കുട്ടിക്ക് സൈക്കിള്‍ കിട്ടിയ വഴി

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കോവിഡിനു മുമ്പ് നടന്ന ഒരു സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ അപ്പനോട് പറഞ്ഞു: “എത്ര നാളായി ഒരു സൈക്കിള്‍ വാങ്ങിത്തരാന്‍ പറയുന്നു. എന്റെ കൂട്ടുകാരില്‍ പലര്‍ക്കും സൈക്കിളുണ്ട്. അവരെല്ലാം തന്നെ എന്നെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഇനി മുതല്‍ ഞാന്‍ സ്‌കൂളില്‍ പോകുന്നില്ല.”

മകനെ ചേര്‍ത്തുനിര്‍ത്തി അപ്പന്‍ പറഞ്ഞു: “മോനെ, നിനക്കറിയാലോ നമ്മുടെ സാമ്പത്തികസ്ഥിതി? പപ്പ കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. സൈക്കിള്‍ വാങ്ങിത്തരണമെന്ന് പപ്പക്ക് ആഗ്രഹമുണ്ട്. അതിന് വാശി പിടിച്ച് സ്‌കൂളില്‍ പോകാതിരിക്കേണ്ട. നന്നായി പഠിച്ച് പത്താം ക്ലാസ് പാസാകുക. അപ്പോള്‍ നിനക്ക് സൈക്കിള്‍ വാങ്ങിത്തരും.”

അപ്പന്റെ വാക്കുകള്‍ക്ക് മകന്‍ ചെവികൊടുത്തു. വാശിയോടെ അവന്‍ പഠിക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷം കഴിഞ്ഞ് അവന്‍ പത്താം ക്ലാസില്‍ ഉന്നതവിജയവും നേടി. പുതിയ സൈക്കിള്‍ കിട്ടിയ അന്ന് അവന്‍ തന്റെ ഡയറിയില്‍ ഇങ്ങനെ എഴുതി: “ജീവിതത്തില്‍ എന്ത് നേടണമെങ്കിലും കഠിനാദ്ധ്വാനം ആവശ്യമാണ്. കുറുക്കുവഴികള്‍ താൽക്കാലിക ആശ്വാസം മാത്രമേ പ്രദാനം ചെയ്യൂ. ഈ പാഠം പഠിപ്പിച്ചത് എന്റെ പപ്പയാണ്.”

കഠിനാദ്ധ്വാനം കള്ളത്തരങ്ങള്‍ക്ക് വഴിമാറുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിനങ്ങളില്ലെന്നായി. കുറച്ച് അദ്ധ്വാനവും കൂടുതല്‍ വേതനവും എന്ന ചിന്താഗതി വര്‍ദ്ധിച്ചിരിക്കുന്നു. ഇവിടെയാണ് സെബദിപുത്രന്മാരോടുള്ള ക്രിസ്തുവിന്റെ വാക്കുകള്‍ക്ക് മൂര്‍ച്ചയേറുന്നത്. ‘അങ്ങയുടെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലതുവശത്തും മറ്റെയാള്‍ ഇടതുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ!’ എന്ന് അവര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, ‘ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ?’ (മര്‍ക്കോ. 10:37-38) എന്നായിരുന്നു ക്രിസ്തുവിന്റെ മറുചോദ്യം.

സഹനങ്ങളില്ലാതെയുള്ള വിജയങ്ങള്‍ ശാശ്വതമല്ലെന്ന പാഠം എത്ര മനോഹരമായാണ് ക്രിസ്തു പഠിപ്പിക്കുന്നത്. ജീവിതകുരിശുകളെ പ്രത്യാശയോടെ എതിരേല്‍ക്കുവാനുള്ള കൃപയ്ക്കു വേണ്ടിയാകട്ടെ നമ്മുടെ പ്രാര്‍ത്ഥന.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.