കടലമിഠായിക്ക് പിന്നിലെ ത്യാഗത്തിന്റെ കഥ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജോര്‍ജ് വാഷിങ്ങ്ടണ്‍ കാര്‍വറെ കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. യേശുക്രിസ്തുവില്‍ ആഴമേറിയ വിശ്വാസമുണ്ടായിരുന്നു കാര്‍വാറിന്. എന്തു ചെയ്യുന്നതിനു മുമ്പും ദൈവഹിതം അന്വേഷിക്കുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകത്തില്‍ അമേരിക്ക വലിയ കാര്‍ഷികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയം. കര്‍ഷകരുടെ ആശ്രയമായിരുന്ന പരുത്തികൃഷി ആയിടക്കാണ് വന്‍തകര്‍ച്ചയിലായത്.

ദൈവവിശ്വാസിയായ കാര്‍വര്‍ അതിന്റെ കാരണം കണ്ടെത്തി. ആവര്‍ത്തിച്ചുള്ള പരുത്തികൃഷി മൂലം മണ്ണില്‍ ലവണങ്ങള്‍ കുറഞ്ഞിരിക്കുന്നു. പരിഹാരമായി ഭൂമിയില്‍ നൈട്രജന്റെ അളവ് കൂട്ടുന്നതിനായി നിലക്കടലയും മധുരക്കിഴങ്ങും കൃഷി ചെയ്യാന്‍ അദ്ദേഹം കര്‍ഷകരോട് നിര്‍ദ്ദേശിച്ചു. ആ തീരുമാനം വിജയിച്ചു. പ്രതീക്ഷിച്ചതിലധികം വിളവ് കര്‍ഷകര്‍ക്ക് ലഭിച്ചു. അപ്പോഴാണ് പുതിയ പ്രതിസന്ധി കടന്നുവന്നത്. നിലക്കടലയ്ക്ക് വിപണിയില്ല. വാങ്ങിക്കാന്‍ ആളില്ലാതെ ചാക്കുകണക്കിന് നിലക്കടല കൃഷിയിടങ്ങളില്‍ കെട്ടിക്കിടന്നു.

നിലക്കടല കൃഷി ചെയ്യാന്‍ ഉപദേശിച്ച ജോര്‍ജ് കാര്‍വറെ എല്ലാവരും അധിക്ഷേപിച്ചു. ഇതിലും മെച്ചം പരുത്തിയായിരുന്നു എന്നവര്‍ പഴിപറഞ്ഞു. കടുത്ത മാനസികവ്യഥയില്‍ അകപ്പെട്ട കാര്‍വര്‍ പ്രാര്‍ത്ഥിക്കാനായി ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങി. “ദൈവമേ, അങ്ങയുടെ നിര്‍ദ്ദേശപ്രകാരമാണ് നിലക്കടല കൃഷി ചെയ്യാന്‍ ഞാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്. ഇപ്പോള്‍ അവര്‍ എന്നെയും അങ്ങയെയും അധിക്ഷേപിക്കുന്നു. അങ്ങയുടെ ആത്മാവിനെ അയച്ച് ഈ പ്രതിസന്ധിയില്‍ നിന്നും എന്നെ കരകയറ്റണമേ.”

പ്രാര്‍ത്ഥനയ്ക്കു ശേഷം അദ്ദേഹം പരീക്ഷണശാലയിലെത്തി. നിലക്കടല ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന പരീക്ഷണത്തില്‍ ഏര്‍പ്പെട്ടു. ആ അഗ്‌നിപരീക്ഷകള്‍ വന്‍ വിജയം കണ്ടു. 105-ല്‍ പരം നിലക്കടല വിഭവങ്ങള്‍ അദ്ദേഹത്തിന്റെ പരീക്ഷണശാലയില്‍ നിന്നും പുറത്തുവന്നു. ഇന്ന് നാം ഉപയോഗിക്കുന്ന പീനട്ട് ബട്ടര്‍, കടല മിഠായി, കടലെണ്ണ തുടങ്ങിയവയെല്ലാം കാര്‍വറിന്റെ കണ്ടുപിടുത്തങ്ങളാണ്. ആധുനിക കാര്‍ഷികമേഖലയുടെ പിതാവായാണ് അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്.

എന്തായിരുന്നു കാര്‍വറിന്റെ ജീവിതത്തിലെ വിജയരഹസ്യം? കടുത്ത പ്രതിസന്ധിഘട്ടങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസം അദ്ദേഹം കൈവിട്ടില്ല. “ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും” (യോഹ. 12:24) എന്ന വചനം അദ്ദേഹത്തില്‍ പൂര്‍ത്തിയായി.

മറ്റുള്ളവരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും ഏറ്റിട്ടും അവയെല്ലാം ദൈവഹിതമായ് കണ്ട്, ദൈവത്തോട് കൂടിയാലോചന നടത്തി, നിന്ദാപമാനങ്ങള്‍ ഏറ്റെടുത്തപ്പോഴാണ് ജോര്‍ജ് കാര്‍വര്‍ എന്ന ശാസ്ത്രജ്ഞനെ ദൈവം ഉയര്‍ത്തിയത്. ജീവിതസഹനങ്ങളിലും പ്രതിസന്ധികളിലും ഗോതമ്പുമണി പോലെ നിലത്തു വീഴാനും അഴുകാനും അനുവദിച്ചാല്‍ മാത്രമേ മുളപൊട്ടി വളരാനും വിളവു നല്‍കാനും കഴിയൂ എന്ന സത്യം നമുക്ക് മറക്കാതിരിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.