വിശുദ്ധ കുര്‍ബാനയിലൂടെ ഭാഷ പഠിച്ച ബാലന്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഏഴാം ക്ലാസില്‍ എത്തിയിട്ടും മലയാളം വായിക്കാനറിയാത്ത മകനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞാണ് ആശ്രമത്തിനടുത്തുള്ള ഒരു കുടുംബം വന്നത്.

“ഇവന്റെ ആദ്യകുര്‍ബാന കഴിഞ്ഞതല്ലേ, നമുക്കിവനെ അള്‍ത്താര ശുശ്രൂഷി ആക്കിയാലോ?” ഞാന്‍ ചോദിച്ചു.

“അച്ചാ, മലയാളം വായിക്കാനറിയാത്ത ഇവന്‍ എങ്ങനെയാണ് അള്‍ത്താര ബാലനാകുന്നത്?” അതായിരുന്നു അവരുടെ മറുപടി.

“നിങ്ങള്‍ക്കവനെ എന്നും പള്ളിയില്‍ വിടാമോ, ബാക്കി ഞാനേറ്റു.”

പിറ്റേന്നു മുതല്‍ അവന്‍ പള്ളിയില്‍ വരാന്‍ തുടങ്ങി. ഞാന്‍ അവനെ അള്‍ത്താര ബാലനാക്കി. ‘നമുക്ക് പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടു കൂടെ…’ എന്ന പ്രാര്‍ത്ഥന മാത്രം ചൊല്ലിയാല്‍ മതിയെന്നായിരുന്നു ആദ്യം അവനോട് പറഞ്ഞത്. മറ്റു പ്രാര്‍ത്ഥനകള്‍ കൂടെയുള്ളവര്‍ ചൊല്ലിപ്പോന്നു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാറോസൂസ പ്രാര്‍ത്ഥനയിലെ ഒരു പ്രാര്‍ത്ഥന അവന്‍ തെറ്റില്ലാതെ ചൊല്ലി. പതിയെ മറ്റു പ്രാര്‍ത്ഥനകളും. ഒരു ദിവസം മറ്റ് ശുശ്രൂഷികള്‍ വരാതിരുന്നപ്പോള്‍ അവന്‍ തനിച്ചാണ് അള്‍ത്താര ശുശ്രൂഷ നിര്‍വഹിച്ചത്. അന്ന് ഞാന്‍ കര്‍ത്താവിന് നന്ദി പറഞ്ഞു.

പിന്നീടൊരിക്കല്‍ അവന്റെ അപ്പന്‍ ഇങ്ങനെ പറഞ്ഞു: “എന്റെ മകന്‍ മലയാളം വായിക്കാന്‍ പഠിച്ചത് ശരിക്കും ഒരു അത്ഭുതമാണ്!”

ഒരുവന്‍ സ്വന്തം കഴിവുകളില്‍ ആശ്രയിക്കുമ്പോള്‍ അവന് ദൈവാശ്രയവും ദൈവവിശ്വാസവും കുറയും എന്നതാണ് യാഥാര്‍ത്ഥ്യം. അതു തന്നെയാണ് അന്ന് ശിഷ്യര്‍ക്കും സംഭവിച്ചത്. ഒരു അപസ്മാര രോഗിയെ അവര്‍ക്കരികിലേക്ക് കൊണ്ടുവന്നപ്പോള്‍ അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കായില്ല. എന്നാല്‍ ക്രിസ്തുവിനരികെ അവനെ എത്തിച്ചപ്പോള്‍ ഒരു ശാസന കൊണ്ട് ക്രിസ്തു അവനെ സുഖപ്പെടുത്തുന്നു.

എന്തുകൊണ്ട് ഞങ്ങള്‍ക്കിത് സാധിച്ചില്ല എന്നായിരുന്നു ശിഷ്യരുടെ ചോദ്യം. ക്രിസ്തു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: “നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും” (മത്തായി 17:20).

അല്പവിശ്വാസത്തില്‍ നിന്ന് ദൈവവിശ്വാസത്തിലേക്ക് വളരാനായില്ലെങ്കില്‍ നമ്മള്‍ ഇപ്പോഴും നമ്മുടെ കഴിവിലും മികവിലും മാത്രമായിരിക്കും ആശ്രയിക്കുക. അങ്ങനെയുള്ളവരുടെ ജീവിതത്തില്‍ ദൈവത്തിനെങ്ങനെയാണ് ഇടപെടാന്‍ കഴിയുക?

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.