നമ്പര്‍ പച്ചകുത്തിയ സ്ത്രീ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

2021 മെയ് 26 ബുധനാഴ്ച. വത്തിക്കാനിലെ ജനറല്‍ പൊതുദര്‍ശനത്തിനു ശേഷം ജനങ്ങള്‍ക്കിടയിലൂടെ നടക്കുകയാണ് ഫ്രാന്‍സിസ് പാപ്പ. എണ്‍പതു വയസുകാരി ലിദിയ മാക്‌സിമോവിസ് (Lidia Maskymowicz) എന്ന സ്ത്രീയെ പാപ്പ ആ തിരക്കിനിടയിലും പരിചയപ്പെട്ടു. ആ സ്ത്രീ തന്റെ ഇടതുകരത്തില്‍ പച്ചകുത്തിയിരിക്കുന്ന 70072 എന്ന നമ്പര്‍ പാപ്പയെ കാണിച്ചു. അവരുടെ കരം പിടിച്ച് പച്ചകുത്തിയ ഭാഗത്ത് പാപ്പ ചുംബിച്ചു. പിന്നീട് ആലിംഗനത്തിനു ശേഷം നെറുകയില്‍ കരം വച്ച് അനുഗ്രഹിച്ചു.

ആ നിമിഷത്തെക്കുറിച്ച് ലിദിയയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: “ഞങ്ങള്‍ തമ്മില്‍ അധികം സംസാരിച്ചില്ല. എന്റെ കൈയിലെ ആ നമ്പര്‍ കണ്ടതേ പാപ്പയ്ക്ക് കാര്യം മനസിലായി. അദ്ദേഹം എന്റെ കരം ചുംബിച്ച് അനുഗ്രഹിച്ചു. എന്റെ മിഴികള്‍ നിറഞ്ഞിരുന്നു.”

ഇത് വായിക്കുന്ന നിങ്ങളും ആ നമ്പറിന്റെ പൊരുള്‍ തേടുകയായിരിക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിറ്റ്‌ലറുടെ നാസി തടങ്കല്‍പാളയത്തിലെ അംഗമായിരുന്നു ലിദിയ. അന്ന് അവര്‍ക്ക് മൂന്നു വയസ്. ആ ക്യാമ്പില്‍ പ്രവേശിക്കുന്നവര്‍ക്ക് പേരുകളില്ല. നമ്പര്‍ മാത്രം. പച്ചകുത്തപ്പെട്ട നൊമ്പരത്തിന്റെ ആ ഓര്‍മ്മയിലാണ് ഫ്രാന്‍സിസ് പാപ്പ ചുംബിച്ചത്.

ഓഷ്വിറ്റ്‌സിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് ഞാനും സന്ദര്‍ശിച്ചിട്ടുണ്ട്. മനുഷ്യന് സഹജീവികളോട് ഇത്രമാത്രം ക്രൂരത കാണിക്കാന്‍ എങ്ങനെ കഴിയും എന്ന ചിന്തയായിരുന്നു മനം നിറയെ. ഓഷ്വിറ്റ്‌സ് എന്നു കേള്‍ക്കുന്നതേ ഏവരുടെയും മനസില്‍ വരിക ഹിറ്റ്‌ലര്‍ ആയിരിക്കും. ഓര്‍ക്കേണ്ട മറ്റൊരു വ്യക്തി കൂടിയുണ്ട്, ‘മരണത്തിന്റെ മാലാഖ’ എന്നറിയപ്പെട്ടിരുന്ന ജോസഫ് മെന്‍ഗളെ എന്ന ശാസ്ത്രജ്ഞന്‍. അദ്ദേഹമായിരുന്നു തടവുകാരില്‍ മരുന്നുകള്‍ പരീക്ഷിച്ചിരുന്നത്.

ഇരട്ടക്കുട്ടികളില്‍ ഒരേ സമയം വിഷം കുത്തിവച്ച് അവര്‍ ഒരുമിച്ച് മരിക്കുമോ എന്ന ക്രൂരപരീക്ഷണം പോലും അയാള്‍ നടത്തിയിട്ടുണ്ട്. ഇന്ന് ഇവ ഓര്‍ക്കാന്‍ കാരണം ആ സുവിശേഷഭാഗമാണ്. മുന്തിരിത്തോട്ടത്തിന്റെ അവകാശം സ്വന്തമാക്കാന്‍ ഭൃത്യന്മാരെയും യജമാനന്റെ ഏകമകനെയും കൊന്ന കൃഷിക്കാരുടെ ഉപമ (Ref: മര്‍ക്കോ. 12:1-12). അക്രമത്തിലൂടെ ഒന്നും സ്വന്തമാക്കാന്‍ കഴിയാതെ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയ കൃഷിക്കാരെയാണ് ഉപമയുടെ അവസാനത്തില്‍ നമ്മള്‍ കാണുക.

ഒരു പ്രത്യേക ആശയത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് മനുഷ്യരെ വധിച്ച ഹിറ്റ്‌ലറിന് മനുഷ്യമനസുകളില്‍ ക്രൂരതയുടെ പര്യായമായി മാറാനേ കഴിഞ്ഞുള്ളൂ. തിന്മയുടെ വിജയം താല്‍ക്കാലികമാണ്. അത് നല്‍കുന്ന സന്തോഷമാകട്ടെ നൈമിഷികവും. തിരുവചനം ഓര്‍മ്മിപ്പിക്കുന്ന ഈ ലഘുചിന്തയിലേക്ക് നമ്മുടെ ഹൃദയങ്ങള്‍ ചേര്‍ന്നുനില്‍ക്കട്ടെ!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.