്ല. പണികള്‍ ഇനിയും തീരാനിരിക്കെ വീടു വെഞ്ചിരിപ്പ് നടത്തിയതിനെക്കുറിച്ചായിരുന്നു അവിടെ ചെന്നപ്പോള്‍ എന്റെ ചിന്ത. ഇക്കാര്യം മനസിലാക്കിയതുകൊണ്ടാണോ എന്നറിയില്ല, വീട്ടുടമസ്ഥന്‍ പറഞ്ഞു: “അച്ചാ, പണികള്‍ തീര്‍ന്നിട്ടില്ല, എങ്കിലും അത്യാവശ്യപണികള്‍ കഴിഞ്ഞപ്പോള്‍ കയറിക്കൂടാമെന്നു കരുതി. ചാച്ചനും അമ്മയ്ക്കും പ്രായമായില്ലേ. പല വയ്യായ്കളും അവര്‍ക്കുണ്ട്. പഴയ വീട്ടില്‍ ഒട്ടും സൗകര്യമില്ല. കൂടാതെ രാത്രിയും പകലുമെല്ലാം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പോലും പുറത്തെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരാകുന്നു. അവരുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ധൃതി പിടിച്ച് വീട് താമസം മാറ്റിയത്.” നന്മ നിറഞ്ഞ ആ വാക്കുകള്‍ എന്റെ ഹൃദയത്തെ കുളിരണിയിച്ചു.

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ വേളയില്‍ അമ്മയെ സ്വര്‍ഗത്തിലേക്ക് ആനയിച്ച നന്മ നിറഞ്ഞ മകനെയും നമ്മള്‍ ഓര്‍ക്കണം. ദൈവഹിതത്തിനു മുമ്പില്‍ ശിരസു നമിച്ച പരിശുദ്ധ മറിയം, ദൈവേഷ്ടം നിറവേറ്റുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്ന് തിരിച്ചറിഞ്ഞു. അതിനുവേണ്ടി അവഹേളനങ്ങള്‍ ഏറ്റുവാങ്ങാനും സംയിക്കപ്പെടാനും മകന്റെ ദാരുണാന്ത്യത്തിന് സാക്ഷ്യം വഹിക്കാനും അവള്‍ തയ്യാറായി.

ദൈവത്തെ ചങ്കോട് ചേര്‍ക്കുന്നവര്‍ക്കു മാത്രമേ ദൈവഹിതം തിരിച്ചറിയാനും നിറവേറ്റാനും സാധിക്കൂ. അങ്ങനെയുള്ള മറിയത്തിന് ദൈവം നല്‍കിയ സമ്മാനമാണ് സ്വര്‍ഗാരോപണം! ജീവിതപ്രതിസന്ധികളില്‍ നമ്മള്‍ ഉഴലുമ്പോള്‍ കാനായിലെ കല്യാണവേളയില്‍ മറിയം പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക: “അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍” (യോഹ. 2:5).

ദൈവഹിതം തിരിച്ചറിയാനും അനുസരിക്കാനും കഴിയുന്നതിലൂടെയാണ് നമ്മുടെ ജീവിതത്തിലെ കഷ്ടതയുടെ പച്ചവെള്ളം അത്ഭുതത്തിന്റെ പുതുവീഞ്ഞായ് മാറുക എന്ന സത്യം മറക്കാതിരിക്കാം. അതുപോലെ തന്നെ ദൈവേഷ്ടം അനുസരിക്കുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നും തിരിച്ചറിയാം.

പരിശുദ്ധ കന്യകാമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെയും സ്വാതന്ത്ര്യദിനത്തിന്റെയും മംഗളങ്ങള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.