മഹാമാരിയുടെ പശ്ചാത്തലത്തില്‍ സഭാസ്ഥാപനങ്ങളുടെ ഭാവി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വത്തിക്കാന്‍ പങ്കുവയ്ക്കുന്ന ചിന്തകള്‍

ഭൂമി, യഥാര്‍ത്ഥമായ സാഹോദര്യത്തിന്റെ ആവാസഗേഹമാക്കുവാനുള്ള രൂപീകരണമാണ് വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് നല്‍കേണ്ടതെന്ന്, വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജുസേപ്പെ വേഴ്‌സാള്‍ദി പ്രസ്താവിച്ചു. സെപ്റ്റംബര്‍ 9-ന് പ്രസിദ്ധപ്പെടുത്തിയ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള കത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും അദ്ധ്യാപകരുടെയും തുടര്‍രൂപീകരണത്തെക്കുറിച്ചു പ്രതിപാദിക്കവെയാണ് കര്‍ദ്ദിനാള്‍ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.

വിദ്യാഭ്യാസപ്രവര്‍ത്തകരുടെ രൂപീകരണം

വൈറസിന്റെ വ്യാപനവും അത് കാരണമാക്കിയ മരണതാണ്ഡവവും ഭീതിയും അദ്ധ്യാപകരിലും വിദ്യാഭ്യാസപ്രവര്‍ത്തകരിലും വ്യാപകമായ അനിശ്ചിതത്വം ഉണര്‍ത്തിയിട്ടുണ്ട്. അവരുടെ അമൂല്യമായ സേവനം സാമൂഹികവും സാങ്കേതികവുമായ കാഴ്ചപ്പാടില്‍ ഇന്ന് ഏറെ പരിവര്‍ത്തനവിധേയമാകുന്നുണ്ടെങ്കിലും കാലികമായ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ അവര്‍ക്കായി തുടര്‍ച്ചയായ രൂപീകരണപരിപാടികള്‍ ഒരുക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് – കര്‍ദ്ദിനാള്‍ അനുസ്മരിപ്പിച്ചു.

കുട്ടായ്മയുടെ സംസ്‌കാരം വളര്‍ത്താം

കാരണം വിശ്വാസവും സംസ്‌കാരവും ജീവനും തമ്മിലുള്ള പൊരുത്തത്തിലാണ് വിദ്യാഭ്യാസദൗത്യവും അറിവിന്റെ വെളിച്ചവും ശരിയാംവണ്ണം പകര്‍ന്നുകൊടുക്കേണ്ടത്. അങ്ങനെ വൈവിധ്യമാര്‍ന്ന ഉത്തരവാദിത്വങ്ങള്‍ പേറുന്ന ഒരു ഗുരുനാഥനും വിദ്യാഭ്യാസപ്രവര്‍ത്തകനും തന്റെ അര്‍പ്പണം വര്‍ദ്ധിപ്പിച്ച് അല്ലെങ്കില്‍ മെച്ചപ്പെടുത്തി ക്രിയാത്മകതയോടെ കുട്ടികള്‍ക്ക് ഫലപ്രദമായി പങ്കുവയ്ക്കുന്ന വിധത്തില്‍ നിര്‍വ്വഹിക്കുവാന്‍ പശ്ചാത്തലം ഒരുക്കേണ്ടത് കത്തോലിക്കാസ്ഥാപനങ്ങളുടെ കടമയാണെന്ന് വത്തിക്കാന്‍, കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ തലമുറകളും വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലുംപെട്ടവര്‍ തമ്മിലും സാഹോദര്യകൂട്ടായ്മ വളര്‍ത്തുവാന്‍ തക്കവിധം പരസ്പരം ഇടപഴകുവാനുമുള്ള കഴിവ് അദ്ധ്യാപകരിലും അതുപോലെ കുട്ടികളിലും വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യാമാണെന്ന് കര്‍ദ്ദിനാള്‍ വേഴ്‌സാള്‍ദി അനുസ്മരിപ്പിച്ചു.

