കോളിളക്കങ്ങള്‍ക്കു നടുവില്‍

പതിവില്ലാതെ ഒരു കുടുംബം ഏറെ സമയം ദൈവാലയത്തില്‍ ചിലവഴിക്കുന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. ഇതിനു മുമ്പ് അവരെ ഇവിടെ കണ്ടിട്ടുമില്ല.

പ്രാര്‍ത്ഥന കഴിഞ്ഞ് പോകാനിറങ്ങിയപ്പോള്‍ അവരെന്റെയടുത്ത് വന്നു. ‘ഞങ്ങള്‍ക്കച്ചനെ അറിയം. അച്ചന് ഞങ്ങളെ അറിയില്ലായിരിക്കും അല്ലെ?’

‘നിങ്ങളെ ഇതിനു മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ?’

എവിടെ നിന്നാണ് വന്നതെന്ന് പറഞ്ഞ ശേഷം അവര്‍ തുടര്‍ന്നു: ‘ഈയടുത്ത് ഞങ്ങളുടെ മകള്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. രോഗവിവരം വൈകിയാണറിഞ്ഞത്.
കുറേയേറെ ചികിത്സിച്ചെങ്കിലും ഞങ്ങള്‍ക്കവളെ നഷ്ടമായി. രാപ്പകലില്ലാതെ അവളുടെ ഓര്‍മ ഞങ്ങളെ വേട്ടയാടുന്നു. ആളുകള്‍ പലരും ആശ്വസിപ്പിക്കാന്‍ വീട്ടില്‍ വരുന്നുണ്ടെങ്കിലും അവയൊന്നും ഞങ്ങള്‍ക്ക് ആശ്വാസം പകരുന്നില്ല.

ഞങ്ങള്‍ക്കൊരു ആധ്യാത്മിക ഗുരുവുണ്ട്. അച്ചനാണ് ഞങ്ങളോട് ഈ ദൈവാലയത്തില്‍ വന്ന് കുറച്ചു സമയം പ്രാര്‍ത്ഥിക്കാനായ് പറഞ്ഞത്. പ്രാര്‍ത്ഥിച്ച് കഴിഞ്ഞപ്പോള്‍ വലിയ ആശ്വാസം. ഞങ്ങള്‍ ഇനിയും വരും. ദൈവത്തിനു മാത്രമേ ഞങ്ങളെ ആശ്വസിപ്പിക്കാനാകൂ എന്ന് ഞങ്ങളിപ്പോള്‍ തിരിച്ചറിയുന്നു…’

വലിയ ഉള്‍ക്കാഴ്ചയാണ് ആ കുടുംബം പകര്‍ന്നു നല്‍കിയത്. ക്ഷണക്കത്തുമായല്ല ദുരന്തങ്ങള്‍ ജീവിതത്തില്‍ കടന്നുവരിക. വിചാരിക്കാത്ത സമയത്തും അപ്രതീക്ഷിതമായ രീതിയിലുമായിരിക്കും ജീവിതത്തെ തകര്‍ത്തുകൊണ്ട് ദുഃഖത്തിന്റെ പേമാരി പെയ്തിറങ്ങുക. അപ്പോഴെല്ലാം നമ്മള്‍ ആശ്വാസത്തിനായ് തിരിയേണ്ടത് ദൈവത്തിലേക്കാണ്.

ക്രിസ്തുവിനോടൊപ്പം വഞ്ചിയില്‍ യാത്ര ചെയ്ത ശിഷ്യരുടെ അനുഭവം സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ? ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് വള്ളത്തില്‍ ക്രിസ്തു ഉണ്ടായിട്ടുപോലും കാറ്റും കോളും ഉയര്‍ന്നത്.

ഭയവിഹ്വലരായ ശിഷ്യര്‍ ക്രിസ്തുവിലേക്കാണ് തിരിയുന്നത്. അവനെ വിളിച്ചുണര്‍ത്തി. അവന്‍ ഉണര്‍ന്ന് ആജ്ഞാപിച്ചപ്പോള്‍ കടല്‍ശാന്തമായി. ഒപ്പം ശിഷ്യരുടെ ഹൃദയങ്ങളും (ഞലള ലൂക്ക 8: 22-25 ).

ഇത് വായിക്കുന്ന നിങ്ങളും ഒരു പക്ഷേ അപ്രതീക്ഷിതമായ ദുരന്തമോ, പ്രതിസന്ധിയോ അഭിമുഖീകരിക്കുന്നവരാണെങ്കില്‍ കര്‍ത്താവിലേക്ക് തിരിയാന്‍ ഒട്ടും ശങ്കിക്കരുത്. അവിടുന്നിന് മാത്രമേ നമ്മെ ആശ്വസിപ്പിക്കാനാകൂ എന്ന സത്യം ഹൃദയത്തില്‍ മായാതെ സൂക്ഷിക്കാം.

ഫാദര്‍ ജെന്‍സണ്‍ ലാസലെറ്റ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.