തകർച്ചകളിലേക്ക് നോക്കിയിരിക്കരുത്

ജിന്‍സി സന്തോഷ്‌

സഹനത്തിന്റെ മൂർദ്ധന്യതയിൽ ചർമ്മമെല്ലാം അഴുകിപ്പോയിട്ടും അവശേഷിച്ച മാംസത്തിൽ നിന്നും ജോബ് ദൈവത്തെ സ്തുതിച്ചു. പുഴുവരിക്കുന്ന തന്റെ ശരീരത്തിലേക്കു നോക്കിയിരിക്കാതെ സൃഷ്ടാവിലേക്കു നോക്കി അവൻ സ്തുതികളുയർത്തി. “അവിടുത്തോട് വിട്ടകലാതെ ചേർന്നുനിൽക്കുക. നിന്റെ അന്ത്യദിനങ്ങൾ ധന്യമായിരിക്കും” (പ്രഭാ. 2:3).

ഇളകിമറിയുന്ന കടൽ മുമ്പിൽ, പിന്നിൽ ആക്രമിക്കാനെത്തിയ സൈന്യം. പക്ഷേ മോശ പ്രതികൂലങ്ങളിലേക്കു നോക്കാതെ ദൈവത്തിലേക്ക് നോക്കി ഇളകാത്ത മനസ്സോടെ ജനത്തോടു പറഞ്ഞു: “കർത്താവ് നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്തുകൊള്ളും. നിങ്ങൾ ശാന്തരായിരുന്നാൽ മതി” (പുറ. 14:14). പതിനായിരങ്ങൾ ആക്രമിക്കാൻ വന്നാലും ആയിരങ്ങൾ ചുറ്റും നിന്ന് പരിഹസിച്ചാലും കുറ്റപ്പെടുത്തിയാലും ദൈവത്തിലേക്കു നോക്കുന്നവൻ പതറില്ല. പ്രിയപ്പെട്ടവർ ഒറ്റപ്പെടുത്തുമ്പോഴും ദൈവമുഖത്തേക്കു നോക്കുന്നവൻ ലജ്ജിതനാവുകയോ അസ്വസ്ഥതപ്പെടുകയോ ഇല്ല.

ജീവിതത്തിലെ വീഴ്ച്ചകളും കുറവുകളും രോഗങ്ങളും മൂലം തകർന്ന ജീവിതമാണോ നിന്റേത്? ജീവിതചേറ്റിൽ വീണുഴലുമ്പോഴും അശുദ്ധിയുടെ ഉഴവുചാലിൽ കാലിടറുമ്പോഴും നിരാശനാകാതെ അനുതാപത്തോടെ ദൈവതിരുമുഖത്തേക്കു നോക്കി സ്തുതികളുയർത്തുക. “അവിടുത്തെ നോക്കിയവർ പ്രകാശിതരായി. അവർ ലജ്ജിതരാവുകയില്ല” (സങ്കീ. 34:5). വിശുദ്ധരെല്ലാം വിശുദ്ധരായത്, ഭൂമിയിൽ പദമൂന്നിയപ്പോഴും സദാ ദൈവത്തിൽ ഹൃദയമുറപ്പിച്ചതിനാലാണ്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.