വ്യക്തികേന്ദ്രീകൃത പ്രവര്‍ത്തനം

മാധ്യമവത്കൃതമായ ബോധനരീതി ശക്തമായി വരുന്ന ഇക്കാലത്ത് അദ്ധ്യാപകരും കുട്ടികളുമായുള്ള ഇടപെടലില്‍ ഒരിക്കലും യഥാര്‍ത്ഥത്തിലുള്ള വ്യക്തിബന്ധങ്ങള്‍ സംഭവിക്കുന്നില്ല. അതുപോലെ മാധ്യമമാര്‍ഗ്ഗേണയുള്ള വിദ്യാഭ്യാസത്തില്‍ ഒരിക്കലും ഒരു സമൂഹവും അതുവഴി രൂപീകൃതമാവുകയുമില്ല. അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള യഥാര്‍ത്ഥമായ ഇടപഴകലും സംവാദവും വിദ്യാഭ്യാസജീവിതത്തിന്റെ ആത്മാവാണ്. അങ്ങനെയുള്ള ഒരു ബന്ധം ലംബതലത്തില്‍ ദൈവവുമായും പാര്‍ശ്വതലത്തില്‍ സഹോദരങ്ങളുമായും എന്നും നിലനില്‍ക്കേണ്ടതുമാണെന്ന് കത്ത് ആഹ്വാനം ചെയ്യുന്നു.

തനിമയാര്‍ന്ന ക്രിസ്തീയ മാനവികത

ക്രിസ്തീയ മാനവികതയില്‍ (christian anthropology), അതിനാല്‍ നമുക്കു പറയാം എല്ലാം പരസ്പരം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്നത്തെ നവമായ സാങ്കേതികത ലഭ്യമാക്കുന്ന പുതിയ ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും സഹായത്താല്‍ നവമായ പരിശീലനപദ്ധതികള്‍ തുടങ്ങിക്കൊണ്ട് അങ്ങനെ ഒരുമിച്ചുവളരുവാന്‍ പരിശ്രമിക്കാം. എന്നാല്‍ സകലത്തിലും ഉപരിയായി ഈ സംവിധാനങ്ങള്‍ വഴി അപരനെ കൂടുതല്‍ കേള്‍ക്കുവാനും മനസ്സിലാക്കുവാനും പിന്തുണയ്ക്കുവാനും സാധിക്കുന്ന ഒരു അവസ്ഥയാണ് നാം വികസിപ്പിച്ചെടുക്കേണ്ടത്. പൊതുവായ ചിന്താധാരകള്‍, വ്യക്തിഗത അനുഭവങ്ങള്‍, ജീവിതകഥകള്‍, നവമായ പദ്ധതികള്‍, ചരിത്രപഠനം, പഴമയുടെ നാട്ടറിവുകള്‍ എന്നിവ നവമായ രീതികളിലൂടെ പങ്കുവയ്ക്കപ്പെടേണ്ടതാണ്.

ഭൂമിയില്‍ വളരേണ്ട കൂട്ടായ്മയുടെ യുക്തി

അതുപോലെ, വ്യക്തിബന്ധങ്ങളുടെ ഈ രൂപീകരണപദ്ധതിയില്‍ നമ്മുടെ പൊതുഭവനമായ ഭൂമിയില്‍ ഒരു കൂട്ടായ്മയുടെ സംസ്‌കാരം വളര്‍ത്തുവാനുള്ള കാര്യങ്ങള്‍ക്കാണ് നാം കളമൊരുക്കുകയും ഒരുങ്ങുകയും ചെയ്യേണ്ടത്. നമ്മോടൊപ്പം ഈ ആവാസഗേഹത്തില്‍ ജീവിക്കുന്ന സകല ജീവിജാലങ്ങള്‍ക്കും നാം ഇടവും മൂല്യവും നല്‍കേണ്ടതാണ്. കാരണം, അവയും നമ്മെപ്പോലെ തന്നെ സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സൃഷ്ടപ്രപഞ്ചത്തില്‍ പ്രശാന്തമായൊരു ജീവിതപരിസരം നിലനില്‍ക്കേണ്ട ഒരു കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും യുക്തിയിലാണ്. അതിനാല്‍ നമ്മുടെ ഭൂമി യഥാര്‍ത്ഥമായ സാഹോദര്യത്തിന്റെ ആവാസസ്ഥാനമാക്കുവാനുള്ള രൂപീകരണമാണ് വിദ്യാഭ്യാസത്തിലൂടെ കത്തോലിക്കാ സ്ഥാപനങ്ങള്‍ ലക്ഷ്യംവയ്‌ക്കേണ്ടതെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ വേഴ്‌സാള്‍ദി ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.