നിശബ്ദതയുടെ സൗന്ദര്യം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

സന്യാസ ജീവിതത്തിന്റെ പതിനഞ്ചാം വർഷത്തിലാണ് ആ സഹോദരന് തന്റെ തെരഞ്ഞെടുപ്പ് ശരിയല്ല എന്നു തോന്നുന്നത്. ആഗ്രഹമില്ലാത്ത സ്ഥലത്തേക്കു പോകാൻ അധികാരികൾ ആവശ്യപ്പെട്ടതായിരുന്നു കാരണം. തന്റെ അതൃപ്തി പലരോടും പറഞ്ഞെങ്കിലും ഫലം കണ്ടില്ല. അവസാനം സന്യാസം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തി. തിരിച്ചു ചെന്നാൽ വീട്ടുകാർ എന്തു പറയും, ഭാവി എന്താകും എന്നുള്ള ചിന്തകൾ അപ്പോഴും അയാളെ അലട്ടിക്കൊണ്ടിരുന്നു. മനസിലെ സംഘർഷാവസ്ഥകളുമായി അദ്ദേഹം ഗുരുവിനടുത്തെത്തി.

“ഇഷ്ടമുള്ള സ്ഥലത്തേക്കു മാത്രമേ പോവുകയുള്ളു എന്ന് പറഞ്ഞിട്ടല്ലല്ലോ വർഷങ്ങൾക്കു മുമ്പ് വ്രതമെടുത്തത്?” അച്ചൻ ചോദിച്ചു.

“എനിക്കൊട്ടും പരിചയമില്ലാത്ത ഈ മേഖലയിൽ ഞാൻ എങ്ങനെ ശോഭിക്കും? ഓർക്കുമ്പോൾ പേടിയാകുന്നു” – അയാൾ പറഞ്ഞു.

“നമ്മുടെ ശക്തിയിലും കഴിവിലുമല്ല ദൈവത്തിലാണ് ആശ്രയിക്കേണ്ടത്. ദൈവം കൂടെയുണ്ടെങ്കിൽ പിന്നെ സഹോദരൻ എന്തിന് ഭയപ്പെടണം? ചെയ്തു നോക്കുന്നതിനു മുമ്പേ ഒരു കാര്യവും പറ്റില്ലെന്നു പറയരുത്. അധികാരികൾ ചിലപ്പോൾ നിങ്ങളിൽ അങ്ങനെ ഒരു കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞു കാണും. ഏറ്റെടുത്ത സന്യാസം നിസാര കാര്യത്തിനു വേണ്ടി വലിച്ചെറിയാൻ എളുപ്പമാണ്. എന്നാൽ അതുകൊണ്ട് ജീവിതത്തിൽ ശാന്തിയും സമാധാനവും ലഭിക്കുമെന്ന് കരുതരുത്. നിങ്ങൾ ഒരു കാര്യം ചെയ്യൂ, രണ്ടാഴ്ചയോളം ഒരു ധ്യാനത്തിൽ പങ്കെടുക്കുക. ആരോടും സംസാരിക്കരുത്; ഫോണും ഉപയോഗിക്കരുത്. ബൈബിൾ മാത്രം വായിക്കുക. ദൈവം സംസാരിക്കും.”

അച്ചന്റെ നിർദ്ദേശപ്രകാരം ആ സഹോദരൻ രണ്ടാഴ്ചക്കാലത്തോളം നിശബ്ദ പ്രാർത്ഥനക്കായി ചിലവഴിച്ചു. തുടർന്ന് വീണ്ടും അച്ചനടുത്തെത്തി.

“അച്ചാ, ഞാൻ സന്യാസം ഉപേക്ഷിക്കുന്നില്ല. ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടു  പോകാൻ തീരുമാനിച്ചു. പ്രാർത്ഥിക്കണം.”

അച്ചൻ അയാളെ ആശീർവ്വദിച്ച് പറഞ്ഞയച്ചു. അപ്രതീക്ഷിത പ്രതിസന്ധികൾ മല പോലെ ഉയരുമ്പോൾ തെരഞ്ഞെടുത്ത ജീവിതാന്തസും ഉദ്യോഗവും  സൗഹൃദങ്ങളുമെല്ലാം ഉപേക്ഷിക്കണമെന്ന് ഏതൊരു വ്യക്തിക്കും തോന്നിയേക്കാം. അങ്ങനെയുള്ള അവസരങ്ങളിൽ നാം നമ്മുടെ കഴിവിൽ മാത്രം ആശ്രയിച്ച്  ദൈവത്തെ മറക്കും. ഏതൊരു പ്രതിസന്ധിയും ദൈവത്തിന് ഇടപെടാനുള്ള സാഹചര്യമായി കണക്കാക്കണം. അത് തിരിച്ചറിയണമെങ്കിൽ മൗനവും ധ്യാനവും വചനവായനയുമെല്ലാം അനിവാര്യമാണ്.

വൃദ്ധനായ സക്കറിയായും അങ്ങനെയൊരു പ്രതിസന്ധിയിലൂടെയാണ് അന്ന് കടന്നുപോയത്. പ്രായമേറിയ തന്റെ ഭാര്യ ഗർഭം ധരിക്കുമെന്ന് വിശ്വാസിക്കാൻ ബലിപീഠത്തിൽ ശുശ്രൂഷ ചെയ്യുന്ന വ്യക്തിയായിരുന്നിട്ടു കൂടി അദ്ദേഹത്തിന് കഴിഞ്ഞില്ല. വിശ്വാസത്തിൽ നിന്നും വ്യതിചലിക്കുന്ന പുരോഹിതൻ  വിശ്വാസത്തിലേക്ക് തിരിച്ചുവരുന്നതു വരെ ആരോടും സംസാരിക്കരുതെന്നായിരുന്നു ദൈവനിശ്ചയം. അതുകൊണ്ടാകാം അയാൾ ഊമനായത്. എന്നാൽ ആ ശിക്ഷ പിന്നീട് അനുഗ്രഹമായി. ദൈവഹിതം അദ്ദേഹം തിരിച്ചറിഞ്ഞു. കുഞ്ഞിന് യോഹന്നാൻ എന്ന് പേരിട്ടു.

“അതിനു ശേഷം പരിശുദ്ധാത്മാവിനാല് നിറഞ്ഞ് അയാൾ പ്രവചിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്ത്താവ്‌ വാഴ്‌ത്തപ്പെട്ടവന്. അവിടുന്ന്‌ തന്റെ ജനത്തെ സന്ദര്ശിച്ചു രക്ഷിച്ചു; തന്റെ ദാസനായ ദാവീദിന്റെ ഭവനത്തില് നമുക്ക്‌ ശക്തനായ ഒരു രക്ഷകനെ ഉയര്ത്തി” (ലൂക്കാ 1: 67-69).

ചില അവസരങ്ങളിൽ തിരക്കുകൾ ഒഴിവാക്കി നിശബ്ദതയിലേക്ക് ഉൾവലിയുന്നതാണ് നല്ലത്. നിശബ്ദതയിൽ ദൈവവചനം വായിക്കാനും ധ്യാനിക്കാനും ശീലിച്ചു കഴിഞ്ഞാൽ യഥാർത്ഥ ദൈവസ്വരവും ദൈവഹിതവും തിരിച്ചറിയാൻ നമുക്ക് കഴിയും, ഉറപ്പ്.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.